Enter your Email Address to subscribe to our newsletters

Thiruvananthapuram , 10 ഏപ്രില് (H.S.)
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 14,025 രൂപയും ഒരു പവന് 1,12,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലെ അസ്ഥിരതകൾക്കിടയിൽ സ്വർണ വില വീണ്ടും കൂടുന്നത് നിക്ഷേപകരെ കൺഫ്യൂഷനാക്കുകയാണ്.
18 കാരറ്റ് സ്വർണം ഗ്രാമിന് 11,475 രൂപയായി ഉയർന്നു. പവനാകട്ടെ 91,800 രൂപയും. അതേസമയം വെള്ളി വിലയിൽ നേരിയ വ്യത്യാസം മാത്രമാണ് രേഖപ്പെടുത്തിയത്. 260 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ വില. ഏപ്രിൽ മാസം ആരംഭിച്ചപ്പോൾ സ്വർണ വില 1.26 ലക്ഷം കടന്ന് റെക്കോഡിട്ടിരുന്നു. എന്നാൽ പിന്നീട് വില താഴ്ന്നെങ്കിലും പശ്ചിമേഷ്യന് സംഘർഷം വിപണിയെ വീണ്ടും സമ്മർദത്തിലാഴ്ത്തുകയായിരുന്നു.
ആഗോള വിപണിയിലെ മാറ്റങ്ങൾ നിക്ഷേപകർ ഉറ്റുനോക്കുകയാണ്. വിലയിലെ ഈ ചാഞ്ചാട്ടം ആഭരണങ്ങൾ വാങ്ങാൻ പ്ലാൻ ചെയ്യുന്നവരെയും മറ്റും ഒരുപോലെ ബാധിക്കുന്നുണ്ട്. സ്വർണ വിലയോടൊപ്പം പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹാൾമാർക്കിങ് നിരക്ക് എന്നിവയും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ അന്തിമ വില നിശ്ചയിക്കുന്നത്. കുറഞ്ഞത് അഞ്ച് ശതമാനം മുതലാണ് വ്യാപാരികൾ പണിക്കൂലി ഈടാക്കുന്നത്. ഇതുകൂടി കണക്കാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ വലിയ വിലയാകും.
കാരണങ്ങളും നീരിക്ഷണങ്ങളും
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, പണപ്പെരുപ്പം, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കുകളിലെ വ്യത്യാസങ്ങൾ എന്നിവ സ്വർണ വിലയെ ഏറെ സ്വാധീനിക്കുന്നുണ്ട്. അതേസയമം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ മാറ്റങ്ങൾക്ക് കാരണമായിരിക്കുകയാണ്. ക്രൂഡ് ഓയിൽ വില 15 ശതമാനത്തോളം താഴ്ന്ന് 95 ഡോളർ നിരക്കിലെത്തുകയും ചെയ്തു.
മാർച്ചിൽ സ്വർണ വില 12% ഇടിഞ്ഞ് ഔൺസിന് 4,608 ഡോളറിലെത്തി. 2013 ജൂണിന് ശേഷമുള്ള ഏറ്റവും കുറവ് രേഖപ്പെടുത്തിയതും ആ മാസമാണ്. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ (WGC) റിപ്പോർട്ട് അനുസരിച്ച് എല്ലാ പ്രധാന കറൻസികളുടെ മുല്യം കുറഞ്ഞെങ്കിലും വർഷത്തിൽ പോസിറ്റീവ് സ്ഥാനം നിലനിർത്താൻ സാധിച്ചു. ആഗോള സ്വർണ ഇടിഎഫ്(ETF) ഔട്ട്ഫ്ലോകൾ, കോമക്സ് (COMEX) നെറ്റ് ലോങ് അൺവൈൻഡ്, വില ട്രെൻഡ് റിവേഴ്സൽ എന്നിവയാണ് ഇടിവിന് പ്രധാന കാരണമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പറഞ്ഞു.
എന്താണ് COMEX, ഗോൾഡ് ഇടിഎഫ്
കമ്മോഡിറ്റി എക്സ്ചേഞ്ച് ഇൻകോർപ്പറേറ്റഡിനെയാണ് COMEX എന്ന് പറയുന്നത്. ഇത് സ്വർണം, വെള്ളി, ചെമ്പ്, അലൂമിനിയം തുടങ്ങിയ ലോഹങ്ങൾ വ്യാപാരം ചെയ്യുന്നതിനുള്ള പ്രാഥമിക ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് മാർക്കറ്റാണ്. സാധാരണയായി വില വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ അവ പ്രതിരോധിക്കാനും നിക്ഷേപത്തിനും വ്യാപാരികൾ കോമക്സ് ഉപയോഗിക്കുന്നു.
ഗോൾഡ് ഇടിഎഫ് (Gold ETF - Exchange Traded Fund) എന്നത് സ്വർണ വിലയെ അടിസ്ഥാനമാക്കി ഓഹരി വിപണിയിൽ വ്യാപാരം ചെയ്യാവുന്ന ഒരു ഡിജിറ്റൽ നിക്ഷേപ മാർഗമാണ്. 99.5% ശുദ്ധമായ സ്വർണ ബുള്ളിയനുകളിലാണ് നിക്ഷേപം നടത്തുന്നത്. ഭൗതിക സ്വർണം സൂക്ഷിക്കാതെ തന്നെ ഡീമാറ്റ് അക്കൗണ്ട് വഴി ഓഹരികൾ പോലെ യൂണിറ്റുകളായി വാങ്ങാൻ സാധിക്കും. അതേസമയം ആഗോള സ്വർണ ഇടിഎഫുകൾ ഈ മാസം 12 ബില്യൺ യുഎസ് ഡോളർ (84 ടൺ) നഷ്ടം വരുത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR