Enter your Email Address to subscribe to our newsletters

Madhyapradesh, 09 മാര്‍ച്ച് (H.S.)
മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍നിന്ന് ചീറ്രോകള്‍ പലായനം ചെയ്യുന്നതായി കണ്ടെത്തി. രണ്ട് ചീറ്റോകളാണ് ഇത്തരത്തില്‍ രേജസ്ഥാനിലേക്ക് പലായനം ചെയ്തിരിക്കുന്നത്. കെപി-2, കെപി-3 എന്നീ രണ്ട് ചീറ്റകള്‍ രാജസ്ഥാനിലെ ബാരന്‍ ജില്ലയിലേക്ക് കടന്നതായി കണ്ടെത്തി. കെപി-2 ബാരനിലെ മംഗ്രോള്‍ റേഞ്ചിലും കെപി-3 എഴുപത് കിലോമീറ്റര്‍ സഞ്ചരിച്ച് ബാഞ്ച് ആംലി കണ്‍സര്‍വേഷന്‍ റിസര്‍വിലുമാണ് നിലവിലുള്ളത്.
,
പാര്‍വതി നദിക്ക് ഇരുവശത്തുമായി ഏകദേശം ആറ് കിലോമീറ്റര്‍ അകലത്തിലാണ് ഇപ്പോള്‍ ഇവ നിലയുറപ്പിച്ചിരിക്കുന്നത്. ജിപിഎസ്, റേഡിയോ കോളറുകള്‍ എന്നിവയുടെ സഹായത്തോടെ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ ചീറ്റകളെ നിരീക്ഷിച്ചുവരികയാണ്.
ചീറ്റകളുടെ ഈ പലായനം അവയുടെ സ്വാഭാവികമായ സ്വഭാവമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (എന്‍ടിസിഎ) വ്യക്തമാക്കി. ചീറ്റകള്‍ ഇത്തരത്തില്‍ ദീര്‍ഘദൂര സഞ്ചാരം നടത്തുന്നത് സാധാരണമാണെന്നും 'പ്രോജക്ട് ചീറ്റ'യുടെ ആക്ഷന്‍ പ്ലാനില്‍ ഇത് മുന്‍കൂട്ടി കണ്ടിട്ടുള്ളതാണെന്നും അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി മധ്യപ്രദേശും രാജസ്ഥാനും കേന്ദ്രീകരിച്ച് ചീറ്റകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്ന വലിയൊരു ഇടനാഴി വികസിപ്പിക്കാന്‍ എന്‍ടിസിഎ ലക്ഷ്യമിടുന്നുണ്ട്.
മധ്യപ്രദേശിലെ എട്ട് ജില്ലകളെയും രാജസ്ഥാനിലെ ഏഴ് ജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ട് ഏകദേശം 17,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഈ വന്യജീവി ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. മൃഗങ്ങളുടെ സുരക്ഷിതമായ സഞ്ചാരത്തിനും ജനിതക വൈവിധ്യം നിലനിര്‍ത്തുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
1952-ല്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റകളെ തിരികെ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് 'പ്രോജക്ട് ചീറ്റ'. നമീബിയ, ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന എന്നിവിടങ്ങളില്‍നിന്ന് ആഫ്രിക്കന്‍ ചീറ്റകളെ എത്തിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മുമ്പ് ഇന്ത്യയിലുണ്ടായിരുന്നത് ഏഷ്യന്‍ ചീറ്റകള്‍ ആയിരുന്നുവെങ്കിലും, നിലവില്‍ അവ ഇറാനില്‍ മാത്രമാണ് അവശേഷിക്കുന്നത്. 2022 സെപ്റ്റംബറില്‍ പദ്ധതി ആരംഭിച്ചത് മുതല്‍ പലപ്പോഴും ചീറ്റകള്‍ പാര്‍ക്കിന് പുറത്തേക്ക് കടക്കുകയും ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും എത്തുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ മനുഷ്യരുമായുള്ള സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S