Enter your Email Address to subscribe to our newsletters

Kochi, 17 ഏപ്രില്‍ (H.S.)
പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം പോളിങ് ഉദ്യോഗസ്ഥര്‍ നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ മറുപടി തേടി ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കാത്തതിനാല്‍ വോട്ട് ചെയ്യാനായില്ല എന്നാണ് ഹര്‍ജിയിലെ ആക്ഷേപം.
പരാതി നല്‍കിയിട്ടും കമ്മിഷന്‍ നടപടിയെടുത്തില്ല. കമ്മിഷന്‍ ഭരണഘടനാ അവകാശം നിഷേധിക്കുന്നുവെന്നും പോളിങ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മാസം ഇരുപത്തിയൊന്നാം തീയതിയ്ക്കകം തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകണം. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബഞ്ചിൻ്റേതാണ് നടപടി. കോഴിക്കോട് സ്വദേശികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ പോസ്റ്റൽ ബാലറ്റ് കിട്ടാത്തതിൽ ചില ഹർജികൾ വന്നിരുന്നുവെങ്കിലും ഹൈക്കോടതി അവ പ്രോത്സാഹിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിച്ച ശേഷം വീണ്ടും ഹർജി നൽകാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഇപ്പോഴത്തെ ഹർജിയിൽ വോട്ട് ചെയ്യാൻ ക്രമീകരണം ഉറപ്പു വരുത്തണമെന്ന ആവശ്യമടക്കം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 1 മുതൽ 8 വരെയായിരുന്നു പോസ്റ്റൽ വോട്ട് കാലാവധി.
21,156 ഉദ്യോഗസ്ഥര്‍ക്ക് പോസ്‌റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ജിഒ യൂണിയന്‍ അഭിഭാഷകൻ നേരത്തെ കോടതിയിൽ പരാതി നൽകിയിരുന്നു. ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ ബാലറ്റ് നല്‍കാന്‍ സാധ്യമായത് എല്ലാം ചെയ്‌തുവെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വാദം.
എൻജിഒ യൂണിയൻ്റെ ഹർജി പരിഗണിച്ച കോടതി എല്ലാവര്‍ക്കും പോസ്‌റ്റല്‍ ബാലറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും ആരുടെയും വോട്ടവകാശം തടയാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഇടക്കാല ഉത്തരവിറക്കി.
പോളിങ് ഉദ്യോഗസ്ഥരുടെയും പോളിങ് ഏജൻ്റുമാരുടെയും വോട്ടവകാശം തടയാനാവില്ലെന്നും ഇലക്ഷന്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നടപടിയെടുക്കണം എന്നും കോടതി നിർദേശിച്ചു. ഏപ്രിൽ ഒന്നാം തീയതി മുതൽ എട്ടാം തീയതി വരെയായിരുന്നു പോസ്റ്റൽ വോട്ട് രേഖപ്പെടുത്താനുള്ള സമയം.
പോസ്‌റ്റൽ ബാലറ്റ് എത്തിയില്ല എന്ന കാരണത്താൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ജോലിയ്ക്ക് നിയോഗിച്ച 1,083 ജീവനക്കാർക്ക് വോട്ടു ചെയ്യാനായില്ല എന്നും റിപ്പോർട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ കണക്കെടുപ്പിലാണ് 1,083 പേർക്ക് വോട്ടുചെയ്യാനായില്ലെന്ന് കണ്ടെത്തിയത്.
---------------
Hindusthan Samachar / Sreejith S