Enter your Email Address to subscribe to our newsletters

Mumbai,01 ഏപ്രില്‍ (H.S.)
മുംബൈ: കുടുംബവഴക്കുകളുടെയോ ദാമ്പത്യപ്രശ്നങ്ങളുടെയോ പേരിൽ ഒരു വ്യക്തി ജീവനൊടുക്കുകയാണെങ്കിൽ ഭാര്യയ്ക്ക് അതിൽ ഉത്തരവാദിത്വമില്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബകലഹങ്ങളെത്തുടർന്ന് ഒരു വ്യക്തിയുടെ ആത്മഹത്യയെ സംബന്ധിച്ച ഒരു സുപ്രധാന വിധിയിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഒരു വ്യക്തി കുടുംബ വഴക്കുകളുടെയോ ദാമ്പത്യ പ്രശ്നങ്ങളുടെയോ പേരിൽ ആത്മഹത്യ ചെയ്യുകയാണെങ്കിൽ, നിയമപ്രകാരം ഭാര്യയെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കുറ്റക്കാരിയാക്കാനാവില്ല എന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് നിരീക്ഷിച്ചത്.
മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ നവംബർ 26, 2019ന് ട്രെയിനിന് മുന്നിൽച്ചാടി ഒരു വ്യക്തി ആത്മഹത്യ ചെയ്തു. മകന്റെ മരണത്തിൽ ദുഃഖിതനായ പിതാവ് മരുമകൾക്കെതിരെ പരാതി നൽകി. നിസ്സാരകാര്യങ്ങളെച്ചൊല്ലി നിരന്തരം വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും അറിയിക്കാതെ വീട്ടിൽ പോകുകയും ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഈ പീഡനം കാരണം മകൻ ആത്മഹത്യ ചെയ്തുവെന്നും പിതാവ് പറഞ്ഞു. പിതാവിന്റെ പരാതിയിൽ പോലീസ് മരിച്ചയാളുടെ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണ കേസ് രജിസ്റ്റർ ചെയ്തു.
ഇതിനെത്തുടർന്ന് കുറ്റാരോപിത ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയും തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയും ചെയ്തു. വിഷയം പരിഗണിച്ച ഹൈക്കോടതി, ആത്മഹത്യാ പ്രേരണക്കുറ്റം ഒരാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ളപ്പോൾ മാത്രമേ ബാധകമാകൂ എന്ന് പറഞ്ഞ് എല്ലാ ആരോപണങ്ങളും തള്ളി.
സാധാരണ ദാമ്പത്യ പ്രശ്നങ്ങളോ വാക്കുതർക്കങ്ങളോ സ്വന്തം വീട്ടിൽ പോകുകയോ ചെയ്യുന്നത് 'ആത്മഹത്യ പ്രേരണ' ആയി കണക്കാക്കാൻ കഴിയില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (അല്ലെങ്കിൽ ഭാരതീയ ന്യായ സംഹിത, 2023ലെ സെക്ഷൻ 108) സെക്ഷൻ 306 പ്രകാരമുള്ള കേസ്, പ്രതിയുടെ ഉദ്ദേശ്യം മറ്റൊരാളെ ജീവനൊടുക്കാൻ നിർബന്ധിക്കുക എന്നതാണെന്ന് വ്യക്തമാകുമ്പോൾ മാത്രമേ നിലനിൽക്കൂ, കോടതി പറഞ്ഞു. ഭാര്യാഭർതൃബന്ധത്തിലെ സാധാരണ തർക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ പ്രേരണയുടെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യയുടെ ഹർജി അംഗീകരിച്ച കോടതി, അവർക്കെതിരെയുള്ള കേസും നടന്നുകൊണ്ടിരിക്കുന്ന വിചാരണയും റദ്ദാക്കി.
---------------
Hindusthan Samachar / Sreejith S