Enter your Email Address to subscribe to our newsletters

Newdelhi , 15 ഏപ്രില് (H.S.)
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ വാദങ്ങൾ നിരത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി). മതം എന്നത് പൊതുവായ വിശ്വാസങ്ങളും ആചാരങ്ങളും ചേർന്നതാണെന്നും കോടതിക്ക് അവയുടെ സാധുത വിലയിരുത്താൻ കഴിയില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി.
മതം എന്നത് ഒരു സമൂഹം അലെങ്കിൽ ഒരു വിഭാഗം പങ്കിടുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഉൾക്കൊള്ളുന്നതാണെന്നും അവയുടെ സാധുത കോടതിക്ക് വിധിക്കാൻ കഴിയില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പറഞ്ഞു. ശബരിമല യുവതീ പ്രവേശനത്തിലെ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിൻ്റെ നേതൃത്വത്തിലുള്ള ഒമ്പത് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചാണ് വാദം നടത്തിയത്.
ദേവസ്വം ബോർഡിനായിട്ട് മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയാണ് ഹാജരായത്. ആർട്ടിക്കിൾ 25 പ്രകാരം ഒരു വ്യക്തിക്ക് ഏത് മതം സ്വീകരിക്കാനും അല്ലെങ്കിൽ അതിൻ്റെ ആചാരങ്ങൾ ആ നടത്തുവാനുമുള്ള അവകാശങ്ങൾ നൽകുന്നുണ്ട്. പക്ഷേ അത്തരമൊരു വ്യക്തിഗത അവകാശങ്ങൾ ആ മതത്തിലെ തന്നെ മറ്റു വിഭാഗങ്ങളിലുള്ള വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ കടന്നു കയറുന്ന തരത്തിലേക്കുള്ളതാകരുതെന്ന് അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി.
യുവതീപ്രവേശനം അനുവദിച്ച് നേരത്തെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി പൂർണമായും തെറ്റായിരുന്നുവെന്നും അത് പുനഃപരിശോധിക്കണമെന്നുമാണ് ഹർജിക്കാർ പ്രധാനമായും ആവശ്യപ്പെടുന്നത്. അതേസമയം കോടതിയിൽ എൻഎസ്എസ് വാദത്തിന് എതിരെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത് എത്തി. ഓരോ വിഭാഗത്തിൻ്റെയും ആചാരങ്ങൾ അതാത് വിഭാഗങ്ങൾക്ക് തീരുമാനിക്കാം എന്നായിരുന്നു എൻഎസ്എസ് മുന്നോട്ടുവച്ച ഒരു വാദം. എന്നാൽ ആ നിലപാട് അംഗീകരിക്കാനികില്ലെന്ന് ദേവസ്വം ബോർഡ് കോടതിയിൽ പറഞ്ഞു.
ശബരിമല ക്ഷേത്രം ഉൾപ്പെടെയുള്ള മതസ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരായ വിവേചനം സംബന്ധിച്ച ഹർജികൾ ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് ഇന്ന് (ഏപ്രിൽ 15) പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എം എം സുന്ദരേഷ്, അഹ്സാനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മാസിഹ്, പ്രസന്ന ബി വരാലെ, ആർ മഹാദേവൻ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക. മുസ്ലിം പള്ളികളിലെ സ്ത്രീകളുടെ പ്രവേശനം, ഇതര മതസ്ഥരെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ, മുസ്ലിം സമുദായത്തിലെ ചേലാകർമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ബെഞ്ച് വിശദമായി പരിശോധിക്കും. ദാവൂദി, ബോറ വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സ്ത്രീ ചേലാകർമം നിരോധിക്കണമെന്ന ആവശ്യമാണ് ഇതിൽ പ്രധാനമായും പരിഗണിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR