Enter your Email Address to subscribe to our newsletters

Chikkamagaluru, 10 ഏപ്രില് (H.S.)
ചിക്കമഗളൂരുവിലെ പ്രശസ്ത വെള്ളച്ചാട്ടമായ മാണിക്യധാരയ്ക്ക് സമീപം കാണാതായ മലയാളി പെണ്കുട്ടി മരിച്ച നിലയില്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ പെണ്കുട്ടിയ്ക്കായി നാലാം ദിവസവും തെരച്ചില് തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രോണ് ഉപയോഗിച്ചുള്ള തെരച്ചിലില് ആണ് കുട്ടിയെ മരിച്ച നിലയില് കണ്ടെത്തിയത്. താഴ്ച്ചയുള്ള പ്രദേശത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചിക്കമഗളൂരുവിലേക്ക് വിനോദയാത്രയ്ക്കായി എത്തിയ പത്താം ക്ലാസ് വിദ്യാർഥിനി ശ്രീനന്ദയെ ആണ് ചൊവ്വാഴ്ച വൈകിട്ടോടെ കാണാതായത്.
പെണ്കുട്ടിയുടെ മാതാപിതാക്കള് അടക്കം 40 പേരടങ്ങളുന്ന സംഘത്തോടൊപ്പമാണ് ശ്രീനന്ദ മാണിക്യധാര വെള്ളച്ചാട്ടത്തില് എത്തിയത്. കാണതാകുന്നതിന് തൊട്ടുമുമ്പ് പെണ്കുട്ടി പിതാവിന്റെ മൊബൈല് ഫോണില് ബന്ധുക്കള്ക്കൊപ്പം വീഡിയോ ചിത്രീകരിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച് ശ്രീനന്ദ കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്. വൈകിട്ട് 5.30 കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന പെണ്കുട്ടി പിന്നീട് വെള്ളച്ചാട്ടത്തിന് സമീപത്തു നിന്ന് മടങ്ങവെ അപ്രത്യക്ഷമാകുകയായിരുന്നു.
പെണ്കുട്ടിയെ കാണാതായി നാല് ദിവസം പിന്നിട്ടിട്ടും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തില് വെസ്റ്റ് സോൺ ഐജിപി അമിത് സിങ് നേരിട്ട് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ജില്ലാ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമയിൽ നിന്ന് കേസിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ സ്വീകരിച്ച ശേഷം തിരച്ചിൽ കൂടുതൽ ശക്തമാക്കിയിരുന്നു.
ഇതുകൂടാതെ കാണാതായ ശ്രീനന്ദയുടെ കുടുംബം എസ്പി ഓഫിസിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. വനം വകുപ്പ്, പൊലീസ്, അഗ്നിശമന സേന എന്നിവയിൽ നിന്നുള്ള 70 ലധികം ഉദ്യോഗസ്ഥർ സ്ഥലത്ത് തുടർച്ചയായി തെരച്ചിൽ നടത്തി വരികയായിരുന്നു. ഡോഗ് സ്ക്വാഡ്, ഡ്രോണുകൾ, തെർമൽ ഡ്രോണുകൾ എന്നിവ ഉപയോഗിച്ചാണ് തെരച്ചില് പുരോഗമിച്ചിരുന്നത്. എസ്ഡിആർഎഫ് സംഘവും തെരച്ചിലില് പങ്കാളികളായിരുന്നു. ശ്രീനന്ദയുടെ തിരോധാനത്തില് ചിക്കമഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിൽ നിന്നെത്തിയ പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് തെരച്ചിൽ തുടരുകയാണെന്ന് ചിക്കമഗളൂരു സോണൽ ഫോറസ്റ്റ് കൺസർവേറ്റർ തനുജ് കുമാർ ഇന്ന് ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു. ചിക്കമഗളൂരുവിലെ വനം ജീവനക്കാർ, മുത്തോടി വന്യജീവി സങ്കേതത്തിലെ ജീവനക്കാർ, കുന്നിൻ പ്രദേശങ്ങളിലെ തീ അണയ്ക്കുന്ന വനം ജീവനക്കാർ, പൊലീസ്, ഫയർഫോഴ്സ് എന്നിവർ തെരച്ചിലില് പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു.
'രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് പെൺകുട്ടിക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ബലേഹൊന്നൂരിൽ നിന്ന് ഒരു ഡ്രോണും ഒരു തെർമൽ ഡ്രോണും എത്തിച്ചിട്ടുണ്ട്. കുന്നിൻ പ്രദേശത്തിന്റെ എല്ലാ ഭാഗങ്ങളിലും, പ്രധാനമായും മാണിക്യധാര വെള്ളച്ചാട്ടം, ഗാലികെരെ എന്നിവിടങ്ങളിലും തെരച്ചില് തുടരുകയാണ്. പെൺകുട്ടിയെ തെരയാൻ എല്ലാ വകുപ്പുകളിലെയും ജീവനക്കാർ രാത്രിയും പകലും പ്രവർത്തിക്കുന്നു. എന്നാൽ പെൺകുട്ടി എവിടെയാണെന്ന് ഇതുവരെ കണ്ടെത്തനായിട്ടില്ല. തെരച്ചില് തുടരുകയാണ്' -തനുജ് കുമാർ ഇന്ന് രാവിലെ പറഞ്ഞു.
മകള്ക്ക് എന്താണ് സംഭവിച്ചത് എന്നറിയാതെ ആശങ്കയിലായിരുന്നു ശ്രീനന്ദയുടെ മാതാപിതാക്കള്. പെണ്കുട്ടിയെ തട്ടിക്കൊണ്ട് പോയിരിക്കാം എന്ന തരത്തില് അടക്കം ഊഹാപോഹങ്ങള് നിലനിന്നിരുന്നു. ഇതിനിടെയാണ് പെണ്കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR