Enter your Email Address to subscribe to our newsletters

Kannur , 15 ഏപ്രില് (H.S.)
അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കറുടെ നിർദേശം. ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമൽ നിതിൻ്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച ശേഷം ഗവർണറുമായി കൂടിക്കാഴ്ച നടത്തി പ്രാഥമിക റിപ്പോർട്ട് കൈമാറി. അതിനിടെ വിദ്യാർഥിയെ മാനസികമായി പീഡിപ്പിച്ച അധ്യാപകൻ ഡോ. എം കെ റാമിന് പുറമെ മറ്റ് എട്ട് അധ്യാപകർക്കെതിരെ കൂടി പരാതി നൽകാൻ വിദ്യാർഥികൾ തയാറെടുക്കുകയാണ്.
ഗുരുതര കണ്ടെത്തലുകൾആരോപണവിധേയനായ എം കെ റാമിനെ മുമ്പ് രണ്ട് തവണ സസ്പെൻഡ് ചെയ്തിട്ടും കോളജ് അധികൃതർ സർവകലാശാലയെ അറിയിച്ചില്ലെന്ന ഗുരുതര വിവരമാണ് പുറത്തുവരുന്നത്. റാഗിങ് വിരുദ്ധ സമിതി അധ്യക്ഷൻ കൂടിയായ ഇയാൾ ആൺകുട്ടികളെ താടിയുടെയും മുടിയുടെയും പേരിൽ ലക്ഷ്യംവച്ച് നിരന്തരം അധിക്ഷേപിച്ചിരുന്നു. താടി വടിച്ച് വരാൻ ആവശ്യപ്പെട്ട് ക്ലാസിൽ നിന്ന് പുറത്താക്കുന്നതിനൊപ്പം വിദ്യാർഥികൾ കഷ്ടപ്പെട്ട് നേടുന്ന അറ്റൻഡൻസ് വെട്ടിക്കുറയ്ക്കുന്നതും ഇയാളുടെ രീതിയായിരുന്നു.
കൂടുതൽ അധ്യാപകർക്കെതിരെ പരാതി നൽകുന്നതിൻ്റെ ഭാഗമായി വിദ്യാർഥികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ വോട്ടിങ് നടത്തിവരികയാണ്. അധ്യാപകർക്കെതിരെ വിദ്യാർഥി യൂണിയൻ പ്രത്യേകം തയാറാക്കിയ ഇ-മെയിലിലൂടെ മുന്നൂറിലധികം വിദ്യാർഥികൾ പരാതി നൽകി. രണ്ട് അധ്യാപകർക്കെതിരെ നൂറിലധികം വിദ്യാർഥികളാണ് ഇതിനോടകം രംഗത്തെത്തിയത്. ഒളിവിൽ കഴിയുന്ന എം കെ റാമിനെതിരെ കൂടുതൽ വിദ്യാർഥികൾ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ശബ്ദസന്ദേശം പുറത്ത്
ആരൊക്കെ തളർത്തിയാലും താൻ പഠിച്ച് ഡോക്ടറായി മാത്രമേ പുറത്തിറങ്ങൂ എന്ന് വ്യക്തമാക്കുന്ന നിതിൻ രാജിൻ്റെ ശബ്ദസന്ദേശവും ഇതിനിടെ പുറത്തുവന്നു. പ്രിൻസിപ്പലും വകുപ്പ് മേധാവിയും ചേർന്ന് തന്നെ ഡ്രോപ്പ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എന്നാൽ മറ്റൊരു അധ്യാപകൻ തനിക്ക് വലിയ പിന്തുണ നൽകിയതായും നിതിൻ സഹപാഠിക്കയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾക്കിടയിലും നിതിൻ പുലർത്തിയ ആത്മവിശ്വാസമാണ് സന്ദേശത്തിലുള്ളത്.
അന്വേഷണം തുടരുന്നു
സംഭവത്തിൽ സർവകലാശാല ഗവേണിങ് കൗൺസിൽ അംഗം അജിത്തിൻ്റെ നേതൃത്വത്തിലുള്ള സമിതി സമഗ്ര അന്വേഷണം നടത്തുന്നുണ്ട്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഏഴംഗ പ്രത്യേക അന്വേഷണ സംഘവും അന്വേഷണം ഊർജിതമാക്കി. എന്നാൽ പൊലീസ് ഇപ്പോഴും ലോൺ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നതെന്നും അധ്യാപകരുടെ ക്രൂരതകൾ അന്വേഷിക്കുന്നില്ലെന്നും കുടുംബം വിമർശിക്കുന്നു.
എം കെ റാമിനെ ന്യായീകരിക്കുന്ന നിലപാടാണ് കോളജ് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്നതെന്നാരോപിച്ച് വിദ്യാർഥികൾ മാനേജ്മെൻ്റുമായുള്ള ചർച്ച ബഹിഷ്കരിച്ചിരുന്നു. ഡോ. റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥികളും രക്ഷിതാക്കളും പ്രിൻസിപ്പലിനും മാനേജ്മെൻ്റിനും പരാതി നൽകും.
ഓട്ടോണമസ് കോളജ് ആയതിനാൽ സർക്കാരിന് പരിമിതികളുണ്ടെന്നും മാനേജ്മെൻ്റ് തീരുമാനങ്ങളാണ് ഇവിടെ നിർണായകമാകുകയെന്നും വിലയിരുത്തലുണ്ട്. വിഷു അവധിക്ക് ശേഷം കോളജ് തുറക്കുമ്പോൾ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR