Enter your Email Address to subscribe to our newsletters

Thiruvananthapuram , 11 ഏപ്രില് (H.S.)
ക്രൈസ്തവ മുഖപത്രമായി ദീപികയെ അംഗീകരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റും പാലയിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോൺ ജോർജ്. കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക, എഫ്സിആർഎ വിഷയത്തിൽ ബിജെപി നേതാക്കളായ പി സി ജോർജിനും മകൻ ഷോൺ ജോർജിനും മുഖപ്രസംഗത്തിലുടെ മറുപടി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ദീപികയ്ക്കെതിരെ ഷോൺ വിമർശനം ആവർത്തിച്ചത്. കഴിഞ്ഞ രണ്ട് മാസമായി കോൺഗ്രസിൻ്റെ മുഖപത്രമായ വീക്ഷണത്തേയും ദീപികയേയും രണ്ടായിട്ടല്ല കാണുന്നതെന്ന് ഷോൺ പറഞ്ഞു. പത്രത്തിൻ്റെ മാനേജ്മെൻ്റിൽ സ്വകാര്യ വ്യക്തികളുണ്ട്. അവരുടെ സ്ഥാപിത താൽപര്യങ്ങളും രാഷ്ട്രീയവുമാണ് പത്രത്തിൽ വരുന്നത്. മുഖപ്രസംഗം എഴുതി കൊടുക്കുന്നത് കോൺഗ്രസ് നേതാവായ കെ സി വേണുഗോപാലാണെന്നും ഷോൺ പറഞ്ഞു.
'മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നെന്നേയുള്ളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം തുടങ്ങിയ ഭരണകൂടത്തിൻ്റെ ഭീഷണികൾ ചരിത്രത്തിൽ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്ന് ദീപിക മുഖപ്രസംഗത്തിൽ പറയുന്നു. അധികാര മുഷ്കിൽ മനുഷ്യത്വത്തിൻ്റെ കഴുത്ത് ഞെരിക്കാൻ ശ്രമിച്ച നിരവധി പ്രേതങ്ങൾ ചരിത്രത്തിലുടനീളം ആട്ടും തുപ്പുമേറ്റ് കിടപ്പുണ്ട്. ലെയോ പാപ്പ ക്രൈസ്തവർക്കുവേണ്ടി മാത്രമല്ല തലയുയർത്തിയത്; എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ വേണ്ടിയാണ്. മനുഷ്യവംശത്തിൻ്റെ നിലനിൽപ്പിനുവേണ്ടിയാണ്. അതിന് കേരളത്തിലും പ്രസക്തിയുണ്ട്. എല്ലാവർക്കും വേണ്ടിയാണെന്ന് പറഞ്ഞു പാസാക്കുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയ ഉദാഹരണങ്ങൾ നിലനിൽക്കെ, എഫ്സിആർഎയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും ഇതുതന്നെ നിലപാട്. ഇനിയും പറയേണ്ടി വരും. രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്' -മുഖപ്രസംഗത്തിൽ പറയുന്നു.
വോട്ടെടുപ്പിന് പിന്നാലെ സഭയ്ക്കെതിരെ പി സി ജോർജും മകൻ ഷോൺ ജോർജും രൂക്ഷമായി വിമർശനമുന്നയിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് ചില സ്ഥലങ്ങളിൽ യുഡിഎഫിന് വോട്ട് ചെയ്യാൻ നിർദേശിച്ചുവെന്നായിരുന്നു പി സി ജോർജിൻ്റെ പ്രധാന ആരോപണം. എഫ്സിആർഎ ബിൽ വരുമെന്നും വിദേശത്തുനിന്ന് പണം വാങ്ങുന്നതിൻ്റെ കണക്ക് നൽകിയാൽ എന്താണ് കുഴപ്പമെന്നും പി സി ജോർജ് ചോദിച്ചിരുന്നു. എന്നിട്ടും കത്തോലിക്ക സഭയല്ലേ, ക്രിസ്ത്യാനിയല്ലേ എന്നു വിചാരിച്ച് എന്തു കണക്ക് തന്നാലും അപ്രൂവ് ചെയ്യാമെന്ന് അമിത് ഷാ അവരോടു പറഞ്ഞതാണ്. എന്നിട്ടും എന്തിനാണ് ഇവന്മാർ കുരയ്ക്കുന്നത്. ദീപിക പത്രം വായിക്കുന്നവനു വട്ടാണ്. മെത്രാന്മാരല്ല സഭ. ഇവർ പറയുന്നത് മുഴുവൻ കേട്ടുനിൽക്കാനാവില്ല. മെത്രാൻമാർ ഊളത്തരം കൊണ്ടുനടക്കരുതെന്നും പി സി ജോർജ് പറഞ്ഞിരുന്നു.
മെത്രാന്മാർക്ക് പുറമെ സഭയുടെ മുഖപത്രമായ ദീപികയ്ക്കെതിരെയും പി സി ജോർജും ഷോൺ ജോർജും വിമർശനം ഉന്നയിച്ചിരുന്നു. വിവാദമായ എഫ്സിആർഎ ബില്ലുമായി ബന്ധപ്പെട്ടും ജോർജ് പ്രകോപനപരമായ പരാമർശം നടത്തിയിരുന്നു. ബില്ലിൽ പ്രതിഷേധമുള്ളവർക്ക് വീട്ടിൽ പോയി ഇരിക്കാമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസം. ഇതേത്തുടർന്നാണ് ദീപിക പത്രം മുഖപ്രസംഗത്തിലൂടെ മറുപടി നൽകിയത്. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ സിറോ മലബാർ സഭ തയാറായിട്ടില്ല. കത്തോലിക്ക കോൺഗ്രസിൻ്റെ പേരിൽ വരുന്ന പ്രതികരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഏതെങ്കിലും വ്യക്തികൾക്കെതിരെ സഭ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും പിആർഒ ഫാ. ടോം ഓലിക്കാരോട്ട് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR