പൂനെയ്ക്കും ബെംഗളൂരുവിനും ഇടയില് യാത്രാ സമയം 13 മണിക്കൂറായി കുറച്ചുകൊണ്ട് പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ വരുന്നു.
Hyderabad , 15 ഏപ്രില് (H.S.) പൂനെയ്ക്കും ബെംഗളൂരുവിനും ഇടയില് യാത്രാ സമയം 13 മണിക്കൂറായി കുറച്ചുകൊണ്ട് പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ വരുന്നു. രാത്രിയില് ട്രെയിൻ കയറി, സുഖമായി ഉറങ്ങി അടുത്ത ദിവസം രാവിലെ യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എ
Vande Bharat train


Hyderabad , 15 ഏപ്രില് (H.S.)

പൂനെയ്ക്കും ബെംഗളൂരുവിനും ഇടയില് യാത്രാ സമയം 13 മണിക്കൂറായി കുറച്ചുകൊണ്ട് പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ വരുന്നു. രാത്രിയില് ട്രെയിൻ കയറി, സുഖമായി ഉറങ്ങി അടുത്ത ദിവസം രാവിലെ യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും. രാത്രി ഒമ്പത് മണിക്ക് പുറപ്പെടുന്ന രീതിയിലാണ് ട്രെയിൻ സമയം ക്രമീകരിക്കാൻ ഉദ്ദേശിക്കുന്നത്.

ആധുനികമായ സൗകര്യങ്ങളോടെ ട്രാക്കിലെത്തുന്ന ഈ ട്രെയിൻ രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ സർവീസാണ്. 2026 ജനുവരി 17 ന് ഹൗറ-കാമാഖ്യ റൂട്ടിൽ ആരംഭിച്ചതാണ് ആദ്യത്തെ സ്ലീപ്പർ സർവീസ്. നിലവില് പൂനെയ്ക്കും ബെംഗളൂരുവിനും ഇടയില് ഉദ്യാൻ എക്സ്പ്രസ്, കോയമ്പത്തൂർ എക്സ്പ്രസ് എന്നിവ സർവീസ് നടത്തുന്നുണ്ട്. എന്നാല് യാത്രാ സമയം വളരെ കൂടുതലാണ്. ഉദ്യാൻ എക്സ്പ്രസ് 18 മണിക്കൂർ 15 മിനിറ്റും, കോയമ്പത്തൂർ എക്സ്പ്രസ് 19 മണിക്കൂർ 20 മിനിറ്റും എടുത്താണ് ഈ റൂട്ടില് ഓടുന്നത്.

മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസില് നിന്ന് പുറപ്പെടുന്ന ട്രെയിൻ പൂനെ, സോളാപൂർ, വാഡി വഴിയാണ് ബെംഗളൂരുവില് എത്തിച്ചേരുന്നത്. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ദൗണ്ട്-വാഡി, വാഡി-ഗുണ്ടക്കൽ റൂട്ടുകൾ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളില് നവീകരണ പ്രവർത്തനങ്ങള് നടത്തിയിട്ടുണ്ട്. കലബുറഗി, ഹുബ്ബള്ളി വഴിയുള്ള ബദൽ റൂട്ടിങ്ങും പരിഗണനയില് ഉണ്ടെന്ന് റെയില്വേ വൃത്തങ്ങള് അറിയിച്ചു.

സൗകര്യങ്ങളും ടിക്കറ്റ് നിരക്കും

അത്യാധുനിക സജ്ജീകണങ്ങളാണ് ട്രെയിനില് ഉണ്ടായിരിക്കുക. കൂട്ടിയിടികള് തടയുന്നതിനുള്ള കവച് സുരക്ഷാ സംവിധാനമാണ് പ്രധാനം. 16 കോച്ചുകളിലായി 823 പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ സാധിക്കും. 611 ബർത്തുകളാണ് 11 ത്രീ ടയർ എസി കോച്ചുകളില് ഉണ്ടാവുക. നാല് ടു ടയർ എസി കോച്ചുകളിലായി 188 ബെർത്തുകള് ഉണ്ടായിരിക്കും. ഫസ്റ്റ് ക്ലാസ് എസിയിലാകട്ടെ 24 ബെത്തുകളാണ് ഉള്ളത്.

ആഴ്ചയില് ആറ് ദിസമാണ് ട്രെയിൻ സർവീസ് നടത്തുക. ഒരു ദിവസം അറ്റകുറ്റപ്പണികള്ക്കായി മാറ്റിവയ്ക്കും. ത്രീ ടയർ എസി ടിക്കറ്റ് നിരക്ക് ഏകദേശം 2,500 രൂപയാണ് എന്നാണ് സൂചന. ടു ടയർ എസി ടിക്കറ്റിന് ഏകദേശം 3,000 രൂപ മുതല് 3,200 രൂപ വരെ നിരക്ക് വരും. ഫസ്റ്റ് എസിയ്ക്ക് ഏകദേശം 3,600 രൂപ മുതല് 3,900 രൂപ വരെയാകാനാണ് സാധ്യത.

മുംബൈയക്കും ബെംഗളൂരുവിനും ഇടയിലുള്ള സ്ലീപ്പർ ട്രെയിന് 2026 ഏപ്രിൽ 5 നാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. ട്രെയിൻ ലോഞ്ചിങ് തിയതി നിലവില് പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും 2026 ഡിസംബറോടെ ട്രാക്കിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരു സെൻട്രൽ എംപി പിസി മോഹന് അയച്ച കത്തിലാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിനിന് അഗീകാരം നല്കിയ വിവരം അറിയിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News