Enter your Email Address to subscribe to our newsletters

Thiruvananthapuram , 15 ഏപ്രില് (H.S.)
അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ ചികിത്സ നിഷേധിച്ചതായി കുടുംബം. സമയബന്ധിതമായ ചികിത്സ നടന്നില്ലെന്ന് കുടുംബം ആരോപിച്ചു. നിതിൻ്റെ സഹോദരി രാഖി ഉൾപ്പടെയുള്ളവരാണ് ആരോപണവുമായി രംഗത്ത് എത്തിയത്.
നിതിന് വീണിടത്ത് രക്തം ഉണ്ടായിരുന്നില്ല. കാലിന് പരിക്ക് മാത്രമാണുണ്ടായിരുന്നതെന്നും സഹോദരി രാഖി പറഞ്ഞു. കൃത്യമായി ചികിത്സ നടന്നിട്ടില്ലെന്നും അവർ സംശയം ഉന്നയിച്ചു. പരിക്കേറ്റ നിതിനെ ആശുപത്രിയിൽ എത്തിച്ചതിൻ്റെയോ തുടർന്ന് നൽകിയ ചികിത്സയുടെ വിവരങ്ങളോ മറ്റോ അധികൃതർ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലെന്നും രാഖി കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നാലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അതേസമയം നിതിൻ്റെ രക്തഗ്രൂപ്പ് തിരിച്ചറിയാൻ കഴിയാത്തതിനാൽ ചികിത്സ വൈകിയെന്നാണ് മാനേജ്മെൻ്റിൻ്റെ വാദം. ഒരു രക്തഗ്രൂപ്പ് തിരിച്ചറിയാൻ ഒരു മെഡിക്കൽ കോളജിന് എത്ര സമയമെടുക്കുമെന്ന് സഹോദരി ചോദിച്ചു. അഞ്ച് യൂണിറ്റ് രക്തം നൽകിയതായും അധികൃതർ പറയുന്നുണ്ട്. എന്നാൽ ചികിത്സയെ കുറിച്ച് മറ്റൊന്നും പറയുന്നില്ല. കോളജ് ആവർത്തിക്കുന്ന അവകാശവാദങ്ങൾ കുടുംബം വിശ്വസിക്കുന്നില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും അവർ വ്യക്തമാക്കി.
ജാതിയുടെയും വർണത്തിൻ്റെയും പേരിലുള്ള അധ്യാപകരുടെ പീഡനത്തെ തുടർന്ന് നിതിൻ രാജ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ഏപ്രിൽ 12നാണ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് ആർഎൽ (22) കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. അതേസമയം ലോൺ ആപ്പ് വഴി പണം കടം വാങ്ങിയതിന് ശേഷം നിതിൻ രാജ് സമ്മർദത്തിലാണെന്നും, തിരിച്ചടവ് ആവശ്യപ്പെട്ട് ആ ആപ്പിൻ്റെ ഓപ്പറേറ്റർമാർ അധ്യാപകരിൽ ഒരാളെ ബന്ധപ്പെട്ടിരുന്നു എന്നുമാണ് കോളജ് ഉന്നയിക്കുന്ന അവകാശവാദം.
പ്രിന്സിപ്പല് ഫോണ് പിടിച്ചുവച്ചുവെന്നും നിതിന് രാജ് ഒരിക്കലും ജീവനൊടുക്കില്ലെന്നും രാഖി പറഞ്ഞു. കോളജിൽ സംശയാസ്പദമായ എന്തോ സംഭവിച്ചിട്ടുണ്ടെന്നും ലോൺ ആപ്പ് ഓപ്പറേറ്റർമാർ അധ്യാപികയെ ബന്ധപ്പെട്ടതിൻ്റെ പേരിൽ സഹതാപം മൂലം നിതിൻ രാജ് ആത്മഹത്യ ചെയ്യില്ലെന്നും അവർ കൂട്ടിച്ചേർത്തു. സസ്പെന്ഷന് നല്കിയതല്ലാതെ അധ്യാപകര്ക്കെതിരെ ഡെന്റല് കോളജ് അധികൃതര് കടുത്ത നടപടിയിലേക്ക് ഇപ്പോഴും കടന്നിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
സംഭവത്തിൽ സർവകലാശാല ഗവേണിങ് കൗൺസിൽ അംഗം അജിത്തിൻ്റെ നേതൃത്വത്തിലുള്ള സമിതി സമഗ്ര അന്വേഷണം നടത്തുന്നുണ്ട്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഏഴംഗ പ്രത്യേക അന്വേഷണ സംഘവും അന്വേഷണം ഊർജിതമാക്കി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നിതിൻ രാജിന്റെ സഹപാഠികളിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവരിൽ ചിലർ കോളജ് അധ്യാപകരിൽ നിന്ന് ഇത്തരം ബുദ്ധിമുട്ടുകൾ നേരിട്ടതായും ആരോപിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR