തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ- ഓഫിസ് സംവിധാനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള ഐടി വകുപ്പിന്റെ തീരുമാനം വിവാദമാകുന്നു.
Thiruvananthapuram , 10 ഏപ്രില് (H.S.) തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ- ഓഫിസ് സംവിധാനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള ഐടി വകുപ്പിന്റെ തീരുമാനം വിവാദമാകുന്നു. കെയർ ടേക്കർ ഭരണം നിലനിൽക്കുമ്പോൾ
Secretariat


Thiruvananthapuram , 10 ഏപ്രില് (H.S.)

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ- ഓഫിസ് സംവിധാനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള ഐടി വകുപ്പിന്റെ തീരുമാനം വിവാദമാകുന്നു. കെയർ ടേക്കർ ഭരണം നിലനിൽക്കുമ്പോൾ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം മരവിപ്പിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രത്തൻ യു ഖേൽക്കർക്ക് കത്ത് നൽകി. ഇ- ഓഫിസ് വെർഷൻ മാറ്റുന്നതിന്റെ ഭാഗമായി ഇന്ന് (ഏപ്രില് 10) രാത്രി 10 മുതൽ ഈ മാസം 15ന് രാവിലെ 10 മണിവരെ ഇ- ഓഫിസ് പ്രവർത്തനം നിലയ്ക്കുമെന്നാണ് ഐടി വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ സുപ്രധാന ഫയലുകൾ നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഐടി വകുപ്പിന്റെ ധൃതിപിടിച്ചുള്ള നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഭരണസിരാ കേന്ദ്രത്തിലെ ഫയലുകൾ മാനുവലായി നോക്കി സുപ്രധാന ഫയലുകളിൽ അട്ടിമറി നടത്തുന്നതിന്റെ ഭാഗമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എൻജിഒ അസോസിയേഷൻ പ്രസിഡന്റ് എഎം ജാഫർഖാൻ ഇടിവി ഭാരതിനോട് പറഞ്ഞു. സെക്രട്ടേറിയറ്റ് ഭരണം കെയർ ടേക്കർ അവസ്ഥയിലാണ്. ആ സാഹചര്യത്തിൽ ഐടി വകുപ്പിന്റെ നീക്കത്തിൽ ദുരൂഹതയുെണ്ടന്നും ജാഫർഖാൻ പറഞ്ഞു.

സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കാനും സുതാര്യത ഉറപ്പാക്കാനും 2014ലാണ് ഇ-ഓഫിസ് സംവിധാനം ആരംഭിച്ചത്. ഭൂരിഭാഗം വകുപ്പുകളും പൂർണമായും ഡിജിറ്റലായാണ് പ്രവർത്തിക്കുന്നത്. സാങ്കേതിക തകരാറുകൾ മൂലം ഇടയ്ക്കിടെ ഇ- ഓഫിസ് സംവിധാനം സ്തംഭിക്കുന്നത് സെക്രട്ടേറിയേറ്റിന്റെ പ്രവർത്തനത്തെയും ഫയൽ നീക്കത്തെയും ബാധിക്കാറുണ്ട്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ച ഇ- ഓഫിസ് പോർട്ടലിലൂടെയാണ് ഫയലുകൾ ഡിജിറ്റലായി കൈകാര്യം ചെയ്യുന്നത്. ഇതിലൂടെ ജീവനക്കാർക്ക് ഫയലുകൾ പരിശോധിക്കാനും ഡിജിറ്റലായി ഒപ്പിടാനും തത്സ്ഥിതി അറിയാനും കഴിയും.

2024 ജൂലൈയിൽ ഇ- ഓഫിസ് പ്രവർത്തിക്കാത്തത് മൂലം സാമ്പത്തിക നഷ്ടവും ജോലി തടസവും ഉണ്ടായിരുന്നു. രാവിലെ ഓഫിസിൽ എത്തിയവർ കമ്പ്യൂട്ടർ ഓൺ ചെയ്യുമ്പോഴാണ് ഇ- ഓഫിസ് പണിമുടക്കിയ വിവരം അറിഞ്ഞത്. ഒരു ദിവസം 40ലധികം വകുപ്പുകളിലായി ശരാശരി 2000ത്തോളം ഫയലുകൾ സെക്രട്ടേറിയറ്റിൽ കൈകാര്യം ചെയ്യുന്നുണ്ട്. കെട്ടിക്കിടക്കുന്ന ഫയലുകൾ കാലതാമസമില്ലാതെ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊണ്ടെങ്കിലും പൂർണമായി ഫലം കണ്ടിരുന്നില്ല. ഇപ്പോഴും ആയിരക്കണക്കിന് ഫയലുകൾ സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ കെട്ടിക്കിടക്കുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News