Enter your Email Address to subscribe to our newsletters

Bhopal , 13 ഏപ്രില് (H.S.)
കുഭമേള വൈറൽ താരത്തിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അന്വേഷണം ഊർജിതമാക്കി മധ്യപ്രദേശ് പൊലീസ്. സംഭവത്തിൽ കേരള പൊലീസിൽനിന്ന് മധ്യപ്രദേശ് പൊലീസ് കൂടുതൽ വിവരങ്ങൾ തേടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പോക്സോ വകുപ്പുകൾ പ്രകാരവുമാണ് ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഹാജരാക്കിയ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ദേശീയ പട്ടികജാതി കമ്മിഷൻ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ഫർമാനെതിരെ അടിയന്തരമായി കേസെടുക്കാൻ കമ്മിഷൻ്റെ അന്വേഷണ സംഘം മധ്യപ്രദേശ് പൊലീസിന് നിർദേശം നൽകി.
പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ കേരളത്തിൽ നടന്ന വിവാഹത്തിൻ്റെ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ മധ്യപ്രദേശ് പൊലീസിന് ലഭിച്ചിട്ടില്ല. ഈ രേഖകൾ ഔദ്യോഗികമായി കൈമാറാൻ കേരള പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ ഇതുസംബന്ധിച്ച വിവരവിനിമയം വരും ദിവസങ്ങളിൽ നടത്തും. ഈ മാസം 22ന് മുമ്പ് അന്വേഷണ പുരോഗതി അറിയിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ മധ്യപ്രദേശ് ഡിജിപിയോട് ദേശീയ പട്ടികജാതി കമ്മിഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
നേതാക്കൾക്കെതിരെയും പരാതിവൈറൽ താരത്തിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, രാജ്യസഭ എംപി എ എ റഹീം എന്നിവരെ കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിത കമ്മിഷനിൽ പരാതി ലഭിച്ചു. ഒരു സുപ്രീം കോടതി അഭിഭാഷകയാണ് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വനിത കമ്മിഷനെ സമീപിച്ചത്. ഈ പരാതിയുടെ വിശദാംശങ്ങളും പൊലീസിൻ്റെ സജീവ പരിഗണനയിലുണ്ട്. കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കണോ എന്നതടക്കമുള്ള കാര്യങ്ങളിൽ കേരള പൊലീസിൽനിന്ന് ഔദ്യോഗികമായി വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രമേ മധ്യപ്രദേശ് പൊലീസ് അന്തിമ തീരുമാനമെടുക്കൂ. കേസിൽ നിയമോപദേശവും തേടിയിട്ടുണ്ട്.
കുഭമേളയിൽ ഡ്രം വായിച്ച് ശ്രദ്ധേയയായ പെൺകുട്ടിയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം അടുത്തിടെ കേരളത്തിൽ വച്ചാണ് നടന്നത്. ഇതിന് പിന്നാലെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി മതംമാറ്റി വിവാഹം കഴിപ്പിച്ചതാണെന്നും ആരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തുകയായിരുന്നു.
ഈ വിവാഹം കേരളത്തിൻ്റെ യഥാർഥ സ്റ്റോറിയാണെന്ന് ചില രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ചമച്ചാണ് കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്തതെന്ന കമ്മിഷൻ്റെ കണ്ടെത്തൽ കേസിൽ നിർണായക വഴിത്തിരിവായി. നിലവിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിൽ കേരളത്തിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR