Enter your Email Address to subscribe to our newsletters

Kannur , 14 ഏപ്രില് (H.S.)
അടയ്ക്ക വിപണിയിൽ വലിയ ഉണർവ് പ്രകടമായതോടെ കർഷകർക്ക് ആശ്വാസമായി. മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച വിലയാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്. യുദ്ധസമയത്ത് വിപണിയിൽ 60 രൂപ കുറഞ്ഞെങ്കിലും നിലവിൽ വില 500 കടന്നു.
ഇത്തവണ ചരിത്രത്തിൽ ആദ്യമായി വില 600 കടക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കേരളത്തെ അപേക്ഷിച്ച് 10 രൂപ കൂടുതലാണ് കർണാടകയിൽ ലഭിക്കുന്നത്. അതിനാൽ കർഷകർ കൂടുതലായും കർണാടകയിലാണ് വിൽപന നടത്തുന്നത്. കാസർകോട് ആദൂർ സ്വദേശിയായ കർഷകൻ ശിവപ്രസാദ് 40 ക്വിൻ്റൽ അടയ്ക്കയാണ് ഇതിനോടകം വിറ്റഴിച്ചത്. മികച്ച വിളവിനൊപ്പം ഉയർന്ന വിലയും ലഭിച്ചത് കർഷകർക്ക് ഗുണകരമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ അടയ്ക്കയ്ക്ക് ഏറ്റവും കൂടുതൽ വില ലഭിക്കുന്നത് കാസർകോട് ജില്ലയിലാണ്. പഴയ അടയ്ക്കയ്ക്ക് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 400 മുതൽ 450 രൂപ വരെ വിലയുള്ളപ്പോൾ കാസർകോട്ടെ നിലവിലെ വില 520 രൂപയാണ്. പുതിയ അടയ്ക്കയ്ക്ക് 490 മുതൽ 500 രൂപ വരെ വിലയുണ്ട്. കർണാടകയിൽ പഴയ അടയ്ക്കയ്ക്ക് 530 രൂപയും പുതിയതിന് 510 രൂപയുമാണ് വില. ഗുണമേന്മയിലെ വ്യത്യാസം കാരണം തെക്കൻ കേരളത്തിൽ വില അൽപം കുറവാണ്. കഴിഞ്ഞ വർഷം പരമാവധി 540 രൂപയായിരുന്നു ഉയർന്ന വില ലഭിച്ചത്.
വില ഉയരാൻ കാരണം
മംഗളൂരു ആസ്ഥാനമായുള്ള അടയ്ക്ക കർഷകരുടെ സഹകരണ സ്ഥാപനമായ കാംപ്കോ അടയ്ക്കയുടെ വില വർധിപ്പിച്ചതാണ് പൊതുവിപണിയിലും പ്രതിഫലിച്ചത്. ഉത്പാദനം ഗണ്യമായി കുറഞ്ഞതും വില ഉയരാൻ കാരണമായെന്ന് കാംപ്കോ അധികൃതർ വ്യക്തമാക്കി. ഈർപ്പമേൽക്കാതെ വളരെ സുരക്ഷിതമായി സൂക്ഷിക്കുന്ന പഴയ കൊട്ടടയ്ക്കയ്ക്കാണ് വിപണിയിൽ ഉയർന്ന വില ലഭിക്കുന്നത്. വില കുറയുമ്പോൾ ഉത്തരേന്ത്യൻ കച്ചവടക്കാർ അടയ്ക്ക വലിയ തോതിൽ ശേഖരിക്കുകയും പിന്നീട് വില കൂടുമ്പോൾ വിൽപന നടത്തുകയും ചെയ്യുന്നതായി വ്യാപാരിയായ വിജയൻ പറഞ്ഞു. വിപണിയിലേക്ക് ആവശ്യത്തിന് അടയ്ക്ക എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂലി വർധനയും പ്രതിസന്ധികളും
അടയ്ക്കയ്ക്ക് വില വർധിക്കുന്നതിന് ആനുപാതികമായി അത് പൊതിക്കുന്ന തൊഴിലാളികളുടെ കൂലിയും വർധിക്കുകയാണ്. കിലോയ്ക്ക് 16 രൂപയാണ് നിലവിലെ കൂലി. മഞ്ഞളിപ്പ്, മഹാളി തുടങ്ങിയ രോഗങ്ങൾ കാരണം കവുങ്ങുകളിൽ ഉത്പാദനം ഗണ്യമായി കുറഞ്ഞിരുന്നു.
രാസവളങ്ങളുടെ ഉയർന്ന വിലയും കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഫൈബർ തോട്ടി ഉപയോഗിച്ച് മരുന്നടിക്കുന്ന തൊഴിലാളികൾക്ക് ഇരട്ടി കൂലി നൽകേണ്ടി വരുന്നതും കർഷകരുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ അതിർത്തി പരിശോധന കർശനമാക്കിയത് വലിയ മാറ്റമുണ്ടാക്കി. ഇതോടെ മ്യാൻമർ, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ അടയ്ക്കയുടെ ഇറക്കുമതി ഗണ്യമായി കുറഞ്ഞു. വിദേശ അടയ്ക്ക വരാതായത് ആഭ്യന്തര കർഷകർക്ക് വലിയ അനുഗ്രഹമായി മാറി.
വിദേശ ഇറക്കുമതിക്ക് ശാശ്വതമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കവുങ്ങ് കൃഷിയുള്ളത് കാസർകോട് ജില്ലയിലാണ്. കൃഷിവകുപ്പിൻ്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 96570.49 ഹെക്ടർ കവുങ്ങ് കൃഷിയിൽ 20080.88 ഹെക്ടറും കാസർകോട്ടാണ്. പ്രതിവർഷം 40734 ടണ്ണിലധികം അടയ്ക്കയാണ് ജില്ലയിൽ നിന്ന് വിളവെടുക്കുന്നത്. സംസ്ഥാനത്തെ ആകെ വാർഷിക ഉത്പാദനം 103158 ടണ്ണാണ്. ഗുണമേന്മയിലും ഉത്പാദനത്തിലും കാസർകോടൻ അടയ്ക്ക തന്നെയാണ് എക്കാലവും മുന്നിൽ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR