അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥിയുടെ മരണം: എച്ച്.ഒ.ഡിക്ക് എതിരെ ജാതി അധിക്ഷേപ ആരോപണവുമായി കുടുംബം
Kannur, 11 ഏപ്രില് (H.S.) കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായ നിധിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപ്പാർട്ട്മെന്റ് മേധാവി (HOD) നടത്തിയ
അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥിയുടെ മരണം: എച്ച്.ഒ.ഡിക്ക് എതിരെ ജാതി അധിക്ഷേപ ആരോപണവുമായി കുടുംബം


Kannur, 11 ഏപ്രില് (H.S.)

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായ നിധിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപ്പാർട്ട്മെന്റ് മേധാവി (HOD) നടത്തിയ ജാതി അധിക്ഷേപമാണ് നിധിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. നിധിൻ ആത്മഹത്യ ചെയ്യില്ലെന്നും കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും കുടുംബം സംശയം പ്രകടിപ്പിച്ചു.

ജാതി അധിക്ഷേപവും പീഡനവും

നിധിനെ ജാതിയുടെയും നിറത്തിന്റെയും പേരിൽ എച്ച്.ഒ.ഡി നിരന്തരം പരിഹസിച്ചിരുന്നതായി പിതാവ് രാജൻ 'ട്വന്റിഫോറിനോട്' പറഞ്ഞു. അവിടെ റാം എന്ന് പേരുള്ള ഒരു എച്ച്.ഒ.ഡി ഉണ്ട്. പഠിത്തത്തിൽ മിടുക്കനായിരുന്നിട്ടും നിധിനെ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. 'പുഴുത്ത പട്ടിയെപ്പോലെയാണ് നിന്നെ കാണുന്നത്' എന്ന് പറഞ്ഞ് മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് മകനെ അദ്ദേഹം അപമാനിച്ചിരുന്നു, പിതാവ് സങ്കടത്തോടെ പറഞ്ഞു. വകുപ്പ് മേധാവിക്ക് പുറമെ മറ്റ് രണ്ട് അധ്യാപകരും മകനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി കുടുംബം വിശ്വസിക്കുന്നു.

റാഗിങ് ആരോപണം

മകൻ കോളജിൽ വെച്ച് ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ടെന്നും പിതാവ് ആരോപിച്ചു. പഠനത്തിൽ മുൻപന്തിയിലായിരുന്നിട്ടും അധ്യാപകരിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയും പരിഹാസവും നിധിനെ വല്ലാതെ തളർത്തിയിരുന്നു. ഇന്ന് (ശനിയാഴ്ച) വീട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു നിധിൻ. മരണത്തിന് തൊട്ടുമുൻപ് വൈകുന്നേരം മൂന്ന് മണി വരെ നിധിൻ വീട്ടുകാരുമായി സന്തോഷത്തോടെ സംസാരിച്ചിരുന്നുവെന്നും, പെട്ടെന്ന് ആത്മഹത്യ ചെയ്യാൻ അവന് കാരണങ്ങളൊന്നുമില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി.

അമ്മയുടെ വേദന

എന്റെ മോൻ ആർക്കും ഒരു ശല്യവും ചെയ്തിട്ടില്ല. നിധിന് അപകടം പറ്റി, അവൻ വീണു, ഐ.സി.യുവിൽ ആണെന്നാണ് കോളജിൽ നിന്ന് ആദ്യം വിളിച്ചു പറഞ്ഞത്. തിരിച്ചു വിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ല, എന്ന് നിധിന്റെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു. കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളുമാണ് ഈ മരണത്തോടെ തകർന്നിരിക്കുന്നത്.

മാനേജ്മെന്റിന്റെ പ്രതികരണം

അതേസമയം, സംഭവത്തിൽ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് കോളജ് മാനേജ്മെന്റ് അറിയിച്ചു. നിധിൻ രാജ് അധ്യാപകർക്കെതിരെയോ സഹപാഠികൾക്കെതിരെയോ മുൻപ് പരാതികളൊന്നും നൽകിയിട്ടില്ലെന്നാണ് കോളജ് അധികൃതർ പറയുന്നത്. വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ നിധിൻ രാജിനെ കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. പോലീസിന്റെ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തു വരികയുള്ളൂ.

---------------

Hindusthan Samachar / Roshith K


Latest News