കോണ്ഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ഒരാഴ്ചത്തെ മുൻകൂർ ജാമ്യം അനുവദിച്ച തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.
Newdelhi , 15 ഏപ്രില് (H.S.) കോണ്ഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ഒരാഴ്ചത്തെ മുൻകൂർ ജാമ്യം അനുവദിച്ച തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അസം സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടിയെടുത്തത്.
Pawan Khera


Newdelhi , 15 ഏപ്രില് (H.S.)

കോണ്ഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് ഒരാഴ്ചത്തെ മുൻകൂർ ജാമ്യം അനുവദിച്ച തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അസം സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടിയെടുത്തത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്ക്കെതിരെ ആരോപണം ഉന്നയിച്ച കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് തെലങ്കാന ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യാനുമദിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

മറുപടിയാവശ്യപ്പെട്ട് പവൻ ഖേരയ്ക്കും ബന്ധപ്പെട്ട വ്യക്തികൾക്കും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എ എസ് ചന്ദൂർക്കർ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് നോട്ടിസ് അയച്ചത്. അസമിൽ രജിസ്റ്റർ ചെയ്ത കേസിന് ജാമ്യം അനുവദിക്കുന്നതിനായി തെലങ്കാന ഹൈക്കോടതിയെ സമീപിക്കുന്ന പവൻ ഖേരയുടെ പ്രവൃത്തി പൂർണ്ണമായും നടപടിക്രമ ദുരുപയോഗമാണെന്ന് അസം സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു.

ഏപ്രിൽ 10 ന്, ഹൈക്കോടതി പവൻ ഖേരയ്ക്ക് നിബന്ധനകളോടെ ഒരാഴ്ചത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ബന്ധപ്പെട്ട കോടതിയിൽ അപേക്ഷ സമർപ്പിക്കാൻ ഒരു ആഴ്ച സമയവും നൽകി. ഏപ്രിൽ 5 ന് ഒരു പത്രസമ്മേളനത്തിൽ പവൻ ഖേര അസം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയ്ക്ക് ഒന്നിലധികം പാസ്പോർട്ടുകളും വിദേശ സ്വത്തുക്കളും ഉണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുഖ്യമന്ത്രി നൽകിയ സത്യവാങ്മൂലത്തിൽ ഇവ പരാമർശിച്ചിട്ടില്ലെന്നും പറഞ്ഞ് ഉന്നയിച്ച ആരോപണമാണ് കേസിന് ആധാരമായത്.

എന്നാൽ ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിക്കുകയായിരുന്നു. ആരോപണങ്ങൾ തീർത്തും വ്യാജവും കെട്ടിച്ചമച്ചതുമാണെന്നും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ആവശ്യമായ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നിരവധി വകുപ്പുകൾ പ്രകാരം ഗുവാഹത്തി ക്രൈം ബ്രാഞ്ച് പൊലീസ് പവൻ ഖേരയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു.

തനിക്കെതിരായി നടത്തിയ ആരോപണങ്ങള്ക്ക് ആധാരമായി കോണ്ഗ്രസ് നേതാവ് കാണിച്ച തെളിവുകള് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫോട്ടോഷോപ്പും ഉപയോഗിച്ച് നിർമിച്ചതാണെന്നാണ് റിനികി ഭൂയാൻ ശർമ്മ പറഞ്ഞത്. അതേസമയം, കോണ്ഗ്രസ് തെറ്റായ വിവരങ്ങള് പ്രചരിപ്പിക്കുകയാണെന്നും പാകിസ്ഥാൻ ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് തന്റെ ഭാര്യയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News