Enter your Email Address to subscribe to our newsletters

Thiruvananthapuram , 10 ഏപ്രില് (H.S.)
മൂന്നാം തവണയും ഇടത് സർക്കാർ തന്നെ അധികാരത്തിൽ വരുമെന്നും മലപ്പുറത്തും വലിയ വിജയം എൽഡിഎഫിന് ഉണ്ടാകുമെന്നും തവനൂരിലെ എല്ഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്ഥി കെ ടി ജലീൽ. പോളിങ് വർധനവ് യുഡിഎഫിന് അനുകൂലമാണെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പോളിങ് വർധനവ് യുഡിഎഫ് അനുകൂലമാവുമെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അത് അവരെ ട്രാപ്പിലാക്കും. സമസ്തക്കാർ പറഞ്ഞത് അവരെ സഹായിച്ചവരെ തിരിച്ച് സഹായിക്കുമെന്നാണ്. കഴിഞ്ഞ പത്ത് വർഷം അവരെ സഹായിച്ചത് എൽഡിഎഫ് ആണ് കെ ടി ജലീൽ പറഞ്ഞു.
സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിന് ശേഷം സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം ശക്തിപ്പെട്ടു. സമസ്ത പൂർണമായും ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു.
സമസ്തയിലെ ലീഗ് വിരുദ്ധ ഭാഗം സംഘടനയിൽ മേൽകൈ നേടിയിട്ടുണ്ട്. അത് അവർക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ച് പ്രവർത്തിക്കാനുള്ള അവസരം കിട്ടി. ഇത് ഇടതുപക്ഷത്തിന് അനുകൂലമായി. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും കാന്തപുരം സമസ്തയുടെയും വോട്ടുകൾ ഇടതിന് കിട്ടിയെന്നും ജലീൽ പറഞ്ഞു.
യുഡിഎഫിന് ചരിത്ര വിജയമുണ്ടാവുമെന്ന് രമേശ് ചെന്നിത്തല
കേരള ജനത നൽകുന്ന പൂർണ വിശ്വാസത്തിലാണ് തങ്ങൾ എന്നും യുഡിഎഫിന് ചരിത്ര വിജയമുണ്ടാവുമെന്നും രമേശ് ചെന്നിതല പറഞ്ഞു. എല്ലാ സ്ഥലത്ത് നിന്നും കിട്ടുന്ന റിപ്പോർട്ടുകൾ വളരെ സന്തോഷകരമാണെന്നും ഈ സന്ദർഭത്തിൽ എല്ലാ യുഡിഎഫ് പ്രവർത്തകരോടും നേതാക്കന്മാരോടും നന്ദി പറയുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രചാരണ സമിതിയുടെ ചെയർമാൻ എന്ന രീതിയിൽ പ്രചരണം മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തിൽ എല്ലാവരും ആത്മാർത്ഥമായി സഹകരിച്ചു. ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണ രീതികളാണ് ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ആവിഷ്കരിച്ചത്. അത് പൊതുവേ ജനങ്ങൾ സ്വീകരിച്ചു എന്നുള്ളതാണ് മനസിലാക്കാൻ സാധിക്കുന്നത്, ചെന്നിതല പറഞ്ഞു.
എതിർ സ്ഥാനാർഥികളെ കുറ്റപ്പെടുത്താതെ ഒരു രീതിയിലും തേജോവധം ചെയ്യാതെ ആണ് തങ്ങളുടെ പ്രചരണ സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുത്തത്. ഈ പ്രാവശ്യത്തെ തെരഞ്ഞെടുപ്പിൻ്റെ പ്രത്യേകത എന്നത് എല്ലാ യുഡിഎഫ് നേതാക്കന്മാരും പ്രവർത്തകരും ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിച്ചു എന്നുള്ളതാണ്. പ്രചാരണ രംഗത്തും എല്ലാവരും ഒരുപോലെ തന്നെയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഈ അവസരത്തിൽ രാഹുൽഗാന്ധിയോടും പ്രിയങ്കാ ഗാന്ധിയോടും കോൺഗ്രസ് പ്രസിഡൻ്റിനോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു. അവരുടെ സാന്നിധ്യം വളരെയേറെ പ്രയോജനം ചെയ്തു. കേരളത്തോടുള്ള അവരുടെ പ്രത്യേക താത്പര്യത്തിൽ പ്രചാരണ സമിതി ചെയർമാൻ എന്ന നിലയിൽ പ്രത്യേകം ഞാൻ നന്ദി രേഖപ്പെടുത്തുന്നു, രമേശ് ചെന്നിത്തല പറഞ്ഞു.
തൃശൂരിൽ ഇടതുപക്ഷം മികച്ച വിജയം നേടും - കെ വി അബ്ദുൽ ഖാദർ
ജില്ലയിൽ ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് സിപഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ. മണലൂരിൽ പ്രൊഫ. സി രവീന്ദ്രനാഥ് ജയിക്കുമെന്നും നാട്ടികയിലും ഇടതുപക്ഷം തന്നെ ജയിക്കുമെന്നും അബ്ദുൽ ഖാദർ പറഞ്ഞു.
ജില്ലയിൽ പോളിങ് ശതമാനം വർദ്ധിച്ചത് യുഡിഎഫിന് ഒരിക്കലും അനുകൂലമാവില്ല. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജനങ്ങൾക്ക് വേണ്ട വിതരണങ്ങളെല്ലാം സജീവമായി നടന്നു. പക്ഷെ അത് ഒരിക്കലും ജനങ്ങളെ സ്വാധീനിക്കില്ലെന്നും അബ്ദുൽ ഖാദർ പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾക്ക് ലഭ്യമായ കണക്കുകളും ഞങ്ങൾ വിജയിക്കും എന്ന് തന്നെയാണ് പറയുന്നത്. 13 മണ്ഡലങ്ങളുള്ള തൃശൂരിൽ 11 സീറ്റും ഇടത് പക്ഷത്തിന് നല്ല സ്വീകാര്യത നൽകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകളിൽ നിന്ന് ഞങ്ങൾക്ക് ഉറപ്പിച്ച് പറയാൻ കഴിയും. ആദ്യ ഘട്ടത്തിൽ വലിയ പ്രചാരണ കോലാഹലങ്ങൾ എൽഡിഎഫിന് എതിരായി യുഡിഎഫും ബിജെപിയുമൊക്കെ അഴിച്ചുവിട്ടു. പക്ഷെ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടങ്ങളിൽ സത്യത്തിൽ അവർക്ക് വാദങ്ങൾ ഉണ്ടായിരുന്നില്ല , കെ വി അബ്ദുൽ ഖാദർ പറഞ്ഞു.
ജെൻസീ വോട്ടുകൾ അനുകൂലമാവുമെന്ന് ആലങ്കോട് ലീലാ കൃഷ്ണൻ
അതേസമയം നിയോജകമണ്ഡലം നമ്മൾ തുടക്കത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ അനുകൂലമായി തീർന്നതായിട്ടാണ് പ്രചാരണം അവസാനിച്ചപ്പോൾ തോന്നിയതെന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാ കൃഷ്ണൻ പറഞ്ഞു.
എഴുപത്തഞ്ചിലധികം ശതമാനം പോളിങ് ഇത്തവണ തൃശൂരിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജെൻസീ കുട്ടികളുടെ നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അത് ഇടതുപക്ഷത്തിന് അനുകൂലമായി തന്നെ വരും. അതിന് രണ്ട് കാരണങ്ങളാണ് ഉള്ളത്. ജെൻസീ കുട്ടികൾ നമ്മളെക്കാൾ യുക്തിസഹമായി രാഷ്ട്രീയം വിശകലനം ചെയ്യുന്നുണ്ട്, ആലങ്കോട് ലീലാ കൃഷ്ണൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR