ബംഗാളില് വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് വരെ എസ്ഐആര്; അവസരം ഒരുക്കി സുപ്രീംകോടതി
Newdelhi , 16 ഏപ്രില് (H.S.) പശ്ചിമ ബംഗാളില് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്മാരില് വ്യക്തത വരുത്തി സുപ്രീംകോടതി. 90 ലക്ഷം പേര് പുറത്തായ എസ്ഐആര് നടപടി ബംഗാള് തിരഞ്ഞെടുപ്പില് പ്രധാന ചര്ച്ചാ വിഷയമാണ്. ഒരു വിഭാഗത്തെ തിരഞ്ഞു പിടിച്ച് വോട്ട
Supreme Court


Newdelhi , 16 ഏപ്രില് (H.S.)

പശ്ചിമ ബംഗാളില് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്മാരില് വ്യക്തത വരുത്തി സുപ്രീംകോടതി.

90 ലക്ഷം പേര് പുറത്തായ എസ്ഐആര് നടപടി ബംഗാള് തിരഞ്ഞെടുപ്പില് പ്രധാന ചര്ച്ചാ വിഷയമാണ്. ഒരു വിഭാഗത്തെ തിരഞ്ഞു പിടിച്ച് വോട്ടര് പട്ടികയില് നിന്ന് നീക്കി എന്നാണ് തൃണമൂല് കോണ്ഗ്രസിന്റെ ആരോപണം.

വിഷയം കോടതിയില് ചൂടേറിയ വാദങ്ങള്ക്ക് ഇടയാക്കിയിരുന്നു. ഇന്ന് സുപ്രീംകോടതി നിര്ണായകമായ നിര്ദേശം തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയിരിക്കുകയാണ്. രണ്ട് ഘട്ടമായിട്ടാണ് ബംഗാളില് വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ ഒരു ദിവസം മുമ്ബ് വരെ എസ്ഐആര് പട്ടികയില് ഇടം നേടുന്നവര്ക്ക് തിരഞ്ഞെടുപ്പില് വോട്ട് ചെയ്യാന് അനുമതി നല്കണം എന്നാണ് കോടതി നിര്ദേശം.

142ാം അനുഛേദം അനുസരിച്ച് ഭരണഘടന അനുവദിച്ച പ്രത്യേക അധികാരം സുപ്രീംകോടതി വിനിയോഗിക്കുകയായിരുന്നു. എസ്ഐആര് പട്ടികയില് പുറത്താക്കപ്പെട്ടവര് അപ്പലറ്റ് ട്രൈബ്യൂണലില് രേഖകള് സമര്പ്പിക്കുന്ന തിരക്കിലാണ്. ലക്ഷക്കണക്കിന് ആളുകള് രേഖകള് സമര്പ്പിച്ചു കഴിഞ്ഞു. ഇവ ട്രൈബ്യൂണല് പരിശോധിച്ചുവരികയാണ്. ട്രൈബ്യണല് അനുമതി നല്കുന്നതിന് അനുസരിച്ച് എസ്ഐആര് പട്ടികയില് നിരവധി പേര് ചേര്ക്കപ്പെടുന്നുണ്ട്.

ഇത്തരത്തില് എസ്ഐആര് പട്ടികയില് പേര് ഉള്പ്പെടുന്ന എല്ലാവര്ക്കും വോട്ട് ചെയ്യാന് അനുമതി നല്കണം എന്നാണ് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നിര്ദേശം. ഏപ്രില് 23ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില് 21 വരെയും ഏപ്രില് 29ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങലില് 27 വരെയും പട്ടികയില് ഉള്പ്പെടുന്നവര്ക്ക് വോട്ട് ചെയ്യാം.

അവസാന ദിവസങ്ങളില് എസ്ഐആര് പട്ടികയില് ഉള്പ്പെടുന്നവരുടെ സപ്ലിമെന്ററി പട്ടിക പുറത്തിറക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്ദേശം നല്കി. നിര്ദിഷ്ട തിയ്യതിക്ക് ശേഷം എസ്ഐആര് പട്ടികയില് ഉള്പ്പെടാത്തവര്ക്ക് ഇത്തവണ വോട്ട് ചെയ്യാന് സാധിക്കില്ല. എസ്ഐആര് ജോലികളില് ഏര്പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്ക്കുള്ള സുരക്ഷ മുന്കൂര് അനുമതി വാങ്ങാതെ പിന്വലിക്കരുത് എന്നും കോടതി വ്യക്തമാക്കി.

ബംഗാളില് 91 ലക്ഷം പേരാണ് എസ്ഐആര് പട്ടികയില് നിന്ന് പുറത്താക്കപ്പെട്ടത്. ഇതിനെതിരെ 60 ലക്ഷത്തിലധികം അപ്പീല് സമര്പ്പിച്ചിരുന്നു. ഇക്കാര്യത്തില് വേഗത്തില് തീര്പ്പ് കല്പ്പിക്കാന് ബംഗാള്, ഒഡീഷ, ജാര്ഖണ്ഡ് എന്നിവിടങ്ങളിലെ 700ഓളം ജുഡീഷ്യല് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ചു. പട്ടികക്ക് പുറത്തുള്ളവരുടെ രേഖകള് പരിശോധിക്കുന്നതിന് പ്രത്യേക സമയപരിധി കോടതി തീരുമാനിച്ചിട്ടില്ല. ഉദ്യോഗസ്ഥര് വളരെ സാവധാനമാണ് രേഖകള് പരിശോധിക്കുന്നത് എന്ന ആരോപണവുമുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ബംഗാള് എസ്ഐആറുമായി ബന്ധപ്പെട്ട ഹര്ജികള് പരിഗണിച്ചത്. മാള്ഡ ജില്ലയില് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഗരാവോ ചെയ്ത കേസില് നിരവധി പേരെ എന്ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്ട്ടികളുമായി ബന്ധമുണ്ടോ എന്നു കോടതി ആരാഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News