Enter your Email Address to subscribe to our newsletters

Kottayam , 13 ഏപ്രില് (H.S.)
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ചിൽ വമ്പൻ പാളിച്ചയെന്ന് സൂചന. തെരഞ്ഞെടുപ്പിൽ സിറോ മലബാർ സഭയുടെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ യുഡിഎഫിന് വേണ്ടി പരസ്യമായി വോട്ട് ചോദിച്ചുവെന്ന വിമർശനമാണ് പിസി ജോർജ് ഉന്നയിച്ചത്. സഭയ്ക്ക് ബിജെപിയെ വേണ്ടെങ്കിൽ തിരിച്ചും അങ്ങനെ തന്നെ എന്നായിരുന്നു ഷോൺ ജോർജിൻ്റെ പ്രതികരണം. സഭയുടെ മുഖപത്രമായ ദീപികയെയും ഷോൺ ജോർജും പിസി ജോർജും വിമർശിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ വിമർശനം ഉന്നയിക്കുമ്പോഴും പാലാ ബിഷപ്പ് നിഷ്പക്ഷനാണെന്നായിരുന്നു പി സി ജോർജ് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ അതേ പാലാ ബിഷപ്പ് തന്നെ ഇപ്പോൾ ജോർജിനെതിരെ പരസ്യമായി രംഗത്തെത്തിയത് സഭയുടെ പൂർണ എതിർപ്പിൻ്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു.
ഭീഷണി വിലപ്പോകില്ല
പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കരുതെന്നും ചാനലുകളിൽ കയ്യടിക്ക് വേണ്ടി സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും, ഭീഷണിയുടെ സ്വരം സഭയുടെ അടുത്ത് വിലപ്പോകില്ലെന്നുമായിരുന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സഭയുമായി ബന്ധപ്പെട്ട പൊതുയോഗത്തിൽ പ്രസംഗിച്ചത്. കുറവിലങ്ങാട് ജയ്ഗിരി പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ ബിഷപ്പ് നടത്തിയ പ്രസംഗമാണ് പിസി ജോർജിനും മകനുമെതിരായ വിമർശനമെന്ന തരത്തിൽ വലിയ ചർച്ചയാവുന്നത്.
രാഷ്ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നത് സഭ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ ആയിരക്കണക്കിന് വൈദികരും വിശ്വാസികളുമുള്ള ഈ സഭയെ മൂലയ്ക്ക് ഇരുത്താമെന്നോ, സഭ മിണ്ടാപ്രാണികളായി ന്യൂട്രൽ ആയിരിക്കണമെന്നോ ആരും കരുതേണ്ടതില്ല. ആർക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പറയുന്നതെന്ന് വ്യക്തമല്ലെന്നും, മെത്രാന്മാർ നിശബ്ദരായിരിക്കണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും ബിഷപ്പ് പറഞ്ഞു.
രഹസ്യമായി വോട്ടു ചോദിച്ചുവെന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, പരസ്യമായി തന്നെ വോട്ടു ചോദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി. ഭരണഘടന അനുവാദം നൽകുന്ന കാര്യമാണിതെന്നും ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് വോട്ട് ചോദിക്കാൻ ആരെയും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മെത്രാന്മാർക്കും വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പി സി ജോർജ് പാലാ ബിഷപ്പ് ഹൗസ് സന്ദർശിച്ചിരുന്നുവെങ്കിലും അവിടുത്തെ താമസമുറികൾക്ക് മുന്നിൽ വെച്ച് നടത്തിയ പ്രസ് മീറ്റിലെ പരാമർശങ്ങൾ ബിഷപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. മെത്രാന്മാർ താമസിക്കുന്ന മുറികൾക്ക് മുന്നിൽ നിന്ന് എന്തും വിളിച്ചു പറയുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയെന്ന് അദ്ദേഹം വിമർശിച്ചു. സഭയുടെ മുഖപത്രമായ 'ദീപിക'യ്ക്കെതിരെയുള്ള വിമർശനങ്ങളെയും ബിഷപ്പ് പ്രതിരോധിച്ചു. ദീപിക സത്യം പറയുന്ന പത്രമാണെന്നും അതിനെതിരെ ഇത്തരത്തിൽ രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പി സി ജോർജിൻ്റെ ഭാഷാശൈലിയിൽ സഭയ്ക്ക് അമർഷം
പി സി ജോർജ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെ വിമർശിക്കാൻ ഉപയോഗിച്ച ഭാഷയിലും സഭയ്ക്ക് അമർഷമുണ്ടെന്നാണ് മാർ കല്ലറങ്ങാട്ടിൻ്റെ പ്രതികരണത്തിൽനിന്ന് വ്യക്തമാക്കുന്നത്. കാഞ്ഞിരപ്പള്ളി ബിഷപ്പ് സിസ്റ്റേഴ്സിനോട് 'ഊളത്തരം' പറഞ്ഞുവെന്നായിരുന്നു ജോർജിൻ്റെ പരാമർശം. ഒട്ടനവധി തവണ ഇത്തരം വാക്കുകൾ ഉപയോഗിച്ച് സഭയെയും സഭാ പിതാക്കൻമാരെയും ആക്ഷേപിക്കാനായിരുന്നോ എന്ന സംശയമാണ് മാർ കല്ലറങ്ങാട്ട് പ്രതികരണത്തിലൂടെ പങ്കുവെയ്ക്കുന്നത്. പിസിയുടെയും മകൻ ഷോണിൻ്റെയും അഭിപ്രായങ്ങൾ സഭയെ വെല്ലുവിളിക്കുന്ന തരത്തിലാണെന്നാണ് സിറോ മലബാർ സഭ വിലയിരുത്തുന്നതെന്നും പാലാ ബിഷപ്പിൻ്റെ പരസ്യപ്രസ്താവനയിൽ നിന്നും വ്യക്തമാവുന്നുണ്ട്. അതിനൊരു താക്കീത് നൽകാൻ കൂടി ബിഷപ്പ് ഈ അവസരം ഉപയോഗിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ബിജെപിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ചിൽ പാളിച്ച
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതോടെയാണ് ക്രിസ്ത്യൻ ഔട്ട് റീച്ച് ഊർജിതപ്പെടുത്താൻ ബിജെപി തീരുമാനിച്ചത്. അതിൻ്റെ അടിസ്ഥാനത്തിൽ സഭകളുമായി നിരന്തര ആശയവിനിമയമാണ് ബിജെപി നടത്തി വന്നത്. എന്നാൽ ഉത്തരേന്ത്യയിലെ ക്രൈസ്തവ പുരോഹിതരെയടക്കം സംഘപരിവാർ സംഘടനകൾ നിരന്തരമായി ആക്രമണത്തിന് ഇരയാക്കിയതോടെ സംസ്ഥാനത്തെ ബിജെപി നേതൃത്വവുമായുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
അതിനിടയിൽ ക്രൈസ്തവ സഭകളുടെ സ്വത്തിനെ പറ്റി ആർഎസ്എസ് മുഖപത്രമായ ഓർഗെനെസർ ഓൺെലെനിൽ ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെ സഭാ നേതൃത്വം രംഗത്ത് വരികയും ചെയ്തിരുന്നു. തുടർന്ന് ലേഖനം ഓർഗനൈസർ പിൻവലിച്ചുവെങ്കിലും സഭകളുമായുള്ള ബന്ധത്തിൽ അത് കരിനിഴൽ വീഴ്ത്തി. ഇതിന് ശേഷമാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ എഫ്സിആർഎ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ഇത് സമ്മർദ്ദ തന്ത്രമായിരുന്നുവെന്നും റോയ് മാത്യു ചൂണ്ടിക്കാട്ടുന്നു. എന്നാൽ സിറോ മലബാർ സഭയ്ക്കൊപ്പം മറ്റ് സഭകൾ കൂടി രംഗത്തിറങ്ങിയതോടെ ബിജെപിയുടെ സമ്മർദതന്ത്രം പാളിയെന്നും അദ്ദേഹം വിലയിരുത്തുന്നു. തുടർച്ചയായുള്ള സംഭവങ്ങളിൽ ബിജെപിയോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതാണ് സഭകൾ പാർട്ടിയിൽ നിന്ന് അകലാൻ കാരണമെന്നും അദ്ദഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR