Enter your Email Address to subscribe to our newsletters

New delhi, 09 മാര്‍ച്ച് (H.S.)
ഡല്‍ഹി മദ്യനയ അഴിമതി കേസില് സിബിഐക്ക് ആശ്വാസ നടപടിയുമായി ഡല്‍ഹി ഹൈക്കോടതി . കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്ന വിചാരണ കോടതിയുടെ നിരീക്ഷണങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളള്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
കൂടാതെ ഹൈക്കോടതി വിധി വരുന്നത് വരെ ഇഡി കേസിലെ നടപടികള്‍ നിര്‍ത്തി വയ്ക്കാനും ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മ ഉത്തരവിട്ടു. അടുത്ത വാദം മാര്‍ച്ച് 16 നാണ്. ഡല്‍ഹി എക്‌സൈസ് കേസില്‍ അരവിന്ദ് കെജ്രിവാളിനെയും മറ്റ് 22 പേരെയും പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേസ് പൂര്‍ണമായും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെജ്രിവാളള്‍ പറഞ്ഞിരുന്നു. പിന്നാലെ പ്രതികളെ കുറ്റവിമുക്തരാക്കിയതില്‍ സിബിഐ അപ്പീല്‍ നല്‍കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അത് ഈ ഘട്ടത്തില്‍ അനാവശ്യമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍പ് 'സൗത്ത് ഗ്രൂപ്പ്' എന്ന പ്രയോഗം കുറ്റപത്രങ്ങളില്‍ ഉപയോഗിച്ചതിന് സിബിഐയെ കോടതി വിമര്‍ശിച്ചിരുന്നു. സിബിഐയുടെ ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് ആവശ്യപ്പെട്ടു. വിചാരണ കൂടാതെ കെജ്രിവാളിനെയും സിസോദിയയെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഫെബ്രുവരി 27നാണ് ഡല്‍ഹി കോടതി മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉള്‍പ്പെടെ 23 പേരെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞത്. കുറ്റപത്രത്തില്‍ നിരവധി പോരായ്മകളുണ്ടെന്നും തെളിവുകളുടെ പിന്‍ബലമില്ലെന്നും പ്രത്യേക ജഡ്ജി ജിതേന്ദ്ര സിങ് നിരീക്ഷിച്ചു. പ്രോസിക്യൂഷന് ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന നിരീക്ഷണത്തിലാണ് മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടത്.
---------------
Hindusthan Samachar / Sreejith S