Enter your Email Address to subscribe to our newsletters

Vizhinjam, 17 ഏപ്രില് (H.S.)
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഉണ്ടാകാൻ പോകുന്ന വൻ വ്യവസായ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തമിഴ്നാട് അതിവേഗ നടപടികളുമായി മുന്നോട്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ ഗുണഫലങ്ങൾ കേരളത്തിന് ലഭിക്കുന്നതിന് മുൻപേ തന്നെ അയൽ സംസ്ഥാനമായ തമിഴ്നാട് അതിർത്തി ജില്ലകളിൽ വൻതോതിൽ ഭൂമി ഏറ്റെടുത്ത് വ്യവസായ പാർക്കുകൾ സജ്ജമാക്കിക്കഴിഞ്ഞു. കേരളത്തിൽ ഭൂമി ലഭ്യതയില്ലാത്തതിനാൽ നിക്ഷേപകർ വലയുമ്പോഴാണ് തമിഴ്നാടിന്റെ ഈ നീക്കം.
തമിഴ്നാടിന്റെ മാസ്റ്റർ പ്ലാൻ
വിഴിഞ്ഞം തുറമുഖത്തിന് വെറും 100 മുതൽ 150 കിലോമീറ്റർ മാത്രം അകലെയുള്ള കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, മധുര തുടങ്ങിയ ജില്ലകളിലായി ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് തമിഴ്നാട് സർക്കാർ ഇതിനോടകം ഏറ്റെടുത്തത്. നങ്കുനേരിയിൽ മാത്രം നാല് വ്യവസായ പാർക്കുകൾക്കായി 2260 ഏക്കർ ഭൂമി സജ്ജമാക്കിയിട്ടുണ്ട്. മുലക്കരൈപ്പട്ടിയിൽ 1060 ഏക്കർ ഏറ്റെടുത്തു കഴിഞ്ഞു. മറ്റ് രണ്ട് സ്ഥലങ്ങളിലായി 2000 ഏക്കർ കൂടി ഏറ്റെടുക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്.
നിക്ഷേപകരെ ആകർഷിക്കാൻ ഏക്കറിന് വെറും 30 ലക്ഷം രൂപ നിരക്കിൽ 99 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകാനാണ് തമിഴ്നാടിന്റെ തീരുമാനം. കൂടാതെ നാലുവരിപ്പാത, റെയിൽവേ കണക്റ്റിവിറ്റി, വൈദ്യുതി, മാലിന്യ സംസ്കരണ സംവിധാനം എന്നിവയെല്ലാം വ്യവസായ പാർക്കുകളിൽ അവർ ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ മെല്ലെപ്പോക്ക്
വിഴിഞ്ഞം തുറമുഖത്ത് നിക്ഷേപം നടത്താൻ താല്പര്യം പ്രകടിപ്പിച്ച് 50 ലേറെ വൻകിട സംരംഭകർ തുറമുഖ കമ്പനിയെ സമീപിച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ് പാർക്കുകൾക്കും വെയർഹൗസുകൾക്കുമായി ഇവർക്ക് ഏകദേശം 600 ഏക്കർ ഭൂമി ആവശ്യമാണ്. കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ നൂറേക്കറോളം ഭൂമി ആവശ്യപ്പെട്ടെങ്കിലും കേരളത്തിൽ ഇതുവരെ വെറും 20 ഏക്കർ മാത്രമാണ് കണ്ടെത്താനായത്.
കഴിഞ്ഞ വർഷം നടന്ന വിഴിഞ്ഞം കോൺക്ലേവിൽ നിക്ഷേപ വാഗ്ദാനം നൽകിയവർക്കും ഭൂമി ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. 230 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടിവരും. നിലവിൽ കേരളത്തിൽ വ്യവസായ ആവശ്യങ്ങൾക്കായി ഭൂമി ലഭിക്കണമെങ്കിൽ സെന്റിന് 15 ലക്ഷം രൂപ വരെ നൽകേണ്ടി വരുന്നത് സംരംഭകരെ പിന്നോട്ട് വലിക്കുന്നു.
തൊഴിലവസരങ്ങൾ നഷ്ടമായേക്കും
വിഴിഞ്ഞം തുറമുഖം പൂർണ്ണതോതിൽ സജ്ജമാകുമ്പോൾ അനുബന്ധ വ്യവസായങ്ങളിലൂടെ പതിനായിരത്തോളം പേർക്ക് നേരിട്ടും ലക്ഷക്കണക്കിന് പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ലോജിസ്റ്റിക്സ് പാർക്കുകളും കണ്ടെയ്നർ സ്റ്റേഷനുകളും തമിഴ്നാട്ടിലേക്ക് മാറിയാൽ ഈ തൊഴിലവസരങ്ങൾ കേരളത്തിന് നഷ്ടമാകും. പ്രമുഖ കാർ കമ്പനിയായ വിൻഫാസ്റ്റ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് മാറിയത് ഇതിന്റെ ആദ്യ സൂചനയാണെന്ന് ചേംബർ ഓഫ് കൊമേഴ്സ് ചൂണ്ടിക്കാട്ടുന്നു.
ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസവും ഉയർന്ന വിലയും പരിഹരിച്ചില്ലെങ്കിൽ വിഴിഞ്ഞം പദ്ധതിയുടെ സാമ്പത്തിക നേട്ടം ഭൂരിഭാഗവും തമിഴ്നാട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് വ്യവസായ ലോകം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിഴിഞ്ഞത്തെ ഈ വികസന മുരടിപ്പ് ഒരു പ്രധാന ചർച്ചാവിഷയമായി മാറാൻ സാധ്യതയുണ്ട്.
---------------
Hindusthan Samachar / Roshith K