Enter your Email Address to subscribe to our newsletters

Nasik, 16 ഏപ്രില് (H.S.)
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) ഓഫീസിലെ ജീവനക്കാർക്കിടയിൽ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളെയും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളെയും തുടർന്ന് നഗരത്തിൽ വൻ പ്രതിഷേധം. സംഘർഷാവസ്ഥ കണക്കിലെടുത്ത് ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി നാസിക് ഓഫീസിലെ മുഴുവൻ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ (Work From Home) കമ്പനി നിർദ്ദേശിച്ചു.
ഗൗരവകരമായ ആരോപണങ്ങൾ
കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി. 2022 മുതൽ ഇത്തരം പ്രവണതകൾ നടക്കുന്നുണ്ടെന്നും എന്നാൽ എച്ച്.ആർ വിഭാഗം ഇത് അവഗണിക്കുകയായിരുന്നുവെന്നും ഇരകൾ ആരോപിക്കുന്നു. ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുക, മുസ്ലീം വേഷവിധാനങ്ങൾ ധരിക്കാൻ നിർബന്ധിക്കുക, നിസ്കരിക്കാൻ പ്രേരിപ്പിക്കുക തുടങ്ങിയ ഗൗരവകരമായ ആരോപണങ്ങളാണ് എഫ്.ഐ.ആറിൽ ഉള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യം വെച്ചാണ് ഇത്തരം നീക്കങ്ങൾ നടന്നതെന്ന് പോലീസ് സംശയിക്കുന്നു.
വനിതാ സംഘടനകളുടെ പ്രതിഷേധം
സംഭവത്തിൽ പ്രതിഷേധിച്ചു നാസിക്കിൽ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ വൻ ബൈക്ക് റാലി സംഘടിപ്പിച്ചു. 'രണരാഗിണി ജൻ ആകരോശ്' എന്ന പേരിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. കുറ്റക്കാർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും കടുത്ത ശിക്ഷ നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബിജെപി എംഎൽഎ ദേവയാനി ഫരാന്ദെ ഉൾപ്പെടെയുള്ള പ്രമുഖർ റാലിയിൽ പങ്കെടുത്തു.
പോലീസ് നടപടിയും അന്വേഷണവും
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഓപ്പറേഷൻസ് മാനേജർ, എ.ജി.എം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. എച്ച്.ആർ മാനേജർ നിദാ ഖാൻ നിലവിൽ ഒളിവിലാണ്. പീഡന പരാതികൾ ഒതുക്കിത്തീർക്കാൻ ഇവർ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് നാസിക് പോലീസ് എൻ.ഐ.എ (NIA), എ.ടി.എസ് (ATS) തുടങ്ങിയ ഏജൻസികളുടെ സഹായവും തേടിയിട്ടുണ്ട്.
ടി.സി.എസിന്റെ പ്രതികരണം
ആരോപണങ്ങൾ അതീവ ഗൗരവകരമാണെന്നും കമ്പനിയിൽ ഇത്തരം പ്രവണതകൾക്ക് 'സീറോ ടോളറൻസ്' നയമാണുള്ളതെന്നും ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പ്രതികരിച്ചു. ആരോപണവിധേയരായ ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ പ്രതിഷേധങ്ങൾ ഭയന്നാണ് ഓഫീസിന് താൽക്കാലികമായി അവധി നൽകി ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K