Enter your Email Address to subscribe to our newsletters

Idukki , 15 ഏപ്രില് (H.S.)
സഞ്ചാരികളുടെ മനം കവർന്ന് വാഗമണ്ണിൽ പാരാഗ്ലൈഡിങ്. കോടമഞ്ഞണിഞ്ഞ മലനിരകൾക്കിടയിലൂടെ ആകാശക്കാഴ്ചകൾ കണ്ട് പറക്കാൻ വിദേശികളടക്കം വാഗമണ്ണിൽ തമ്പടിക്കുകയാണ്. പുല്മേടുകളും തേയിലത്തോട്ടങ്ങളും പൈൻമരക്കാടുകളുമുള്ള വാഗമണ്ണിൻ്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി എത്തുന്നത്.
സാഹസിക വിനോദത്തിന് ഡിടിപിസി
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ (ഡിടിപിസി) അഡ്വഞ്ചർ പാർക്കിൻ്റെ ഭാഗമായാണ് പാരാഗ്ലൈഡിങ് നടത്തുന്നത്. മികച്ച പരിശീലനം നേടിയ ഗ്ലൈഡർമാരുടെ നിയന്ത്രണത്തിൽ സുരക്ഷിതമായാണ് പറക്കൽ. ഏകദേശം 15 മിനിറ്റ് ദൈർഘ്യമുള്ള ഗ്ലൈഡിങ്ങിന് 4500 രൂപയാണ് നിരക്ക്. ഒരേസമയം നിരവധി പേർ ഗ്ലൈഡിങ് നടത്തുന്നത് സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്. ആകാശത്ത് നിന്ന് ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിപ്രദേശങ്ങളുടെ മനോഹരമായ ദൃശ്യങ്ങൾ കാണാനാകും. യാത്രക്കാരുടെ ദൃശ്യങ്ങൾ ഗോപ്രോ ക്യാമറ ഉപയോഗിച്ച് പകർത്താനും സൗകര്യമുണ്ട്.
വാഗമണ്ണിലേക്കുള്ള യാത്ര
കേരളത്തിലെ പ്രധാന ഹിൽസ്റ്റേഷനുകളിലൊന്നായ വാഗമൺ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലുള്ള ഇവിടേക്ക് കൊച്ചിയിൽ നിന്ന് ഏകദേശം 100 കിലോമീറ്ററാണ് ദൂരം.
അവധിക്കാലം ആഘോഷിക്കാൻ കുടുംബസമേതമാണ് പലരും ഇവിടേക്ക് എത്തുന്നത്. പാരാഗ്ലൈഡിങ്ങിന് പുറമെ ഓഫ് റോഡ് ട്രെക്കിങ്, റോപ്പ് വേ, സിപ്പ് ലൈൻ തുടങ്ങിയ മറ്റ് നിരവധി സാഹസിക വിനോദങ്ങളും അഡ്വഞ്ചർ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഇക്കോ ടൂറിസം പദ്ധതികൾ വിപുലമാക്കിയതോടെ വാഗമണ്ണിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു. സംസ്ഥാന സർക്കാരിൻ്റെയും ഡിടിപിസിയുടെയും സംയുക്ത പദ്ധതികൾ പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവാണ് നൽകുന്നത്. വിനോദസഞ്ചാര മേഖലയിലുണ്ടായ വലിയ കുതിച്ചുചാട്ടം വാഗമണ്ണിലും പ്രകടമാണ്.
സഞ്ചാരികളുടെ പറുദീസകേരളത്തിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാന സ്ഥാനമാണ് ഇടുക്കി ജില്ലയ്ക്കുള്ളത്. മൂന്നാർ, തേക്കടി, പീരുമേട് തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം വാഗമണ്ണും ആഗോളതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. പച്ചപ്പ് നിറഞ്ഞ കുന്നുകളും കോടമഞ്ഞും കുളിർമയുള്ള കാലാവസ്ഥയുമാണ് പ്രധാന ആകർഷണം.
വിദേശ സഞ്ചാരികൾക്ക് പുറമെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഐടി മേഖലകളിൽ ജോലി ചെയ്യുന്നവരും വാരാന്ത്യങ്ങൾ ആഘോഷിക്കാൻ ഇവിടേക്ക് ധാരാളമായി എത്തുന്നുണ്ട്. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടതും ആധുനിക രീതിയിലുള്ള റിസോർട്ടുകൾ സജീവമായതും ഇവിടേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് സാഹസിക വിനോദങ്ങൾ സംഘടിപ്പിക്കുന്നതെന്ന് അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്. അതിനാൽ കുടുംബമായി എത്തുന്നവർക്കും യാതൊരു ആശങ്കയുമില്ലാതെ പ്രകൃതിഭംഗി ആസ്വദിച്ച് മടങ്ങാം.
അനുകൂല കാലാവസ്ഥ പ്രധാനംഅഡ്വഞ്ചർ പാർക്കിൽ എത്തുന്നവരിൽ ഭൂരിഭാഗവും ഗ്ലൈഡിങ് തെരഞ്ഞെടുക്കാറുണ്ടെന്ന് വാഗമൺ സ്വദേശി സ്റ്റാലിൻ പറഞ്ഞു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ഇതിൽ പങ്കെടുക്കുന്നുണ്ടെന്നും അവധിക്കാലമല്ലാത്ത സമയത്തുപോലും ദിവസേന നൂറിലധികം ആളുകൾ എത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പാരാഗ്ലൈഡിങ് ചെയ്യാന് ആഗ്രഹിക്കുന്നവര് കാലാവസ്ഥ പ്രത്യേകം ശ്രദ്ധിക്കണം.
അന്തരീക്ഷം തെളിഞ്ഞതാണോ എന്ന് ഉറപ്പാക്കണം. ആകാശം പൂര്ണമായും തെളിഞ്ഞ സമയത്താണ് പാരാഗ്ലൈഡിങ്ങിന് കൂടുതല് അനുയോജ്യം. മഴയോ ശക്തമായ കാറ്റോ ഉള്ള സമയങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ പറക്കൽ അനുവദിക്കാറില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR