Enter your Email Address to subscribe to our newsletters

Thiruvananthapuram, 12 ഏപ്രില്‍ (H.S.)
കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ആര്‍.എല്‍ നിതിന്‍ രാജിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ സമഗ്ര അന്വേഷണം നടത്തണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല് എംപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് നിതിന്റെ രക്ഷിതാക്കളും സഹവിദ്യാര്‍ത്ഥികളും ഉന്നയിക്കുന്നത്. ഇതിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തണം. ജാതിയുടെയും നിറത്തിന്റെയും മാതാപിതാക്കളുടെ തൊഴിലിന്റെയും പേരില്‍ വലിയ അധിക്ഷേപമാണ് നിതിന് കോളേജില്‍ നിന്ന് നേരിടേണ്ടിവന്നത്.ഇതിനെതിരെ പരാതിപ്പെട്ടിട്ടും അതിന് വേണ്ട പരിഗണന നല്‍കിയില്ലെന്ന നിതിന്റെ രക്ഷിതാക്കാളുടെ ആക്ഷേപം ഗൗരവകരമാണ്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് നീചമനസിന് ഉടമകളായ ചിലരുടെ ക്രിമിനല്‍ നടപടികൊണ്ട് തല്ലിക്കെടുത്തിയത്.ഇത്തരത്തില്‍ നികൃഷ്ടമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നവര്‍ ഇപ്പോഴും അധ്യാപക സമൂഹത്തിലുണ്ടെന്നത് ഏറെ അപമാനകരമാണ്. രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ല.
പേരിനൊരു അന്വേഷണം നടത്തി പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം ഉണ്ടായാല്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. നിതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ നിയമപരമായ പോരാട്ടത്തിന് എല്ലാ സഹായവും നല്‍കും. ഇത്തരം ദുരന്തങ്ങള്‍ ഇനിയൊരു കോളേജിലും ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികളാണ് സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചും ഇന്റേര്‍ണല്‍ മാര്‍ക്ക് കുറച്ചും പ്രതികാരം തീര്‍ക്കുമെന്ന വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തലിലൂടെ തന്നെ എത്രത്തോളം ഗുരുതരമായ സാഹചര്യമാണ് കോളേജില്‍ നിലനില്‍ക്കുന്നതെന്ന് വ്യക്തമാണ്. സമാന കുറ്റകൃത്യത്തിന് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ശിക്ഷണ നടപടിക്ക് വിധേയനായ അധ്യാപകനെ വീണ്ടും തുടരാന്‍ കോളേജ് അധികൃതര്‍ അനുവദിച്ചതും നിതിന്റെ ജീവനെടുക്കാന്‍ കാരണമായെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S