Enter your Email Address to subscribe to our newsletters

Kochi , 15 ഏപ്രില് (H.S.)
നഗരത്തിലെ യാത്രക്കാരും കാല്നടക്കാരും അനുഭവിക്കുന്ന ദുരിതങ്ങള് ഏറെയാണ്. അത്തരത്തില് ഏറെ പരാതി ഉയർന്ന റോഡുകളില് ഒന്നായിരുന്നു കണ്ടെയ്നർ റോഡ്.ഇരുട്ടിലായിരുന്ന ഈ പാത അപകടങ്ങള്ക്കും വഴിയൊരുക്കിയിരുന്നു.
ഇപ്പോഴിതാ ഏകദേശം രണ്ട് വർഷത്തോളം നീണ്ട ഇരുട്ടിന് വിരാമമിട്ട് ഇവിടുത്തെ തെരുവുവിളക്കുകള് പ്രകാശിക്കാനൊരുങ്ങുന്നു. റോഡിലെ വിളക്കുകള് ഒരു മാസത്തിനുള്ളില് വൈദ്യുതീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചതോടെയാണ് പ്രതീക്ഷ കൈവരുന്നത്.
ഇതുവരെയും വൈദ്യുതീകരണം വൈകാനുള്ള പ്രധാന കാരണം ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിലെ തടസങ്ങളായിരുന്നു. അടുത്തിടെ ഈ പ്രവൃത്തികള് ആരംഭിച്ചതോടെയാണ് പ്രകാശമെന്ന പ്രതീക്ഷ സജീവമായത്. 'ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള ജോലികള് പുരോഗമിക്കുകയാണ്, ഇത് ഒരു മാസത്തിനുള്ളില് പൂർത്തിയാകുമെന്ന് കരാറുകാരൻ അറിയിച്ചിട്ടുണ്ട്' എന്നാണ് ദേശീയപാത അതോറിറ്റി പ്രസ്താവനയില് പറഞ്ഞു.
വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിനെ നഗരവുമായി ബന്ധിപ്പിക്കുന്ന 17 കിലോമീറ്റർ ദൂരമുള്ള പാതയാണിത്. വാണിജ്യ ആവശ്യങ്ങള്ക്കായി കണ്ടെയ്നർ ലോറികള് ഉള്പ്പെടെ പ്രതിദിനം നാല്പ്പതിനായിരത്തോളം വാഹനങ്ങള് ഇതുവഴി കടന്നുപോകുന്നുവെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത്. തെരുവുവിളക്കുകളില്ലാത്തത് സന്ധ്യമയങ്ങിയാല് ഈ പാതയെ അപകടമേഖലയാക്കി മാറ്റിയിരുന്നു.
ദേശീയപാത അതോറിറ്റിയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും തമ്മില് ട്രാൻസ്ഫോർമറുകളുടെ ആവശ്യകതകളെയും ചിലവുകളെയും ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതകളായിരുന്നു ഈ അനിശ്ചിതാവസ്ഥയ്ക്ക് കാരണം. റോഡിലെ 1100-ല് അധികം തെരുവുവിളക്കുകള്ക്ക് വൈദ്യുതി നല്കാൻ സാധിക്കുന്നില്ലെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. രണ്ട് ട്രാൻസ്ഫോർമറുകള്ക്ക് ഒൻപത് ലക്ഷം രൂപ വീതം നിരക്കില് 18 ലക്ഷം രൂപയുടെ ഡിമാൻഡ് നോട്ട് കെഎസ്ഇബി ആദ്യം ദേശീയപാത അതോറിറ്റിക്ക് നല്കിയിരുന്നു.
എന്നാല്, അവർ പിന്നീട് ഈ ആവശ്യം തിരുത്തി, നാല് ട്രാൻസ്ഫോർമറുകള്ക്ക് ഒരു കോടി രൂപയിലധികം വരുന്ന എസ്റ്റിമേറ്റ് സമർപ്പിച്ചു. നിസാരമെന്ന് എൻഎച്ച്എഐ വിശേഷിപ്പിച്ച ഈ എസ്റ്റിമേറ്റിനെ പിന്തുണയ്ക്കാൻ കെഎസ്ഇബിക്ക് മതിയായ രേഖകളോ ന്യായീകരണങ്ങളോ ഉണ്ടായിരുന്നില്ല, അതിനാല് കാര്യമായ പുനഃപരിശോധന വേണമെന്ന് എൻഎച്ച്എഐ ആവശ്യപ്പെട്ടു. എന്നിട്ടും ഇരു ഏജൻസികളും പരസ്പരം നിലപാട് മാറ്റാനായി കാത്തിരുന്നുവെന്നും പ്രദേശവാസികള് തന്നെ ആക്ഷേപിക്കുന്നു.
തുടക്കത്തില്, ഒരു പുതിയ 100 kVA ട്രാൻസ്ഫോർമർ സ്ഥാപിക്കാനും നിലവിലുള്ള 100 kVA ട്രാൻസ്ഫോർമർ 160 kVA ആയി ഉയർത്താനും ദേശീയപാത അതോറിറ്റി സമ്മതിച്ചു. എന്നാല്, ഈ നടപടി മാത്രം ഈ മേഖലയിലെ വൈദ്യുതി ആവശ്യകതകള് നിറവേറ്റാൻ പര്യാപ്തമല്ലെന്ന് കെഎസ്ഇബി നിലപാടെടുത്തതോടെയാണ് ഇത് കീറാമുട്ടിയായത്.
വെളിച്ചക്കുറവ് കാരണം ഈ പാതയില് അനധികൃതമായി മാലിന്യം തള്ളല്, തെരുവ് നായ ശല്യം, ക്രിമിനല് പ്രവർത്തനങ്ങള് എന്നിവ സാരമായി വർധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നു. 100 കോടി ചിലവഴിച്ച് നിർമ്മിച്ച പാതയിലാണ് ഈ ദുർഗതി. അധിക ട്രാൻസ്ഫോർമറുകള് സ്ഥാപിച്ചില്ലെങ്കില്, റോഡിനോട് ചേർന്നുള്ള പഞ്ചായത്തുകളിലെ ഏകദേശം 4000 വീടുകള്ക്ക് വൈദ്യുതി പ്രതിസന്ധി ഉണ്ടാവുമെന്ന കെഎസ്ഇബിയുടെ മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടികള്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR