Enter your Email Address to subscribe to our newsletters

New delhi, 09 മാര്‍ച്ച് (H.S.)
പാര്‍ലമെന്റിന്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലക്ക് എതിരായി പ്രതിപക്ഷം നല്‍കിയ പ്രമേയമാണ് ആദ്യ ദിവസത്തെ പ്രധാന വിഷയം. സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്സഭ ഇന്ന് തന്നെ ചര്‍ച്ച ചെയ്യും. 118 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട പ്രമേയം ചര്‍ച്ചക്ക് ശേഷം വോട്ടിനിടും.
സ്പീക്കര്‍ ചെയറിലിരിക്കാതെ ഓം ബിര്‍ല ലോക്‌സഭയിലെ നടപടികളില്‍ പങ്കെടുക്കും. പത്ത് മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം പ്രമേയങ്ങള്‍ സാധാരണ ചര്‍ച്ചയിലേക്ക് എത്തിക്കാതെ അനുനയ നീക്കത്തിലൂടെ അവസാനിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ അത് ചര്‍ച്ച ചെയ്യാമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറുകയായിരുന്നു. ഓം ബിര്‍ല ഭരണപക്ഷത്തെ അംഗങ്ങള്‍ക്കൊപ്പം ചെയറിലിരുന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും.
ലോക്സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എല്ലാ എംപിമാര്‍ക്കും കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. പ്രമേയം വിജയിക്കാന്‍ സാധ്യതയില്ല. പ്രമേയം പാസായില്ലെങ്കിലും വിഷയം ചര്‍ച്ചയാക്കാമെന്നാണ് പ്രതിപക്ഷം കരുതുന്നത്. സ്പീക്കര്‍ ഓം ബിര്‍ല പക്ഷപാതപരമായി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. പലതവണ ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥന നടത്തിയെങ്കിലും സ്പീക്കര്‍ ഭരണപക്ഷത്തിന്റെ നാക്കായി പെരുമാറുന്നുവെന്നാണ് പരാതി.
1987 ലാണ് ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ അന്നത്തെ സ്പീക്കര്‍ ബല്‍റാം ജാക്കറിനെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ലോക്സഭ ചര്‍ച്ച ചെയ്തത്. ഭരണപക്ഷ പിന്തുണയില്‍ അന്നും ചര്‍ച്ച വിജയിച്ചില്ല. എന്നാല്‍ സ്പീക്കറുടെ നടപടികളെ തുറന്നുകാട്ടാന്‍ ആ പ്രമേയത്തിലൂടെ സാധിച്ചിരുന്നുവെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം ഇപ്പോഴത്തെ നീക്കം നടത്തിയത്
പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതിലും പ്രതിപക്ഷം പ്രതിഷേധിക്കും. കേന്ദ്രസര്‍ക്കാരിന് എതിരെ കടുത്ത് പ്രതിഷേധത്തിന് തന്നെയാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. അതുകൊണ്ട് തന്നെ ബജറ്റ് സമ്മഏളനം ശബ്ദമുഖരിതമാകും എന്ന് ഉറപ്പാണ്.
---------------
Hindusthan Samachar / Sreejith S