മമ്മൂട്ടിയോട് പരസ്യമായി മാപ്പുചോദിച്ച് മുഖ്യമന്ത്രി; വയനാട് വിവാദം അനാവശ്യം
Thiruvanathapuram, 09 മാര്‍ച്ച് (H.S.) വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവേളയില്‍ നടന്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവദങ്ങളില്‍ നടന്‍ മമ്മൂട്ടിയോട് പരസ്യമായി ക്ഷമാപണം നടത്തി മുഖ്യമന്ത്ര
Pinarayi Vijayan


Thiruvanathapuram, 09 മാര്‍ച്ച് (H.S.)

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവേളയില്‍ നടന്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവദങ്ങളില്‍ നടന്‍ മമ്മൂട്ടിയോട് പരസ്യമായി ക്ഷമാപണം നടത്തി മുഖ്യമന്ത്രി. മനസ്സിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ ഘട്ടത്തില്‍ അദ്ദേഹത്തോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രി ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹികമാധ്യമത്തില്‍ മമ്മൂട്ടി വലിയതോതില്‍ ആക്രമിക്കപ്പെട്ടത് ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും മമ്മൂട്ടി എന്ന മഹാനടനെ സിപിഎമ്മിന്റെ സോഷ്യല്‍മീഡിയ പോരാളികള്‍ക്ക് അറിയില്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന സി.പി.എം. വയനാട് ജില്ലാസെക്രട്ടറി കെ. റഫീഖിനോട് ''നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ'' എന്ന് മമ്മൂട്ടി ചോദിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു നടന്ന സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ രാത്രിയോടെയാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇതോടെ മമ്മൂട്ടിക്കെതിരേ രൂക്ഷമായ സൈബര്‍ ആക്രമണവും നടന്നു.

മമ്മൂട്ടി തന്നോട് നീരസരം പ്രകടിപ്പിച്ച സംഭവം അപമാനിച്ചതായി വ്യാഖ്യാനിച്ചുള്ള വിവാദത്തില്‍ കെ. റഫീഖ് പിന്നീട് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. മമ്മൂട്ടി ടൗണ്‍ഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെയെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വിശദീകരണക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. മമ്മൂട്ടി തന്നെ നേരില്‍ വിളിച്ചുകാര്യങ്ങള്‍ വ്യക്തമാക്കിയതായും വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണമെന്നും റഫീഖ് കുറിപ്പില്‍ ആവശ്യപ്പെട്ടു.

അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് മമ്മൂട്ടി റഫീഖിനോട് ഫോണില്‍ സംസാരിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യമായി പറഞ്ഞ കാര്യമാണ്. അത് ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News