Enter your Email Address to subscribe to our newsletters

Ernakulam , 10 ഏപ്രില് (H.S.)
കുന്നത്തുനാട്ടില് എല്ഡിഎഫ് യുഡിഎഫിന് വോട്ട് മറിച്ചെന്ന ട്വന്റി 20 നേതാവ് സാബു എം ജേക്കബിന്റെ ആരോപണത്തിന് മറുപടിയുമായി നടനും സംവിധായകനുമായ സോഹൻ സീനുലാല്.
സിറ്റിംഗ് എംഎല്എ ലോകത്ത് എവിടെയെങ്കിലും എതിർ സ്ഥാനാർത്ഥിക്ക് വോട്ട് മറിക്കുമോ എന്ന് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പില് സോഹൻ സീനുലാല് ചോദിക്കുന്നു.
അല്ലായിരുന്നെങ്കില് ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിക്കുമായിരുന്നു എന്നുളള സാബു എം ജേക്കബിന്റെ അവകാശവാദത്തേയും സോഹൻ പരിഹസിച്ചു.കേരളത്തിലെ വോട്ടർമാർ ഇതൊക്കെ കണ്ട് ചിരിക്കുകയാണെന്നും സോഹൻ സീനുലാല് കുറിക്കുന്നു.
സാബു ജേക്കബ്: ഒരു 'ട്വന്റി-20' ചാണക്യനും കാലം തെറ്റിയ കണക്കുകളും! ട്വന്റി-20യുടെ സാബു ജേക്കബ് ഒരു രാഷ്ട്രീയ ചാണക്യനാണെന്ന കാര്യത്തില് ആർക്കും തർക്കമുണ്ടാവില്ല. പക്ഷേ, ചാണക്യൻ ജീവിച്ചിരുന്നത് ബി സി നാലാം നൂറ്റാണ്ടിലെ ബീഹാറില് ആയിരുന്നു. ആ കാലത്തായിരുന്നെങ്കില് ഒരുപക്ഷേ ഈ തന്ത്രങ്ങള് ഏല്ക്കുമായിരുന്നു. എന്നാല് ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളമാണ്, വിവരമുള്ള മലയാളികളാണ് മുന്നിലുള്ളതെന്ന് സാബു ഒന്ന് ഓർക്കുന്നത് നന്നായിരിക്കും.
വോട്ട് കച്ചവടമെന്ന 'അത്ഭുത' സിദ്ധാന്തം! ലോകത്ത് എവിടെയെങ്കിലും ഒരു സിറ്റിംഗ് എംഎല്എ തന്റെ മണ്ഡലത്തില് വോട്ട് കച്ചവടം നടത്തി എതിർസ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ നോക്കുമോ? ബുദ്ധിയുള്ള ആരെങ്കിലും ഇത് വിശ്വസിക്കുമോ? 2021-ല് 42,701 വോട്ടുകള് നേടിയ ട്വന്റി-20, പിന്നീട് ആദർശങ്ങള് പണയപ്പെടുത്തി എൻഡിഎയുമായി കൈകോർത്തപ്പോള് തന്നെ ആ 'തട്ടിപ്പ്' ജനങ്ങള്ക്ക് മനസ്സിലായി തുടങ്ങിയിരുന്നു.
ട്വന്റി-20യുടെ അണികള് കൂട്ടത്തോടെ സിപിഎമ്മിലേക്കും കോണ്ഗ്രസിലേക്കും തിരിച്ചുപോയത് ആരുടെയെങ്കിലും കുഴപ്പമാണോ, അതോ സാബുവിന്റെ തന്നെ രാഷ്ട്രീയ നിലപാടില്ലായ്മയാണോ? ആരാണ് വിഡ്ഢികള്? എല്ഡിഎഫ് വോട്ട് കച്ചവടം നടത്തിയില്ലായിരുന്നെങ്കില് ട്വന്റി-20 സ്ഥാനാർത്ഥി 25,000 വോട്ടിന് ജയിക്കുമായിരുന്നു എന്നൊക്കെ തട്ടിവിടാൻ നല്ല ധൈര്യം വേണം. ജനങ്ങളെ ഇത്രമാത്രം വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത് ആരെ ബോധിപ്പിക്കാനാണ്? കേരളത്തിലെ വോട്ടർമാർ ഇതൊക്കെ കണ്ട് ചിരിക്കുകയാണെന്ന് സാബു എന്നാണാവോ തിരിച്ചറിയുക?
മെയ് 4-ന് കാണാം! 2021-ലെ ആ 42,701 വോട്ടുകള് ഇത്തവണയും അവിടെത്തന്നെ കാണുമെന്നാണ് സാബുവിന്റെ വിശ്വാസമെങ്കില്, നമുക്ക് കാത്തിരിക്കാം. ഇലക്ഷൻ റിസള്ട്ട് വരുന്ന മെയ് 4-ന് ഈ കണക്കുകള് ഒന്നുകൂടി പരിശോധിക്കപ്പെടും. അന്ന് അറിയാം ട്വന്റി-20യുടെ വോട്ട് ബാങ്ക് എങ്ങോട്ട് ഒലിച്ചുപോയെന്ന്.
ഒരു വിനീതമായ ഉപദേശം: ആധുനിക മലയാളിയുടെ രാഷ്ട്രീയ ബോധത്തെ കുറച്ചുകൂടി ബഹുമാനിക്കുന്നത് നന്നായിരിക്കും. ഇനിയും ഇത്തരം വാദങ്ങളുമായി വന്ന് കേരളത്തിന് മുന്നില് അപഹാസ്യനാകാതിരിക്കാൻ സാബു ജേക്കബ് ശ്രദ്ധിക്കുമെന്ന് കരുതാം. മെയ് 4-ന് ഈ പോസ്റ്റ് ഒന്നുകൂടി എടുത്തു നോക്കാൻ നമുക്ക് മറക്കാതിരിക്കാം!
---------------
Hindusthan Samachar / CHANDHU CHANDRASEKHAR