Enter your Email Address to subscribe to our newsletters

Kannur , 13 ഏപ്രില് (H.S.)
നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകൻ ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ രംഗത്ത്. റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ തുറന്നു പറഞ്ഞു. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് അധ്യാപകൻ നിർദേശം നൽകുന്നത് പതിവെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
നിറത്തിൻ്റെ പേരിൽ കുട്ടികളെ അധിക്ഷേപിക്കുന്നുവെന്ന് വിദ്യാർഥികളിൽ ഒരാളായ നയന പറയുന്നു . നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിന് പരാതി നൽകിയിട്ടുണ്ട്. അതിൻ്റെ വിവരങ്ങൾ പോലും അറിയില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്കിന്നി എന്നിങ്ങനെയാണ് വിദ്യാർഥികളെ അധ്യാപകൻ വിളിച്ചിരുന്നത്.
ആൺകുട്ടികളെ അധ്യാപകൻ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും. തിരിച്ച് പ്രതികരിക്കാൻ കഴിയില്ല. തല്ലാൻ വരുന്ന ആൺകുട്ടിയ്ക്കും മറ്റ് മാർഗമില്ല. ആ കുട്ടിയും നിസഹായനാണെന്ന് വിദ്യാർഥിനി പറയുന്നു. പരാതി പറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും വിദ്യാര്ഥി കൂട്ടിച്ചേര്ത്തു.
കോളജിനെതിരെ പ്രത്യക്ഷസമരത്തിലാണ് വിദ്യാർഥികൾ. ക്ലാസുകൾ ബഹിഷ്കരിച്ച് വിദ്യാര്ഥികള് സമരത്തിനിറങ്ങി. കോളജ് ക്യാംപസിലേക്ക് വിദ്യാർഥി യുവജനസംഘടനകളും മഹിളാ സംഘടനകളും പ്രതിഷേധം തുടരുകയാണ്.
കെഎസ്യു പ്രതിഷേധത്തില് സംഘര്ഷം
അഞ്ചരക്കണ്ടി ഡെന്റല് മെഡിക്കൽ കോളജ് വിദ്യാർഥി നിധിൻ രാജിൻ്റെ മരണത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ എസ് യു നടത്തിയ പ്രതിഷേധം വൻ സംഘർഷത്തിൽ ആണ് കലാശിച്ചത്. മരണത്തിൽ പ്രതികളായ അധ്യാപകരെ പൊലീസ് സംരക്ഷിക്കുകയാണെന്നും പ്രതികൾക്ക് രക്ഷപെടാൻ അവസരമൊരുക്കുകയും സംഭവത്തിൽ പൊലീസ് തന്നെ അനാവശ്യ പുകമറ സൃഷ്ടിക്കുകയാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു കെഎസ്യു പ്രതിഷേധം.
മെഡിക്കൽ കോളജ് ഗേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞെങ്കിലും, അത് ഭേദിച്ചും മതിൽ ചാടിക്കടന്നും പ്രവർത്തകർ ക്യാമ്പസിനുള്ളിലേക്ക് ഇരച്ചുകയറി. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ വൻ സംഘർഷമുണ്ടായി. ഏറെ നേരം ക്യാമ്പസിനുള്ളിൽ സംഘർഷാവസ്ഥ നിലനിന്നു. തുടർന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡൻ്റ് എം.സി അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
നിധിൻ രാജിനെ ജാതീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത എച്ച്.ഒ.ഡി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള കടുത്ത നടപടി സ്വീകരിക്കണമെന്നായിരുന്നു കെഎസ്യുവിൻ്റെ പ്രധാന ആവശ്യം. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായും കെഎസ്യു ആരോപിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR