കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യം ഉണ്ടെങ്കിലും 45 മുതൽ 55 ഡിഗ്രി വരെ ചൂട് കൂടുമെന്ന വാട്സാപ്പ് സന്ദേശങ്ങൾ വ്യാജമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
Kasaragod , 13 ഏപ്രില് (H.S.) കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യം ഉണ്ടെങ്കിലും 45 മുതൽ 55 ഡിഗ്രി വരെ ചൂട് കൂടുമെന്ന വാട്സാപ്പ് സന്ദേശങ്ങൾ വ്യാജമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സിവിൽ ഡിഫൻസ് എന്നാ വകുപ്പിൻ്റെ പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. എന
Weather update


Kasaragod , 13 ഏപ്രില് (H.S.)

കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യം ഉണ്ടെങ്കിലും 45 മുതൽ 55 ഡിഗ്രി വരെ ചൂട് കൂടുമെന്ന വാട്സാപ്പ് സന്ദേശങ്ങൾ വ്യാജമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സിവിൽ ഡിഫൻസ് എന്നാ വകുപ്പിൻ്റെ പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. എന്നാൽ അത്തരം ഒരു വകുപ്പ് ഇല്ലെന്നും ഇത് വ്യാജ സന്ദേശം ആണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നി രക്ഷ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (ksdma) പേജുകൾ സന്ദർശിക്കണം എന്നുമാണ് നിർദേശം.

വ്യാജ പ്രചരങ്ങൾക്കെതിരെ നടപടി

ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, സെക്ഷന് 54 അനുസരിച്ച് ശിക്ഷാർഹമാണ്.

ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം, കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് സന്ദേശങ്ങൾക്കെതിരെ ആണ് നടപടി.

വ്യാജ സന്ദേശം ഇങ്ങനെ

അടിയന്തര മുന്നറിയിപ്പ് നൽകി

ഏപ്രിൽ 29 മുതൽ മെയ് 12 വരെ രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ആരും (പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ) പുറത്തിറങ്ങരുത്. താപനില 45°C മുതൽ 55°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആർക്കെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ പെട്ടെന്ന് അസുഖം അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. ശരിയായ വായുസഞ്ചാരത്തിനായി മുറികളുടെ വാതിലുകൾ തുറന്നിടുക. അമിതമായ ചൂട് കാരണം സ്ഫോടന സാധ്യതയുള്ളതിനാൽ മൊബൈൽ ഫോണുകളുടെ ഉപയോഗം കുറയ്ക്കുക. ശ്രദ്ധിക്കുക, ഈ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടുക.

തൈര്, മോര്, വെറ്റില നീര് തുടങ്ങിയ ശീതളപാനീയങ്ങൾ ധാരാളം കുടിക്കുക.

വളരെ പ്രധാനപ്പെട്ട വിവരങ്ങൾ:

ജനങ്ങൾക്കും താമസക്കാർക്കും സിവിൽ ഡിഫൻസ് വകുപ്പ് ഇനിപ്പറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു.

വരും ദിവസങ്ങളിൽ താപനില 47°C മുതൽ 55°C വരെ ഉയരാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ചൂടുള്ള കാറ്റ് വീശാൻ സാധ്യതയുണ്ട്, ഇത് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കും. അതിനാൽ, ഈ മുൻകരുതലുകൾ പാലിക്കണം:കാറുകളിൽ സൂക്ഷിക്കാൻ പാടില്ലാത്ത കാര്യങ്ങൾ:

ഗ്യാസ് ഉൽപ്പന്നങ്ങൾലൈറ്ററുകൾകാർബണേറ്റഡ് പാനീയങ്ങൾപെർഫ്യൂമുകളും ബാറ്ററികളുംകാറിൻ്റെ ജനാലകൾ ചെറുതായി തുറന്നിടുകകാറിന്റെ ഇന്ധന ടാങ്ക് പൂർണ്ണമായും നിറയ്ക്കരുത്വൈകുന്നേരം ഇന്ധന ടാങ്ക് നിറയ്ക്കുകരാവിലെ കാറിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുകയാത്ര ചെയ്യുമ്പോൾ ടയറുകളിൽ അമിതമായി കാറ്റ് നിറയ്ക്കരുത്

മറ്റ് മുൻകരുതലുകൾ:

തണുത്ത സ്ഥലങ്ങളിൽ തേളുകളും പാമ്പുകളും വീടുകളിൽ പ്രവേശിക്കാം, അതിനാൽ ശ്രദ്ധിക്കുക

ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കുക

ഗ്യാസ് സിലിണ്ടർ വെയിലത്ത് വയ്ക്കരുത്

വൈദ്യുതി മീറ്ററുകളിൽ അധികം ലോഡ് വയ്ക്കരുത്

ആവശ്യമായ മുറികളിൽ മാത്രം എയർ കണ്ടീഷനിംഗ് ഉപയോഗിക്കുക

ഓരോ 2-3 മണിക്കൂറിലും കുറഞ്ഞത് 30 മിനിറ്റ് ഇടവേള എടുക്കുക

പുറത്തെ താപനില 45–47°C ആയിരിക്കുമ്പോൾ, എസി 24–25°C ആയി സജ്ജമാക്കുക

രാവിലെ 10 നും 3 നും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

ഔദ്യോഗിക മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

പകൽ 11 മുതല് വൈകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള് പകല് സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള് ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻൻ്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള് അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള് 11 മുതല് 3 വരെ കുട്ടികള്ക്ക് നേരിട്ട് ചൂട് ഏല്ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല് വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്ജലീകരണം തടയാന് കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില് കയ്യില് കരുതുക.

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News