Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 ഏപ്രില്‍ (H.S.)
തിരുവനന്തപുരം: ഓട്ടിസം ചികിത്സാ രംഗത്ത് ശ്രദ്ധേയമായ നേട്ടവുമായി മലയാളി വികസിപ്പിച്ച ഹെർബൽ ഓയിൽ ഫോർമുലേഷന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഓട്ടിസം ചികിത്സയ്ക്കായി രൂപകൽപ്പന ചെയ്ത ഒരു ഹെർബൽ ഓയിൽ ഫോർമുലേഷന് പേറ്റന്റ് ലഭിക്കുന്നത്. സമാന വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇതിന് മുൻപ് ഒരു യു.എസ്. പേറ്റന്റ് മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പൂവത്തൂർ സ്വദേശിയായ ശ്രീ. ആർ.ആർ. രാഹുൽ ആണ് ഈ ഹെർബൽ ഓയിൽ ഫോർമുലേഷൻ വികസിപ്പിച്ചത്. ചിന്താർമണി വൈദ്യം, ശരനൂൽ ശാസ്ത്രം എന്നിവയിൽ ഗവേഷണം നടത്തുന്ന ഇദ്ദേഹം കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഓട്ടിസവുമായി ബന്ധപ്പെട്ട രോഗാവസ്ഥകളെക്കുറിച്ച് നടത്തുന്ന പഠനങ്ങളുടെ ഭാഗമായാണ് ഈ ഫോർമുലേഷൻ വികസിപ്പിച്ചത്.
നിരവധി ഓട്ടിസം രോഗികൾക്ക് ഈ ഹെർബൽ ഓയിൽ നൽകി ഫലപ്രാപ്തി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ 2022-ൽ ഇദ്ദേഹം പേറ്റന്റിനായി അപേക്ഷ നൽകി. തുടർന്ന് കേന്ദ്ര ബൗദ്ധിക സ്വത്തവകാശ കാര്യാലയം ശാസ്ത്രജ്ഞന്മാരുടെ മേൽനോട്ടത്തിൽ നടത്തിയ വിശദമായ പരിശോധനകൾക്കുശേഷം 2026 ജനുവരി 26-ന് പേറ്റന്റ് നമ്പർ 579434 പ്രകാരം ഈ ഹെർബൽ ഓയിൽ ഫോർമുലേഷന് ഇന്ത്യൻ പേറ്റന്റ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
കറുകപ്പുല്ല്, ചന്ദനം, രുദ്രാക്ഷം എന്നിവ ഉൾപ്പെടെയുള്ള ആയുർവേദ ഔഷധ ഘടകങ്ങൾ ഉപയോഗിച്ചാണ് ഈ ഹെർബൽ ഓയിൽ തയ്യാറാക്കിയത്.
പരിശോധനകളിൽ ഓട്ടിസവുമായി ബന്ധപ്പെട്ട വിവിധ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഈ ഫോർമുലേഷൻ ഫലപ്രദമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ പേറ്റന്റ് അനുവദിക്കപ്പെട്ടത്.
ഓട്ടിസം ചികിത്സാ രംഗത്ത് പുതിയ സാധ്യതകൾ തുറക്കുന്ന ഈ ഹെർബൽ ഓയിൽ ഫോർമുലേഷൻ ഒരു ചരിത്ര നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
---------------
Hindusthan Samachar / Sreejith S