Enter your Email Address to subscribe to our newsletters

Thiruvananthapuram, 12 ഏപ്രില്‍ (H.S.)
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മെയ് നാലുവരെ യുഡിഎഫ് നേതൃത്വം ഭരണപക്ഷം പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുമെന്നും ഫണ്ട് സമാഹരണമാണ് അതിൻ്റെ ലക്ഷമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെയ് നാലു വരെ തങ്ങൾ ഭരണത്തിൽ വരാൻ പോകുന്നു എന്ന പ്രതീതി യുഡിഎഫ് നേതൃത്വം സൃഷ്ടിക്കും. അതിന് പല കാരണങ്ങളുണ്ട്. ഒന്ന് നല്ല രീതിയിൽ ഫണ്ട് സമാഹരണം നടത്താൻ സൗകര്യം ഉണ്ടാകും എന്നതാണ്.
ഇത് കഴിഞ്ഞ തവണയും ഉണ്ടായിട്ടുണ്ട്. 2021ൽ വോട്ടെണ്ണുന്നതിന് മുമ്പ് വകുപ്പ് വിഭജനം വരെ അവർ നടത്തിയിട്ടുണ്ട്. അന്നത്തെ യുഡിഎഫ് നേതൃത്വത്തിൻ്റെ പ്രതികരണങ്ങൾ പരിശോധിച്ചാൽ ഇതിനപ്പുറം ആണ് അവർ പറഞ്ഞതെന്ന് കാണാൻ കഴിയും.
സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരും. കോഴിക്കോട് ജില്ലയിൽ എൽഡിഎഫ് മികച്ച വിജയം നേടും. ബേപ്പൂരിൽ 2021 ൽ ആകെ ലഭിച്ച സർവ്വകാല റെക്കോർഡ് ആയ 82,000 വോട്ടിനേക്കാൾ കൂടുതൽ നേടി വലിയ വിജയം എൽഡിഎഫിന് ഉണ്ടാകും.
തെരഞ്ഞെടുപ്പിൽ ഒരു ന്യൂനപക്ഷ ഏകീകരണവും ഉണ്ടായിട്ടില്ല. വികസനവും പൊതു രാഷ്ട്രീയവുമാണ് ചർച്ച ചെയ്യപ്പെട്ടത്. കേരളത്തിൽ നേറ്റിവിറ്റി കാർഡ് കൊണ്ടുവന്നതും പൗരത്വ രജിസ്റ്റർ നടപ്പിലാക്കില്ലെന്ന് വിജ്ഞാപനമിറക്കിയതും മതനിരപേക്ഷ മനസ്സുകളിൽ എൽഡിഎഫ് സർക്കാരിന് അനുകൂലമായി നല്ല മതിപ്പ് സൃഷ്ടിച്ചു. യുഡിഎഫും ബിജെപിയും തമ്മിൽ എന്ത് ഡീൽ ഉണ്ടാക്കിയാലും അതിനെ മറികടക്കാനുള്ള ജനകീയ പിന്തുണ എൽഡിഎഫിനുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S