കേരളത്തില് തുടര്ഭരണമെന്ന് സിപിഎം,
Thiruvananthapuram , 12 ഏപ്രില് (H.S.) കേരളം ഉറ്റുനോക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് സമാപ്തമായതോടെ, രാഷ്ട്രീയ കേന്ദ്രങ്ങൾ കണക്കെടുപ്പുകളിലേക്ക് കടന്നു കഴിഞ്ഞു. മൂന്നാം ഊഴം ലക്ഷ്യമിട്ട് പോരാടിയ എൽ.ഡി.എഫിന് നേതൃത്വം നൽകുന്ന സി.
Assembly election


Thiruvananthapuram , 12 ഏപ്രില് (H.S.)

കേരളം ഉറ്റുനോക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് സമാപ്തമായതോടെ, രാഷ്ട്രീയ കേന്ദ്രങ്ങൾ കണക്കെടുപ്പുകളിലേക്ക് കടന്നു കഴിഞ്ഞു. മൂന്നാം ഊഴം ലക്ഷ്യമിട്ട് പോരാടിയ എൽ.ഡി.എഫിന് നേതൃത്വം നൽകുന്ന സി.പി.എം, സംസ്ഥാനത്തുടനീളമുള്ള ബൂത്ത് തല റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

പാർട്ടിയുടെ പരമ്പരാഗത വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. മലബാർ മേഖലയിലെ കോട്ടകൾ ഭദ്രമാണെന്നും, വടക്കൻ കേരളത്തിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിക്കുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. സി.പി.എം കേഡർമാരുടെ ചിട്ടയായ പ്രവർത്തനവും താഴെത്തട്ടിലെ സ്ക്വാഡ് പ്രവർത്തനങ്ങളും വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിൽ വിജയിച്ചുവെന്നാണ് റിപ്പോർട്ട്.

പത്തുവർഷത്തെ ഭരണത്തിന് ശേഷമുള്ള സ്വാഭാവികമായ ഭരണവിരുദ്ധ വികാരം പ്രതിപക്ഷം വലിയ ആയുധമാക്കിയിരുന്നു. എന്നാൽ, സർക്കാരിൻ്റെ ക്ഷേമപദ്ധതികളും വികസന നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിയെന്നും, അത് വോട്ടായി മാറിയെന്നുമാണ് പാർട്ടിയുടെ വാദം. പ്രത്യേകിച്ച് സ്ത്രീ വോട്ടർമാരുടെ പിന്തുണ സർക്കാരിന് അനുകൂലമായ തരംഗം സൃഷ്ടിച്ചുവെന്ന് സി.പി.എം വിലയിരുത്തുന്നു.

മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ന്യൂനപക്ഷ വോട്ടുകളിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നത് പാർട്ടി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. യു.ഡി.എഫ് ഉയർത്തിയ പ്രചാരണങ്ങൾ ചില പോക്കറ്റുകളിൽ സ്വാധീനം ചെലുത്തിയേക്കാമെങ്കിലും, ബി.ജെ.പിയുടെ മുന്നേറ്റം തടയാൻ എൽ.ഡി.എഫിന് മാത്രമേ കഴിയൂ എന്ന ബോധ്യം വോട്ടർമാർക്കിടയിൽ ഉണ്ടായതായി പാർട്ടി കരുതുന്നു. ബി.ജെ.പി ശക്തമായ മത്സരം കാഴ്ചവെച്ച മണ്ഡലങ്ങളിൽ വോട്ട് വിഹിതത്തിലുണ്ടാകുന്ന മാറ്റം വിജയസാധ്യതയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ചില കേന്ദ്രങ്ങൾ പങ്കുവെക്കുന്നുണ്ട്.

പുതിയ വോട്ടർമാരുടെയും യുവാക്കളുടെയും നിലപാടുകൾ ഇത്തവണ നിർണ്ണായകമാകും. തൊഴിലില്ലായ്മയും വിവാദങ്ങളും പ്രതിപക്ഷം ആയുധമാക്കിയപ്പോൾ, നവകേരള നിർമ്മിതിയും ഐ.ടി-വ്യവസായ മേഖലകളിലെ മുന്നേറ്റവുമാണ് സി.പി.എം ഉയർത്തിക്കാട്ടിയത്. യുവാക്കളുടെ പിന്തുണ വലിയ തോതിൽ ലഭിച്ചുവെന്നാണ് പാർട്ടിയുടെ സൈബർ വിങ്ങിൻ്റെയും മറ്റും വിലയിരുത്തൽ.

കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിൽ പോലും ചെറിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിച്ചു കയറാമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്. 2021-ലെ അത്രയും വലിയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഭരണം നിലനിർത്താൻ ആവശ്യമായ സീറ്റുകൾ (അതായത് 71-ൽ കൂടുതൽ) ഉറപ്പായും ലഭിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്

കണ്ണൂർ & കാസർകോട്: പാർട്ടിയുടെ കരുത്തുറ്റ കോട്ടകളിൽ ഇത്തവണയും വിള്ളലില്ലെന്നാണ് വിലയിരുത്തൽ. കണ്ണൂരിലെ എല്ലാ സീറ്റുകളും നിലനിർത്തുമെന്നും കാസർകോട് ജില്ലയിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. തൃക്കരിപ്പൂരും കാഞ്ഞങ്ങാടും വിജയം ഉറപ്പിക്കുമ്പോൾ, ഉദുമ നിലനിർത്താൻ കടുത്ത പോരാട്ടം നടത്തേണ്ടി വരുമെന്നാണ് സി.പി.എം വിലയിരുത്തുന്നത്.

കോഴിക്കോട്: ജില്ലയിൽ എൽ.ഡി.എഫിന് വലിയ മേൽക്കൈ പ്രവചിക്കുന്നു. പരമ്പരാഗതമായി ഇടതുപക്ഷത്തെ തുണയ്ക്കുന്ന കോഴിക്കോട് ജില്ലയിൽ ഇത്തവണ കടുത്ത പോരാട്ടമാണ് നടന്നതെന്നാണ് സി.പി.ഐ(എം) ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. ജില്ലയിലെ 13 മണ്ഡലങ്ങളിൽ എട്ടിടത്ത് വലിയ വെല്ലുവിളി നേരിട്ടതായും അഞ്ച് സീറ്റുകൾ വരെ നഷ്ടപ്പെട്ടേക്കാമെന്നും പാർട്ടി പ്രാഥമികമായി കണക്കുകൂട്ടുന്നു.

നിലവിൽ ഇടതുമുന്നണിയുടെ കൈവശമുള്ള കോഴിക്കോട് സൗത്ത്, നാദാപുരം, തിരുവമ്പാടി എന്നീ മണ്ഡലങ്ങൾ ഇത്തവണ കൈവിട്ടുപോയേക്കാമെന്ന് പാർട്ടി ഭയപ്പെടുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യു.ഡി.എഫിന് അനുകൂലമായിട്ടുണ്ടെങ്കിൽ നഷ്ടമാകുന്ന സീറ്റുകളുടെ എണ്ണം അഞ്ചു വരെ ഉയർന്നേക്കാം. കടുത്ത പോരാട്ടത്തിന് ഒടുവിലും ബേപ്പൂർ, എലത്തൂർ, കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, കുന്നമംഗലം, കോഴിക്കോട് നോർത്ത് എന്നീ മണ്ഡലങ്ങൾ നിലനിർത്താൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

വയനാട്: രാഹുൽ ഗാന്ധിയുടെ സാന്നിധ്യം യു.ഡി.എഫിന് അനുകൂലമായെങ്കിലും, പ്രാദേശിക വികസന വിഷയങ്ങൾ എൽ.ഡി.എഫിന് തുണയാകുമെന്ന് പാർട്ടി കരുതുന്നു.

മലപ്പുറം: ജില്ലയിൽ നിലവിൽ എൽ.ഡി.എഫിൻ്റെ കൈവശമുള്ള തവനൂരും പൊന്നാനിയും ഇത്തവണയും സുരക്ഷിതമാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു. ഇതിന് പുറമെ, കഴിഞ്ഞ തവണ കേവലം 38 വോട്ടുകൾക്ക് നഷ്ടപ്പെട്ട പെരിന്തൽമണ്ണ തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.എം. മന്ത്രി വി. അബ്ദുറഹിമാൻ ഇത്തവണ താനൂരിൽ നിന്ന് മാറി തിരൂരിലാണ് മത്സരിച്ചത്. തിരൂരിൽ കടുത്ത പോരാട്ടമാണ് നടന്നതെങ്കിലും ജയിച്ചുകയറാനാകുമെന്ന് പാർട്ടി കരുതുന്നു. അതേസമയം, അബ്ദുറഹിമാൻ മാറിയതോടെ താനൂർ മണ്ഡലത്തിൽ വിജയം പ്രവചനാതീതമാണെന്നാണ് പാർട്ടിയുടെ ഉള്ളിലെ വിലയിരുത്തൽ.

പാലക്കാട്: തൃത്താലയും പാലക്കാടും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടന്നതായി പാർട്ടി വിലയിരുത്തുന്നു. കർഷക വോട്ടുകൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. ജില്ലയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട പോരാട്ടങ്ങളിൽ ഒന്നായിരുന്നു തൃത്താല. കടുത്ത മത്സരം നടന്നുവെങ്കിലും എം.ബി. രാജേഷ് ഇവിടെ വിജയിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നും പാർട്ടി കരുതുന്നു.

പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകൾ എൽ.ഡി.എഫ് നിലനിർത്തുമെന്ന് പാർട്ടി വിലയിരുത്തുന്നു. എങ്കിലും, ചില മണ്ഡലങ്ങളിൽ വോട്ട് വിഹിതത്തിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങളിൽ ജയസാധ്യത താരതമ്യേന കുറവാണെന്നാണ് പാർട്ടിയുടെ പ്രാഥമിക കണക്ക്

മധ്യകേരളം: കേരള കോൺഗ്രസ് (എം) ഘടകം

കോട്ടയം & ഇടുക്കി: കേരള കോൺഗ്രസ് (എം) മുന്നണിയിലുള്ളത് ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. പാലായും കാഞ്ഞിരപ്പള്ളിയും നിലനിർത്തുമെന്നും ഇടുക്കിയിൽ ഹൈറേഞ്ച് വികസനം വോട്ടായി മാറിയെന്നും പാർട്ടി കരുതുന്നു.

എറണാകുളം: എപ്പോഴും യു.ഡി.എഫിനെ തുണയ്ക്കുന്ന ജില്ലയിൽ ഇത്തവണ ചില അട്ടിമറികൾ പാർട്ടി പ്രതീക്ഷിക്കുന്നു. ട്വൻ്റി-20 വോട്ടുകൾ ആരെ ബാധിക്കുമെന്നത് ജയപരാജയങ്ങളിൽ നിർണ്ണായകമാകും.

തൃശൂർ: സുരേഷ് ഗോപിയുടെ ലോക്സഭാ വിജയത്തിന് ശേഷം ബി.ജെ.പി വലിയ വെല്ലുവിളി ഉയർത്തിയ ജില്ലയാണിത്. എന്നാൽ നിയമസഭയിൽ ആ വോട്ടുകൾ തിരികെ വരുമെന്നും തൃശ്ശൂർ കോട്ടകൾ ഭദ്രമാണെന്നും സി.പി.എം വിശ്വസിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News