രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വില എണ്ണക്കമ്പനികൾ കുത്തനെ വർധിപ്പിച്ചു.
Newdelhi , 01 ഏപ്രില് (H.S.) രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വില എണ്ണക്കമ്പനികൾ കുത്തനെ വർധിപ്പിച്ചു. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് പുതിയതായി കൂട്ടിയത്. പശ്ചിമേഷ്യൻ യുദ്ധവും സംഘർഷങ്ങളും കാരണം ആഗോള എണ്ണവില ഉയർ
Cooking gas


Newdelhi , 01 ഏപ്രില് (H.S.)

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വില എണ്ണക്കമ്പനികൾ കുത്തനെ വർധിപ്പിച്ചു. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് പുതിയതായി കൂട്ടിയത്. പശ്ചിമേഷ്യൻ യുദ്ധവും സംഘർഷങ്ങളും കാരണം ആഗോള എണ്ണവില ഉയർന്നതാണ് പാചകവാതക വില വർധിക്കാൻ ഇടയാക്കിയത്. ബുധനാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

ഹോട്ടൽ ഭക്ഷണത്തിന് വില കൂടിയേക്കും

പുതിയ നിരക്ക് വന്നതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിൻ്റെ വില 2078.50 രൂപയായി ഉയർന്നു. കൊച്ചിയിൽ മാർച്ചിൽ 1891 രൂപയായിരുന്ന വാണിജ്യ സിലിണ്ടർ വില ഇതോടെ 2087 രൂപയാകും. ഇതിനുമുമ്പ് മാർച്ച് ഒന്നാം തീയതിയാണ് വാണിജ്യ സിലിണ്ടർ വില കൂട്ടിയത്. അന്ന് 114.50 രൂപയുടെ വർധനവാണ് പ്രഖ്യാപിച്ചത്. അതിനുശേഷമുള്ള ഏറ്റവും വലിയ വർധനവാണിത്. വലിയ തോതിലുള്ള ഈ വിലവർധനവ് ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാറ്ററിങ് സർവീസുകൾ എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. പാചകവാതക വില ഉയർന്നത് ഹോട്ടൽ ഭക്ഷണ സാധനങ്ങളുടെ വില ഉയരാനും വലിയ തോതിൽ കാരണമായേക്കാം.

ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ എണ്ണക്കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. വാണിജ്യ സിലിണ്ടറിന് വലിയ തുക കൂട്ടിയെങ്കിലും ഗാർഹിക സിലിണ്ടർ വില കൂട്ടാത്തത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. ഡൽഹിയിൽ 14.2 കിലോ വരുന്ന ഗാർഹിക സിലിണ്ടറിന് 913 രൂപയാണ് ഇപ്പോഴത്തെ വില. കൊച്ചിയിൽ ഇത് 920 രൂപ മുതലാണ് ആരംഭിക്കുന്നത്. പ്രാദേശിക നികുതി നിരക്കുകൾ അനുസരിച്ച് ഇതിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം.

കഴിഞ്ഞ മാസം ഏഴിനാണ് ഗാർഹിക സിലിണ്ടറിന് ഒടുവിൽ വില മാറ്റിയത്. അന്ന് സിലിണ്ടർ ഒന്നിന് 60 രൂപ കൂട്ടിയിരുന്നു. എൽപിജിക്ക് പുറമെ പെട്രോൾ, ഡീസൽ വിലകളിലും എണ്ണക്കമ്പനികൾ പുതിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കഴിഞ്ഞ വർഷം മാർച്ചിൽ ലിറ്ററിന് രണ്ട് രൂപ കുറച്ചതിന് ശേഷം ഇന്ധനവില രാജ്യത്ത് സ്ഥിരമായി തുടരുകയാണ്. ഡൽഹിയിൽ നിലവിൽ ഒരു ലിറ്റർ പെട്രോളിന് 94.72 രൂപയും ഡീസലിന് 87.62 രൂപയുമാണ് വില. മറ്റ് പ്രധാന നഗരങ്ങളിലും ആനുപാതികമായ മാറ്റങ്ങൾ മാത്രമാണുള്ളത്.

വില കൂട്ടാൻ കാരണം പശ്ചിമേഷ്യൻ സംഘർഷം

ഇസ്രയേൽ, പലസ്തീൻ എന്നിവർക്ക് പുറമെ ഹിസ്ബുല്ല ഉൾപ്പെടെയുള്ളവരുമായി നടക്കുന്ന പശ്ചിമേഷ്യയിലെ നിരന്തര സംഘർഷങ്ങൾ ഊർജ വിതരണ ശൃംഖലയെ വലിയ രീതിയിൽ തടസപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവിലയിൽ ദിവസവും വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. അടുത്തിടെ ക്രൂഡ് ഓയിൽ വിലയിൽ 50 ശതമാനത്തോളം വർധനവുണ്ടായി. ഇതിൻ്റെ പ്രതിഫലനമാണ് രാജ്യത്തെ എൽപിജി നിരക്കുകളിലും കാണുന്നത്.

രാജ്യാന്തര വിപണിയിലെ വിലയും ഡോളറുമായുള്ള വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ഇന്ധന, പാചകവാതക നിരക്കുകൾ പുതുക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി പൊതുമേഖലാ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർ വിമാന ഇന്ധനം, എൽപിജി എന്നിവയുടെ വിലകൾ അവലോകനം ചെയ്ത് പരിഷ്കരിക്കും. ഈ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.

രാജ്യത്ത് വരും ദിവസങ്ങളിലും വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. തുടർച്ചയായുള്ള ഈ വില വർധനവ് മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കുമെന്ന ആശങ്കയും പൊതുജനങ്ങൾക്കിടയിലുണ്ട്. പ്രതിസന്ധി ഒഴിവാക്കാൻ എണ്ണവില നിയന്ത്രിക്കുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News