Enter your Email Address to subscribe to our newsletters

Kannur, 15 ഏപ്രില്‍ (H.S.)
കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി അഭിപ്രായങ്ങൾ പലവിധം. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിവരണമെന്നും സംസ്ഥാനത്തെ നയിക്കണമെന്നുമുള്ള ആഗ്രഹം പ്രകടമാക്കി കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ. സുധാകരൻ. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ്, തിരഞ്ഞെടുപ്പ് ഫലം പോലും വരും മുന്നെ കെ.സി. വേണുഗോപാൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന സൂചനകൾ നൽകിക്കൊണ്ട് സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ദേശീയതലത്തിൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി നിർണായക ചുമതലകൾ നിർവഹിക്കുമ്പോഴും കേരള രാഷ്ട്രീയത്തിൽ വേണുഗോപാലിന്റെ സാന്നിധ്യം എത്രത്തോളം അനിവാര്യമാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചതായി സുധാകരൻ ചൂണ്ടിക്കാട്ടി. താഴെത്തട്ടിലുള്ള പ്രവർത്തകരെ ഉണർത്താനും സ്ഥാനാർഥികൾക്ക് ആത്മവിശ്വാസം പകരാനും അദ്ദേഹത്തിന് കഴിഞ്ഞു. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ പാത പിന്തുടർന്ന് കേരളത്തെ നയിക്കാൻ കെ.സി. വേണുഗോപാലിന് സാധിക്കുമെന്ന ആത്മവിശ്വാസം പ്രവർത്തകർക്കിടയിൽ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു നേതാവിന്റെ മഹത്വം പദവികളിലല്ല, പ്രവർത്തന പാരമ്പര്യത്തിലാണെന്നും താഴെത്തട്ടിൽ നിന്ന് വളർന്നുവന്ന കെ.സിക്ക് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാൻ കഴിയൂ എന്നും സുധാകരൻ കുറിച്ചു. പ്രതിസന്ധികളിലെ ഉറച്ച നിലപാടും പ്രവർത്തകരോടുള്ള വിനയവുമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നത്. വെറുമൊരു നേതാവ് എന്നതിലുപരി പ്രവർത്തകരുടെ സഹയാത്രികനായി നിൽക്കാൻ കഴിയുന്നതാണ് അദ്ദേഹത്തിന്റെ കരുത്തെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ദേശീയ നേതൃത്വത്തിന് കരുത്തുപകരുന്നത് പോലെ തന്നെ, കേരളത്തിലെ ജനങ്ങളെയും പ്രവർത്തകരെയും പ്രചോദിപ്പിച്ച് നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കെ.സി. വേണുഗോപാലിന് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് സുധാകരൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
---------------
Hindusthan Samachar / Sreejith S