മണ്ഡല പുനര്നിർണയ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡൻ്റുമായ എംകെ സ്റ്റാലിൻ.
Chennai, 15 ഏപ്രില് (H.S.) കേന്ദ്രത്തിൻ്റെ നിർദിഷ്ട അതിർത്തി നിർണയ ഭേദഗതി ബില്ലി (മണ്ഡല പുനര്നിർണയ ഭേദഗതി ബില്)നെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡൻ്റുമായ എംകെ സ്റ്റാലിൻ. അതിർത്തി നിർണയ ഭേദഗതി ബില് തമിഴ്നാടിനും മറ്റ് ദ
M K Stalin


Chennai, 15 ഏപ്രില് (H.S.)

കേന്ദ്രത്തിൻ്റെ നിർദിഷ്ട അതിർത്തി നിർണയ ഭേദഗതി ബില്ലി (മണ്ഡല പുനര്നിർണയ ഭേദഗതി ബില്)നെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡൻ്റുമായ എംകെ സ്റ്റാലിൻ. അതിർത്തി നിർണയ ഭേദഗതി ബില് തമിഴ്നാടിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും എതിരായ ചരിത്രപരമായ അനീതിയാണെന്ന് സ്റ്റാലിൻ പറഞ്ഞു. സംഭവത്തിൽ സംസ്ഥാനത്തുടനീളം നാളെ കരിങ്കൊടി പ്രതിഷേധത്തിനും സ്റ്റാലിൻ ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ വളർച്ചക്ക് സംഭാവന നൽകി എന്ന പേരിൽ തമിഴ്നാടും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ശിക്ഷിക്കപ്പെടുകയാണോ?. കേന്ദ്ര ബിജെപി സർക്കാർ നാളെ പാർലമെൻ്റിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന അതിർത്തി നിർണയ ഭേദഗതി ബിൽ തമിഴ്നാടിനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും മേൽ ചുമത്തിയ വലിയ ചരിത്രപരമായ അനീതിയാണ്. കേന്ദ്രത്തിൻ്റെ ഈ നീക്കത്തിൽ ദക്ഷിണേന്ത്യയിലുടനീളമുള്ള ജനങ്ങൾ രോഷാകുലരാണ്. അതുമായി മുന്നോട്ട് പോകരുത്. ബിജെപി തീ കൊണ്ടാണ് കളിക്കുന്നത്, - സ്റ്റാലിൻ എക്സിൽ കുറിച്ചു.

അതേസമയം അതിർത്തി നിർണയത്തിനെതിരെ പ്രതിഷേധിച്ച് തമിഴ്നാട്ടിലുടനീളമുള്ള വീടുകളിലും പൊതുസ്ഥലങ്ങളിലും നാളെ കരിങ്കൊടി ഉയർത്താൻ സ്റ്റാലിൻ ആവശ്യപ്പെട്ടു. നിർദേശം പിൻവലിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാർ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.

കേന്ദ്ര സർക്കാർ തമിഴ്നാടിൻ്റെ ശബ്ദം കേൾക്കാൻ വിസമ്മതിച്ചാൽ നിങ്ങൾ അതിൻ്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും. ഇതിന് നിങ്ങൾ വലിയ വില നൽകേണ്ടിവരും. ഡിഎംകെ പ്രസിഡൻ്റ് എന്ന നിലയിലും, എല്ലാറ്റിനുമുപരി ഒരു ആത്മാഭിമാനമുള്ള തമിഴൻ എന്ന നിലയിലും, ഞാൻ ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകുന്നു, കരിങ്കൊടികൾ ഉയരട്ടെ, സ്റ്റാലിൻ പറഞ്ഞു.

ഏപ്രിൽ 16, 17, 18 തീയതികളിൽ നടക്കാനിരിക്കുന്ന പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ പ്രധാന നിയമനിർമ്മാണ നിർദേശങ്ങൾ അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നതിനിടെയാണ് ഈ പരാമർശങ്ങൾ. നിർദിഷ്ട അതിർത്തി നിർണയ ഭേദഗതി ബില്ലിനൊപ്പം വനിതാ സംവരണം ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള നിയമഭേദഗതി ബില്ലും കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും.

2029 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീ സംവരണ നിയമത്തിൽ സുപ്രധാന ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. പുതിയ നിർദേശ പ്രകാരം ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ൽ നിന്നും 850 ആയി ഉയർത്തും. ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. സംസ്ഥാനങ്ങളിൽ നിന്ന് 815 സീറ്റും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 35 സീറ്റുമുണ്ടാവും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News