Enter your Email Address to subscribe to our newsletters

Newdelhi , 15 ഏപ്രില് (H.S.)
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ബെഞ്ചിൻ്റെ വിധിക്ക് എതിരായ പുനഃപരിശോധന ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. വിശാല ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉൾപ്പെടെ പുനഃപരിശോധന ഹർജികളെ അനുകൂലിക്കുന്ന കക്ഷികളുടെ വാദമാണ് കോടതി ഇന്ന് പ്രധാനമായും കേൾക്കുക. ഇന്നും നാളെയും മറ്റെന്നാളുമായി ഈ വിഷയത്തിൽ വളരെ വിശദമായ വാദപ്രതിവാദങ്ങൾ നടക്കും.
ദേവസ്വം ബോർഡിൻ്റെ വാദം
മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകുന്നത്. യുവതീപ്രവേശനം അനുവദിച്ച് നേരത്തെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി പൂർണ്ണമായും തെറ്റായിരുന്നുവെന്നും അത് പുനഃപരിശോധിക്കണമെന്നുമാണ് ഹർജിക്കാർ പ്രധാനമായും ആവശ്യപ്പെടുന്നത്.
ഇതിനെ സാധൂകരിക്കുന്ന വാദങ്ങളാകും ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ളവർ ഉന്നയിക്കുക. അടുത്ത ദിവസങ്ങളിൽ പുനഃപരിശോധന ആവശ്യമില്ലെന്ന് വാദിക്കുന്ന സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾക്കും കോടതി സമയം അനുവദിക്കും. യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും വാദങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാകും വിശാല ബെഞ്ച് തീരുമാനത്തിലേക്ക് കടക്കുക.
കോടതിയുടെ നിരീക്ഷണങ്ങൾ
കഴിഞ്ഞ ഏപ്രിൽ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ നടന്ന വാദത്തിനിടെ സുപ്രീം കോടതി സുപ്രധാനമായ ചില നിരീക്ഷണങ്ങൾ ഉൾപ്പെടെ നടത്തിയിരുന്നു. യുവതീപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ആചാരങ്ങളിൽ വിശ്വസിക്കാത്തവരും വിശ്വാസികൾ അല്ലാത്തവരും നൽകുന്ന പൊതുതാത്പര്യ ഹർജികൾ പരിഗണിക്കേണ്ടതില്ലെന്ന നിർണായക നിലപാടാണ് സുപ്രീം കോടതി ഇതിനകം സ്വീകരിച്ചിട്ടുള്ളത്. ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ വിശ്വാസികളുടെ മാത്രം ഹർജികൾ പരിശോധിച്ചാൽ മതിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കൂടാതെ ഹിന്ദു മതവിശ്വാസ പ്രകാരം രാജ്യത്തെ ഓരോ ക്ഷേത്രങ്ങൾക്കും അതിന്റേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെന്ന് കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ഈ നിലപാട് പുനഃപരിശോധന ഹർജികളിൽ ഏറെ നിർണായകമാകും എന്നാണ് നിയമവിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്.
ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ നിയമ പോരാട്ടമാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. മതപരമായ ആചാരങ്ങളിൽ കോടതികൾക്ക് എത്രത്തോളം ഇടപെടാൻ സാധിക്കുമെന്നത് സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഈ വിശാല ഭരണഘടന ബെഞ്ച് വിശദമായി പരിശോധിക്കുന്നത്. കേരളത്തിൻ്റെ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന വിഷയമായതിനാൽ തന്നെ സുപ്രീം കോടതിയുടെ ഓരോ നിരീക്ഷണങ്ങളും വളരെ പ്രാധാന്യത്തോടെയാണ് വിശ്വാസി സമൂഹം നോക്കിക്കാണുന്നത്. എല്ലാ കക്ഷികളുടെയും വിശദമായ വാദപ്രതിവാദങ്ങൾ കേട്ടതിന് ശേഷം മാത്രമായിരിക്കും ഈ കേസിൽ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR