Enter your Email Address to subscribe to our newsletters

Kochi, 14 ഏപ്രില്‍ (H.S)
സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ലിസ് മാത്യുവിനേയും ഹൈക്കോടതി അഭിഭാഷക എ.കെ. പ്രീതയെയും കേരള ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശചെയ്തു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം യോഗമാണ് കേന്ദ്ര സർക്കാരിന് ശുപാർശ കൈമാറിയത്. ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കുന്നതോടെ കേരള ഹൈക്കോടതിയിലെ വനിത ജഡ്ജിമാരുടെ എണ്ണം അഞ്ചാകും. സുപ്രധാനമായ പല കേസുകളിലും ഹാജരായിട്ടുള്ള പ്രഗത്ഭ അഭിഭാഷകരാണ് ഇരുവരും.
ലിസ് മാത്യു- സ്ഥാനത്തെത്തുന്ന ആദ്യ സുപ്രീം കോടതി സീനിയർ അഭിഭാഷക
കെ.കെ. വേണുഗോപാലിന്റെയും ഇന്ദു മൽഹോത്രയുടെയും ജൂനിയറായിരുന്നു ലിസ് മാത്യു. സുപ്രധാന കേസുകളിൽ അമിക്കസ് ക്യുറിയായിരുന്നു. കേരള ഹൈക്കോടതി ജഡ്ജിയാകുന്ന ആദ്യ സുപ്രീം കോടതി സീനിയർ അഭിഭാഷകയാണ് ലിസ് മാത്യു.
രാജ്യത്തിന്റെ നിയമചരിത്രത്തിൽ സുപ്രധാനമായ പത്തോളം കേസുകളിൽ അമിക്കസ് ക്യുറി ആയിരുന്നു. വനം പരിസ്ഥിതി വിഷയങ്ങളിലെ നാഴികല്ലായ എം.സി. മേത്ത കേസും രാജ്യത്തെ ജയിലുകളിലെ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട കേസും ഇതിൽ ഉൾപ്പെടും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിഭാഷകയായും ലിസ് മാത്യു സുപ്രീം കോടതി ഉൾപ്പടെ വിവിധ കോടതികളിൽ ഹാജരായിട്ടുണ്ട്.
മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, മുൻ സുപ്രീം കോടതി ജഡ്ജി ഇന്ദു മൽഹോത്ര എന്നിവരുടെ ചേമ്പറുകളിൽ ജൂനിയർ ആയിരുന്നു. 2011 മുതൽ 2016 വരെ കേരള സർക്കാരിന്റെ സ്റ്റാന്റിങ് കൗൺസൽ ആയി സേവനമനുഷ്ഠിച്ചു. കേരള ചരിത്രത്തിൽ നിർണായകമായ ശബരിമല യുവതി പ്രവേശനക്കേസിലും പത്മനാഭസ്വാമി ക്ഷേത്രം കേസിലും സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകയായിരുന്നു. ശബരിമലയിൽ യുവതി പ്രവേശനത്തെ എതിർത്ത് സുപ്രീം കോടതിയിൽ കേരള സർക്കാരിനുവേണ്ടി സത്യവാങ്മൂലം ഫയൽചെയ്തത് അഭിഭാഷകയായ ലിസ് മാത്യു ആയിരുന്നു.
2008-ൽ സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ആയി. 2024 ജനുവരി 19-ന് ലിസ് മാത്യുവിനേയും ഭർത്താവ് രാകേന്ദ് ബസന്തത്തിനെയും സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരായി ഡെസിഗനേറ്റ് ചെയ്തു. സുപ്രീം കോടതിയിൽ ഒരേ ദിവസം സീനിയർ അഭിഭാഷരായി ഡെസൈനേറ്റ് ചെയ്യപ്പെട്ട ഏക ദമ്പതികളാണ് ലിസും രാകേന്ദും. ഡൽഹി സംസ്‌കൃതി സ്‌കൂളിൽ പഠിക്കുന്ന താര ബസന്ത്, നിഖിൽ ബസന്ത് എന്നിവരാണ് മക്കൾ. കൊച്ചി പനമ്പള്ളിനഗറിൽ താമസിക്കുന്ന മാത്യു അന്ത്രപ്പേർ, മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ.
എ.കെ. പ്രീത- രോഗികളുടെ മൗലികാവകാശം സംബന്ധിച്ച സുപ്രധാന ഉത്തരവ് സമ്പാദിച്ച അഭിഭാഷക
മെഡിക്കൽ റെക്കോർഡുകൾ ഒരു രോഗിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ ഉത്തരവ് എ.കെ. പ്രീത വാദിച്ച കേസിലാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. രാജ്യത്തെ ആരോഗ്യ മേഖലയിൽ ഏറ്റവും സുപ്രധാനമായ ഉത്തരവുകളിൽ ഒന്നായാണ് ഈ ഉത്തരവിനെ വിശേഷിപ്പിക്കുന്നത്. പിങ്ക് പോലീസ് കേസ്, തോട്ടം തൊഴിലാളികളുടെ നിർവചനം എന്നിവ സംബന്ധിച്ച സുപ്രധാനമായ വിധികളും പ്രീത ഹാജരായ കേസുകളിലാണ് കേരള ഹൈക്കോടതി പുറപ്പടുവിച്ചത്. ശബരിമല യുവതീ പ്രവേശനത്തെ എതിർത്ത് റെഡി ടു വൈറ്റ് എന്ന സംഘടനയ്ക്ക് വേണ്ടി ഹാജരായതും എ.കെ. പ്രീതയാണ്.
കേരള ഹൈക്കോടതിയിൽ മൂന്ന് പതിറ്റാണ്ടായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് എ.കെ. പ്രീത. ഹൈക്കോടതി മുൻ ജഡ്ജി എം. രാമചന്ദ്രന്റെ ജൂനിയർ ആയിരുന്നു. ഭരണഘടന, തൊഴിൽ, സർവീസ് കേസുകളിൾ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലോ അക്കാഡമിയിൽനിന്ന് 1996-ൽ നിയമത്തിൽ ബിരുദം നേടിയ പ്രീത 1997 മുതൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയാണ്.
---------------
Hindusthan Samachar / Sreejith S