Enter your Email Address to subscribe to our newsletters

Kannur , 10 ഏപ്രില് (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കണ്ണൂർ ജില്ലയിൽ അക്രമം തുടരുന്നു. തളിപ്പറമ്പ് പയ്യന്നൂർ മണ്ഡലങ്ങളിലാണ് ഇതുവരെയും ഏറ്റവും കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തളിപ്പറമ്പ് നിയോജക മണ്ഡലം മലപട്ടം 230-ബൂത്ത് യുഡിഎഫ് ബൂത്ത് ഏജന്റ് രാജേഷ് എംപിയെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ മയ്യിൽ മുല്ലക്കൊടിയിൽ പോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എൽഡിഎഫ് ബൂത്ത് ഏജന്റിനെ കോൺഗ്രസ് പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ചതായി സിപിഎം ആരോപിച്ചു.
വൈകിട്ട് 6.30 ഓടെ മുല്ലക്കൊടി യുപി സ്കൂളിലെ ബൂത്തിന് സമീപമാണ് കോൺഗ്രസ് ആക്രമണം ഉണ്ടായതെന്നും സിപിഎം പ്രവർത്തകൻ മുല്ലക്കൊടി കുറ്റിച്ചിറയിലെ പി പി പ്രകാശ(50)നാണ് കുത്തേറ്റത് എന്നും സിപിഎം നേതാക്കൾ പറഞ്ഞു. പ്രകാശൻ പോളിങ് കഴിഞ്ഞ് യുഡിഎഫ് ബൂത്ത് ഏജന്റായ ഭാസ്കരനൊപ്പം മടങ്ങവേയാണ് സംഭവം.
ഭാസ്കരന്റെ സഹോദരനും കോൺഗ്രസ് പ്രവർത്തകനുമായ പി കൃഷ്ണൻ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമാധാനന്തപരമായി തെരഞ്ഞെടുപ്പ് നടന്ന പ്രദേശത്ത് ബോധപൂർവം അക്രമം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത് എന്ന് ആരോപണമുണ്ട്. പ്രതിയെ മയ്യിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് കമിഷണർ പി നിതിൻ രാജ് സംഭവസ്ഥലത്തെത്തി.
തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ യുഡഎഫ് വ്യാപകമായി അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് പ്രകാശനെ സന്ദർശിക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. രാത്രിയോടെ മുല്ലക്കൊടിയിലെ യുഡിഎഫിന്റെ പോളിങ് ഏജന്റ് പി ഭാസ്കരന്റെ വീട് സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു.
കണ്ണൂർ മയ്യിലിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയും ആക്രമണം ഉണ്ടായി. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു. മയ്യിൽ മലപട്ടം പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ബൂത്തിലിരുന്ന കോണ്ഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിന് പിന്നാലെ കോൺഗ്രസ് ആക്രമണത്തിൽ സിപിഎം പ്രവർത്തകന് പരിക്കേറ്റു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രസ്തുത സംഭവുമായി കോണ്ഗ്രസിന് യാതൊരു ബന്ധവുമില്ലെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
മയ്യിൽ മുല്ലക്കൊടിയിലെ കോൺഗ്രസ് ബൂത്ത് ഏജന്റുമാരെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത് സിപിഎമ്മാണ്. ആക്രമണത്തിൽ സിപിഎം പ്രവർത്തകന് പരിക്കേറ്റു എന്ന് പറഞ്ഞ് സിപിഎം വ്യാപകമായി ആക്രമണം അഴിച്ചു വിടുകയാണെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.
പയ്യന്നൂരില് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച വി കുഞ്ഞി കൃഷ്ണനെ അനുകൂലിക്കുന്ന പയ്യന്നൂർ മാവിച്ചേരി സ്വദേശി ടി പുരുഷോത്തമന്റെ വീടിനു നേരെ ഇന്നലെ അർധ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനൽ ഗ്ലാസുകൾ തകർത്തു. കാർ കത്തിക്കാനുള്ള ശ്രമവും നടന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണ് എന്ന് പുരുഷോത്തമൻ ആരോപിച്ചു. പയ്യന്നൂർ കാറമേലിൽ വി കുഞ്ഞികൃഷ്ണന് വേണ്ടി ചുമരെഴുതിയ മതിലും തകർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR