Enter your Email Address to subscribe to our newsletters

Chennai , 11 ഏപ്രില് (H.S.)
നടന് വിജയ്ക്കെതിരെ പോലീസില് പരാതി. നടനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യന് നാഷണല് ലീഗ് (ഐഎന്എല്) നേതാവ് ടാഡ റഹീം ആണ് ചെന്നൈ പോലീസില് പരാതി നല്കിയത്.
പുറത്തിറങ്ങാനിരിക്കുന്ന വിജയ് ചിത്രം ജനനായകനില് മുസ്ലിങ്ങളെ മോശമായി ചിത്രീകരിച്ചു എന്നാണ് പരാതിയിലെ ഉള്ളടക്കം. സിനിമയുടെ പ്രൊമോഷനല് വിശ്വലുകളില് ഇക്കാര്യം വ്യക്തമാണെന്നും പരാതിയില് പറയുന്നു.
നടന് വിജയ്, സംവിധായകന് എച്ച് വിനോദ്, സിനിമയുടെ മറ്റു പ്രധാന അണിയറ പ്രവര്ത്തകര് എന്നിവരെ പ്രതികളാക്കിയാണ് പരാതി. മുസ്ലിം സമുദായത്തെ മോശമാക്കി ചിത്രീകരിക്കുന്ന ഭാഗങ്ങള് സിനിമയിലുണ്ടത്രെ. മുസ്ലിം സമുദായത്തില്പ്പെട്ട വ്യക്തികള് ബോംബ് സ്ഥാപിക്കുന്ന രീതിയിലുള്ള ഉള്ളടക്കം സിനിമയിലുണ്ട് എന്നാണ് പരാതിയില് ചൂണ്ടിക്കാട്ടുന്നത്. സിനിമയുടെ പ്രൊമോഷന് വീഡിയോ പുറത്തിറക്കിയ പിന്നാലെയാണ് പരാതി സമര്പ്പിച്ചത്.
വിജയുടെ മുന് സിനിമകളായ തുപ്പാക്കി, ബീസ്റ്റ് എന്നിവയിലും മുസ്ലിങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നു എന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു. സിനിമ വര്ഗീയ വിദ്വേഷം പരത്തുന്നതാണ്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം സിനിമകള് പ്രോല്സാഹിപ്പിക്കാന് പാടില്ലെന്നും പരാതിക്കാരന് പറഞ്ഞു. വിജയ്, വിനോദ്, കെവിഎന് പ്രൊഡക്ഷന്സ് എന്നിവര്ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രമസമാധാനം തകര്ക്കുന്ന രീതിയില്, ഒരു വിഭാഗത്തെ മോശക്കാരാക്കി ചിത്രീകരിക്കുന്ന തരത്തില് കൂടുതല് രംഗങ്ങള് സിനിമയില് ഉണ്ടോ എന്ന് പരിശോധിക്കണം എന്നും പരാതിയില് ആവശ്യപ്പെട്ടു. പരാതി ലഭിച്ച കാര്യം ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസ് സ്ഥിരീകരിച്ചു. വിശദമായ പരിശോധനകള്ക്ക് ശേഷം മാത്രമേ നടപടി സ്വീകരിക്കൂ എന്നും പോലീസ് വ്യക്തമാക്കി.
വിജയ്ക്കെതിരെ മറ്റൊരു പരാതി
വിജയ്ക്കെതിരെ ദിവസങ്ങള്ക്ക് മുമ്പ് മറ്റൊരു പരാതി ലഭിച്ചിരുന്നു. കൊളത്തൂരില് പ്രചാരണം നടത്തുമ്പോള് ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാതി. കൊളത്തൂര് നിയമസഭാ മണ്ഡലം സര്ക്കാര് ഓഫീസര് ഇന്ചാര്ജ് വി കുമാര് ആണ് പരാതി നല്കിയത്. വിജയ്ക്കും അനുയായികള്ക്കുമെതിരെ നടപടി വേണം എന്നാണ് പരാതിയിലെ ഉള്ളടക്കം.
റോഡില് 30 ലൗഡ് സ്പീക്കറുകള് സ്ഥാപിച്ച കാര്യമാണ് വി കുമാര് നല്കിയ പരാതിയില് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. പെരുവള്ളൂര് പോസീസിലാണ് പരാതി നല്കിയത്. പെരമ്പൂര്, കൊളത്തൂര് എന്നിവിടങ്ങളില് ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം വിള്ളിവാക്കത്തെ പരിപാടി വിജയ് റദ്ദാക്കിയിരുന്നു. മതിയായ സുരക്ഷ പോലീസ് ഒരുക്കിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരിപാടി ഉപേക്ഷിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR