Enter your Email Address to subscribe to our newsletters

Mumbai, 12 ഏപ്രില്‍ (H.S.)
മുംബൈ∙ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗായിക ലത മങ്കേഷ്ക്കറുടെ സഹോദരിയാണ് ആശ. ഗ്രാമിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ്. 2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ഗായികയെ ആദരിച്ചു. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ പാടിയിട്ടുണ്ട്.
മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിലാണ് ആശ ജനിച്ചത്. ലത മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ. പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ് മങ്കേഷ്‌കറിന്റെ മക്കളായ ആശയും ലതയും അച്ഛന്റെ ശിക്ഷണത്തിലാണ് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്. ആശയ്ക്ക് ഒൻപത് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. സഹോദരി ലതയെ പിന്തുടർന്നാണ് ആശ പിന്നണി ഗാനരംഗത്ത് എത്തിയത്. 1943 ൽ മജാബാൽ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി.
ഹിന്ദിയിൽ 1945ൽ 'ബഡി മാ' എന്ന ചിത്രത്തിലാണ് ആശ ആദ്യമായി പാടിയതെങ്കിലും 1948ൽ റിലീസായ 'ചുനാരിയ' ആണ് ഗായികയുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്. ആശ ഹിന്ദിസിനിമാ പിന്നണിഗാന രംഗത്ത് എത്തിയപ്പോഴേക്കും ചേച്ചി ലത ഹിന്ദിസിനിമാ പിന്നണിഗാനരംഗത്തെ താരമായി മാറിയിരുന്നു. ഷംഷാദ് ബീഗവും ഗീത റോയിയും ലതാ മങ്കേഷ്‌കറും അരങ്ങുവാണിരുന്ന കാലത്ത് പിന്നണി ഗാനരംഗത്ത് ശ്രദ്ധപിടിച്ചുപറ്റുക ഏറെക്കുറെ അസാധ്യമായിരുന്നു. 1949 ൽ തന്റെ 16ാം വയസ്സിൽ കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് ഗൺപത്‌റാവു ഭോസ്‌ലയെ വിവാഹം കഴിച്ചു. എന്നാൽ ആ വിവാഹം ഒരു പരാജയമായിരുന്നു.
1956ൽ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിൻ കീഴിൽ സിഐഡി എന്ന ചിത്രത്തിൽ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് 1974ൽ വഴിപിരിയുന്നതുവരെ ഈ സംഗീതജോഡി നിരവധി ഹിറ്റുകൾ സമ്മാനിച്ചു (ഹൗറ ബ്രിഡ്ജ്, കശ്മീർ കി കലി, തുംസാ നഹി ദേഖാ, ഏക് മുസാഫിർ ഏക് ഹസീന, മേരെ സനം). പ്രമുഖ ബാനറുകളുടെ ചിത്രങ്ങളിലെല്ലാം പാടാൻ ആശയ്ക്ക് അവസരം ലഭിച്ചു. 1966 ൽ പുറത്തിറങ്ങിയ തീസിരി മൻസിലിൽ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്‌ലെ - ആർ.ഡി.ബർമൻ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആർ.ഡി.ബർമന്റെ പ്രിയപ്പെട്ട ഗായികയായി മാറി. ആർ.ഡി ബർമന്റെ കീഴിലാണ് ആശ ഒരു സമ്പൂർണ ഗായികയായി തീരുന്നത്. ആ കൂട്ടുകെട്ട് വിവാഹം വരെ എത്തി.
പോപ്, കാബറെ, റോക്ക്, ഡിസ്‌കൊ, ഗസൽ, ക്ലാസിക്കൽ അങ്ങനെ എല്ലാത്തരം ഗാനങ്ങളും പാടാൻ കഴിവുള്ള ഒരു ഗായികയണ് താനെന്ന് ആശ ബർമൻ ഗാനങ്ങളിലൂടെ തെളിയിച്ചു. 1990 കളിൽ സിനിമാ രംഗത്തുനിന്ന് പതിയെ പിൻവാങ്ങിയ ആശയെ എ.ആർ.റഹ്മാനാണ് തിരിച്ചുകൊണ്ടുവന്നത്. 1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തിൽ ഊർമിള മണ്ഡോദ്കറിന് വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി. തുടർന്ന് താൽ, ലഗാൻ, ദൗഡ്, ഇരുവർ, ലഗാൻ തുടങ്ങി നിരവധി റഹ്മാൻ ചിത്രങ്ങളിൽ ആശ പാടി. ഒ.പി.നയ്യാർ, ബോംബൈ രവി, എസ്.ഡി.ബർമൻ, ആർ.ഡി.ബർമൻ, ഇളയരാജ, റഹ്മാൻ, ജയ്‌ദേവ്, ശങ്കർ–ജയ്കിഷൻ, അനുമാലിക്ക് തുടങ്ങിയ ബോളിവുഡിലെ പ്രശസ്തരായ സംഗീതസംവിധായകരുടെയെല്ലാം കീഴിൽ ആശ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S