ഡൽഹിയിലെ രോഹിണിയിൽ ചേരിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടു വയസ്സുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ വെന്തുമരിച്ചു
Newdelhi , 15 ഏപ്രില് (H.S.) ഡൽഹിയിലെ രോഹിണിയിൽ ചേരിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടു വയസ്സുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ വെന്തുമരിച്ചു. ഭർത്താവും ഭാര്യയും ഇവരുടെ മകളുമാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്
Rohini Slum


Newdelhi , 15 ഏപ്രില് (H.S.)

ഡൽഹിയിലെ രോഹിണിയിൽ ചേരിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടു വയസ്സുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ വെന്തുമരിച്ചു. ഭർത്താവും ഭാര്യയും ഇവരുടെ മകളുമാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന നാനൂറ് ചതുരശ്ര യാർഡ് വിസ്തീർണമുള്ള സ്ഥലത്താണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. ഇവിടെ നിരവധി കുടിലുകൾ നിർമിച്ചിട്ടുണ്ടായിരുന്നു. പ്രദേശത്തെ ഇടുങ്ങിയ വഴികൾ കാരണം വലിയ അഗ്നിരക്ഷാ വാഹനങ്ങൾക്ക് അപകടസ്ഥലത്തേക്ക് നേരിട്ട് എത്താൻ കഴിഞ്ഞില്ല. ഇത് രക്ഷാപ്രവർത്തനത്തിന് വലിയ തടസം സൃഷ്ടിച്ചു.

മൂന്നുപേരുടെ മൃതദേഹങ്ങളും അഗ്നിരക്ഷാ സേന പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാ സേന, പ്രാദേശിക പൊലീസ്, സെൻട്രലൈസ്ഡ് ആക്സിഡൻ്റ് ആൻഡ് ട്രോമ സർവീസസ് (കാറ്റ്സ്), വൈദ്യുതി വകുപ്പ് എന്നിവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ബുധ് വിഹാറിൽ കുടിലുകൾ നിർമിക്കുകയും മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്ത സ്ഥലത്താണ് തീപിടിത്തമുണ്ടായതെന്ന് ഫയർ ഓഫിസർ അജയ് ശർമ പറഞ്ഞു. പുലർച്ചെ 1.25നാണ് തീപടർന്നത്. ഉടൻതന്നെ ആറ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി. അപകടത്തിൽ മൂന്നുപേർ മരിച്ചെന്നും മറ്റാർക്കും പരിക്കില്ലെന്നും തീ പൂർണമായും നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്ഘട്ടിലും തീപിടിത്തം

നേരത്തെ ഏപ്രിൽ 12ന് ഡൽഹിയിലെ രാജ്ഘട്ട് ബസ് ഡിപ്പോയ്ക്ക് സമീപമുള്ള കാടുകളിലും വൻ തീപിടിത്തമുണ്ടായിരുന്നു. ഉച്ചയ്ക്ക് 1.35ന് വിവരം ലഭിച്ചതിനെ തുടർന്ന് നിരവധി ഫയർ എൻജിനുകളാണ് സ്ഥലത്തെത്തിയത്. തീ വലിയൊരു പ്രദേശത്തേക്ക് പടർന്നതിനാൽ എല്ലാ ഭാഗത്തുനിന്നും ഫയർ എൻജിനുകൾ വിന്യസിച്ചതായി അസിസ്റ്റൻ്റ് ഡിവിഷണൽ ഓഫിസർ ഭൂപേന്ദ്ര പ്രകാശ് വ്യക്തമാക്കി. രാജ്ഘട്ടിന് സമീപമുണ്ടായ തീ ഏകദേശം നാല് മുതൽ അഞ്ച് കിലോമീറ്റർ വരെ വ്യാപിച്ചു.

അഗ്നിരക്ഷാ സേനയുടെ അതിവേഗത്തിലുള്ള ഇടപെടൽ മൂലമാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. എല്ലാ ഭാഗത്തും വാഹനങ്ങൾ വിന്യസിച്ചു. തീ ഡിപ്പോയുടെ അതിർത്തിയോട് അടുത്തതിനാൽ മുൻകരുതലെന്ന നിലയിൽ ചില ഫയർ എൻജിനുകൾ രാജ്ഘട്ട് ബസ് ഡിപ്പോയ്ക്കുള്ളിലും നിർത്തിയിട്ടുണ്ടായിരുന്നു. ഡിപ്പോയ്ക്ക് അകത്തും പുറത്തുമായി രക്ഷാപ്രവർത്തനം നടന്നു.

ദുർഘടമായ വഴികളും ആഴത്തിലുള്ള കൊക്കയും ഉൾപ്പെടുന്ന വനപ്രദേശത്താണ് തീപിടിത്തമുണ്ടായതെന്നത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കി. സാധ്യമായ സ്ഥലങ്ങളിലെല്ലാം വെള്ളം ഉപയോഗിച്ചാണ് തീ കെടുത്തിയത്. വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ മരച്ചില്ലകൾ ഒടിച്ചെടുത്ത് തീ തല്ലിക്കെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീ കൂടുതൽ പടരാതിരിക്കാൻ ഉദ്യോഗസ്ഥർ സ്ഥലത്ത് തുടരുകയും നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News