ബിഹാറിൻ്റെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവ് സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Bihar, 15 ഏപ്രില് (H.S.) ബിഹാറിൻ്റെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവ് സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച പട്നയിലെ ലോക് ഭവനിൽ (പഴയ രാജ് ഭവൻ) നടന്ന ചടങ്ങിൽ ഗവർണർ ലെഫ്റ്റനൻ്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹ
Samrat Choudhary


Bihar, 15 ഏപ്രില് (H.S.)

ബിഹാറിൻ്റെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവ് സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച പട്നയിലെ ലോക് ഭവനിൽ (പഴയ രാജ് ഭവൻ) നടന്ന ചടങ്ങിൽ ഗവർണർ ലെഫ്റ്റനൻ്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാറിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ ഒരു വഴിത്തിരിവിനാണ് ഇതോടെ തുടക്കമായത്.

2005 മുതൽ എൻഡിഎ മുന്നണിയുടെ ഭാഗമായി ബിജെപി സംസ്ഥാനത്ത് അധികാരത്തിലുണ്ടെങ്കിലും ആദ്യമായാണ് ഒരു ബിജെപി നേതാവ് ബിഹാറിൽ മുഖ്യമന്ത്രി പദവിയിലെത്തുന്നത്. 2013 മുതൽ 2017 വരെയും, 2022 മുതൽ 2024 വരെയും മാത്രമാണ് എൻഡിഎ സഖ്യം ബിഹാറിൽ അധികാരത്തിൽ ഇല്ലാതിരുന്നത്. ബാക്കിയുള്ള സമയങ്ങളിലെല്ലാം ഭരണത്തിൻ്റെ ഭാഗമാകാൻ ബിജെപിക്ക് സാധിച്ചിരുന്നു.

സാമ്രാട്ട് ചൗധരിക്കൊപ്പം ജെഡിയുവിൻ്റെ മുതിർന്ന നേതാക്കളായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇരുവർക്കും ഉപമുഖ്യമന്ത്രി പദവികൾ ലഭിക്കുമെന്നാണ് സൂചന. മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിശാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിമാരിൽ ഒരാളായി നിയമിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഭരണപരിചയമില്ലെന്ന് ചൂണ്ടിക്കാട്ടി അവസാന നിമിഷം നിശാന്ത് പിന്മാറുകയായിരുന്നു. ഭരണപരമായ കാര്യങ്ങൾ പഠിക്കാൻ തനിക്ക് കൂടുതൽ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി ജെഡിയു വൃത്തങ്ങൾ വ്യക്തമാക്കി.

ദേശീയഗീതമായ വന്ദേമാതരത്തോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ദേശീയഗാനത്തോടെ ചടങ്ങുകൾ അവസാനിച്ചു. ബിഹാർ ചീഫ് സെക്രട്ടറി പ്രത്യയ അമൃത് പരിപാടികൾ ഏകോപിപ്പിച്ചു. മുൻ മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയുവിലെ മറ്റ് മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ബിജെപി അധ്യക്ഷൻ നിതിൻ നവീൻ, കേന്ദ്ര മന്ത്രിമാരായ ജെ.പി നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ബിഹാറിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ, സംസ്ഥാന അധ്യക്ഷൻ സഞ്ജയ് സറോഗി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഭരണഘടനയുടെ 164 (1എ) അനുച്ഛേദം അനുസരിച്ച് ഒരു സംസ്ഥാനത്തെ മന്ത്രിസഭയുടെ വലിപ്പം നിയമസഭയിലെ ആകെ അംഗങ്ങളുടെ 15 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം 243 അംഗ നിയമസഭയുള്ള ബിഹാറിൽ മുഖ്യമന്ത്രിക്ക് പുറമെ പരമാവധി 36 മന്ത്രിമാരെയാണ് ഉൾപ്പെടുത്താൻ കഴിയുക. സാമ്രാട്ട് ചൗധരി, വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവർ അധികാരമേറ്റതോടെ മന്ത്രിസഭയിൽ ഇനി 33 ഒഴിവുകൾ ബാക്കിയുണ്ട്. പശ്ചിമ ബംഗാൾ, തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പുകൾ പൂർത്തിയായ ശേഷം മാത്രമേ മന്ത്രിസഭാ വികസനം നടക്കാൻ സാധ്യതയുള്ളൂ. മേയ് മാസത്തിൽ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്താനാണ് നിലവിലെ തീരുമാനം.

ബിഹാറിൽ ബിജെപി, ജെഡിയു, ലോക് ജനശക്തി പാർട്ടി (റാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ), രാഷ്ട്രീയ ലോക് മോർച്ച എന്നിവർ ചേർന്നതാണ് എൻഡിഎ സഖ്യം. മന്ത്രിസഭയിലെ സ്ഥാനങ്ങൾ, വകുപ്പുകൾ എന്നിവ സംബന്ധിച്ച് സഖ്യകക്ഷികളിലെ നേതാക്കൾ ഉടൻതന്നെ ചർച്ചകൾ ആരംഭിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News