കേരളത്തിൽ എൽഡിഎഫ് മൂന്നാം തവണയും ഭരണത്തിലെത്തും : പ്രകാശ് കാരാട്ട്
Newdelhi , 11 ഏപ്രില് (H.S.) കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി(എൽഡിഎഫ്) അധികാരം നിലനിർത്തുമെന്ന ഉറച്ച വിശ്വാസവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പോളിങ് പ്രക്രിയക്ക് ശേഷം ലഭിച്ച പ്രാഥമിക റിപ്പോർട്ടുകൾ
Prakash Karat (


Newdelhi , 11 ഏപ്രില് (H.S.)

കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി(എൽഡിഎഫ്) അധികാരം നിലനിർത്തുമെന്ന ഉറച്ച വിശ്വാസവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പോളിങ് പ്രക്രിയക്ക് ശേഷം ലഭിച്ച പ്രാഥമിക റിപ്പോർട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലമാണെന്നും കേരളത്തിൽ എൽഡിഎഫ് മൂന്നാം തവണയും ഭരണത്തിലെത്തുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്ലാ മണ്ഡലങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ എൽഡിഎഫിൻ്റെ മികച്ച പ്രവർത്തനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി.

എല്ലാ റിപ്പോർട്ടുകളിലും എൽഡിഎഫ് പാർട്ടികൾ എല്ലാ രീതിയിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണയും മൂന്നാം എൽഡിഎഫ് ഭരണം തിരിച്ചുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു- പ്രകാശ് കാരാട്ട് പറഞ്ഞു.

വിജയപ്രതീക്ഷയിൽ മുന്നണികൾ

എസ്ഐആറിന് ശേഷമുള്ള ആദ്യത്തെ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടന്നത്. ഏപ്രിൽ 9-ന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ കേരളം സാക്ഷ്യം വഹിച്ചത് കടുത്ത ത്രികോണ മത്സരത്തിനായിരുന്നു. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പതിവ് പോരാട്ടത്തിനപ്പുറം, ഇത്തവണ ശക്തമായ പ്രചാരണവുമായി ബിജെപിയും രംഗത്തുണ്ടായിരുന്നു. വോട്ടെടുപ്പിന് ശേഷം പല പാർട്ടികളും വിജയ പ്രതീക്ഷയുമായി രംഗത്ത് വരുന്നുണ്ടെങ്കിലും ഭരണത്തുടർച്ചയായിരിക്കുമോ ഭരണമാറ്റമായിരിക്കുമോ നേരിടാൻ പോകുന്നത് എന്ന ആശങ്ക എല്ലാ മുന്നണികളിലും നിലനിൽക്കുന്നു.

ഭരണത്തുടർച്ചയും വികസനവും ഉയർത്തിക്കാട്ടി എല്ഡിഎഫ് ഹാട്രിക് വിജയം ലക്ഷ്യമിടുന്നു. ഭരണമാറ്റമെന്ന പതിവ് ചരിത്രം ആവർത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ബിജെപി ആകട്ടെ ശക്തമായ പ്രചാരണത്തിലൂടെ ഇത്തവണ അക്കൗണ്ട് തുറക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ്.

കോൺഗ്രസിന് വിമർശനം

അതേസമയം, രാഹുൽ ഗാന്ധിയുടെ 'എൽഡിഎഫ്-ബിജെപി ഡീൽ' ആരോപണങ്ങൾക്കെതിരെ കാരാട്ട് ആഞ്ഞടിച്ചു. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് രാഹുൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

ഹിന്ദുത്വ ശക്തികൾക്കെതിരെ ഇടതുപക്ഷം നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ബിജെപിയെ കേരളത്തിൽ വളരാൻ അനുവദിക്കാത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ ബിജെപിയും ആർഎസ്എസും ശക്തിപ്പെടാൻ കാരണം കോൺഗ്രസ് അവരുമായി നടത്തുന്ന സന്ധിയാണെന്നും കാരാട്ട് കുറ്റപ്പെടുത്തി.

ഭരണത്തുടർച്ചയുണ്ടാകുമോ അതോ കേരളം പതിവ് പോലെ യുഡിഎഫിനെ തുണയ്ക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ മാത്രമേ കേരളം ആർക്കൊപ്പം എന്ന് വ്യക്തമാകൂ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News