Enter your Email Address to subscribe to our newsletters

New delhi, 16 ഏപ്രില്‍ (H.S.)
വനിതാ സംവരണ ഭേദഗതിയടക്കം മൂന്നു ബില്ലുകൾ ഇന്ന് പാർലമെന്റില്‍ കേന്ദ്രസർക്കാർ അവതരിപ്പിക്കും. ലോക്സഭാ സീറ്റ് എണ്ണം 850 ആക്കി വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ലും മണ്ഡല പുനര്‍നിര്‍ണയ കമ്മിഷന്‍ രൂപീകരണത്തിനുള്ള ബില്ലും നിയമ മന്ത്രി അർജുൻ റാം മേഘവാള്‍ ലോക്സഭയിൽ അവതരിപ്പിക്കും. ആഭ്യന്തരമന്ത്രി അമിത് ഷായാണ് നിയമസഭകളുള്ള കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് ബാധകമാകുന്ന വ്യവസ്ഥകളുടെ ഭേദഗതി ബില്‍ അവതരിപ്പിക്കുക.
അതിസുപ്രധാനമായ ബില്ലിൽ 18 മണിക്കൂർ നീളുന്ന ചർച്ചയാണ് ലോക്സഭയിൽ നിശ്ചയിച്ചിരിക്കുന്നത്. രാജ്യസഭയിൽ 15 മണിക്കൂറും ചർച്ച നടത്തും. ബില്ലിന്മേൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. നാളെ വൈകുന്നേരം നിയമ മന്ത്രിയോ ആഭ്യന്തരമന്ത്രിയോ ചർച്ചയ്ക്ക് മറുപടി നൽകി ബിൽ വോട്ടിനിടും.
വനിതാ സംവരണത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സർക്കാർ ബിൽ കൊണ്ടുവന്ന രീതിയിൽ പ്രതിഷേധിച്ച് മൂന്നു ബില്ലുകൾക്കെതിരെയും വോട്ട് ചെയ്യാനാണ് പ്രതിപക്ഷ തീരുമാനം. എല്ലായിടത്തും 50 ശതമാനം സീറ്റ് വർദ്ധിപ്പിച്ച് സർക്കാർ സമവായത്തിന് ശ്രമിക്കുന്നുണ്ട്. അതേസമയം രാജ്സഭയിൽ ഇന്ന് വിനോദ് താവ്ഡെയും നിതിൻ നബിനും അടക്കമുള്ളവർ സത്യപ്രതിജ്ഞ ചെയ്യും.
2029ലെ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വനിതാസംവരണം അനിവാര്യമെന്നാണ് പ്രധാനമന്ത്രിയുടെ കത്തിലുള്ളത്. എന്നാൽ വനിതാ സംവരണത്തിനൊപ്പമുള്ള മണ്ഡല പുനർനിർണയത്തെക്കുറിച്ച് ഒരു വിവരവും വെളിപ്പെടുത്താതെയാണ് പ്രധാനമന്ത്രി സഹകരണം തേടുന്നതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷം സർവകക്ഷിയോഗം വിളിക്കണമെന്ന ആവശ്യവും കോൺഗ്രസ് ആവർത്തിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കിടെ ബില്ലുകൾ പാസാക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. 2023ൽ വനിതാസംവരണ ബിൽ പാസാക്കുമ്പോൾ ഉടൻ നടപ്പാക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ ഇതിനു തയാറായില്ല. 30 മാസത്തിനു ശേഷം പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയാണ് ഇപ്പോൾ ബില്ലുകളുമായി മുന്നോട്ടുപോകുന്നതെന്ന് ഖർഗെ പറഞ്ഞു.
എന്നാല്‍ ഏറക്കുറെ എല്ലാ പാർട്ടികളുമായി സർക്കാർ കൂടിയാലോചന നടത്തിയെന്നും, ഇനിയും കൂടിയാലോചനകൾക്ക് സർക്കാർ സന്നദ്ധമാണെന്നും കേന്ദ്രം പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു ഖർഗെയ്ക്ക് അയച്ച കത്തിൽ പറയുന്നു. വനിതാ സംവരണം 2029ൽ നടപ്പാക്കുന്നതിനെ അനുകൂലിക്കുമെങ്കിലും ലോക്സഭാ സീറ്റുകൾ 50% കൂട്ടുന്നതിനെ സിപിഎം എതിർക്കും. സീറ്റു വർധന ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഫെഡറൽ സന്തുലിതാവസ്ഥയെയും വൈവിധ്യത്തെയും ദുർബലപ്പെടുത്തുമെന്ന് രാജ്യസഭയിലെ സിപിഎം കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. ലോക്‌സഭാ സീറ്റ് 50% വർധിപ്പിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് 200ൽ അധികം സീറ്റുകൾ ലഭിക്കും. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏകദേശം 65 സീറ്റുകൾ മാത്രമേ കൂടൂ എന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. മണ്ഡല പുനര്‍നിര്‍ണയത്തെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ പ്രസ്താവന.
നിലവിലുള്ള 543 ലോക്സഭാ സീറ്റുകളിൽ 33% സംവരണം ഏർപ്പെടുത്തുന്നതിനെ അനുകൂലിക്കുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. അതേസമയം 2011ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സീറ്റ് വർധനയെ എതിർക്കും. സീറ്റ് വർധിപ്പിക്കുന്നത് ഇപ്പോൾ നടക്കുന്ന സെൻസസിനെ അടിസ്ഥാനമാക്കി ആകണമെന്ന് എഎപി രാജ്യസഭാ കക്ഷി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
അതേസമയം, ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ആയിരുന്നത് 816 ആയി വർധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് വിവരം. അധികമായുള്ള 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. 16 മുതൽ 18 വരെ പാർലമെന്റിൽ ഹാജരായിരിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി എംപിമാർക്ക് ബിജെപിക്ക് വിപ്പ് നൽകി.
---------------
Hindusthan Samachar / Sreejith S