മണ്ഡല പുനർനിർണ്ണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യം; ശശിതരൂർ
New delhi ,7 ഏപ്രില്‍ (H.S.) ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ശശി തരൂർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ നടപടിയെന്ന് ശശി തരൂർ പറഞ്ഞു. നോട്ട് നിരോധനം നടപ്പിലാക്കാനായി കേന്ദ്രസർക്കാർ കാണിച്ച അതേതിടുക്ക
Shashi Tharoor


New delhi ,7 ഏപ്രില്‍ (H.S.)

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ശശി തരൂർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണ നടപടിയെന്ന് ശശി തരൂർ പറഞ്ഞു. നോട്ട് നിരോധനം നടപ്പിലാക്കാനായി കേന്ദ്രസർക്കാർ കാണിച്ച അതേതിടുക്കമാണ് മണ്ഡല പുനർനിർണ്ണയത്തിലും കാണിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. മണ്ഡല പുനർനിർണ്ണയത്തെ നോട്ടുനിരോധനവുമായി ബന്ധപ്പെടുത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കൽ ഡീമോണിറ്റൈസേഷൻ ( രാഷ്ട്രീയമായി അപ്രധാനമാക്കൽ ) ആണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് ലോക്‌സഭയിലെയും രാജ്യസഭയിലെയും നിലവിലുള്ള രാഷ്ട്രീയ സന്തുലിതാവസ്ഥയെ പൂർണ്ണമായും തകിടം മറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വനിതാ സംവരണത്തെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നത് സംവരണത്തെ ബന്ദിയാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് വലിയ ഭീഷണിയാണ് മണ്ഡല പുനർനിർണ്ണയമെന്ന് തരൂർ മുന്നറിയിപ്പ് നൽകി. ജനസംഖ്യാ നിയന്ത്രണം പോലുള്ള ദേശീയ ലക്ഷ്യങ്ങൾ കൃത്യമായി നടപ്പിലാക്കിയ കേരളവും തമിഴ്‌നാടും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പുതിയ പരിഷ്കാരത്തോടെ രാഷ്ട്രീയമായി പാർശ്വവൽക്കരിക്കപ്പെടാൻ സാധ്യതയുണ്ട്. ജനസംഖ്യ നിയന്ത്രിക്കാൻ പരാജയപ്പെട്ട സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ കരുത്ത് നൽകുന്നത് വഴി മികച്ച ഭരണത്തിന് ലഭിക്കുന്ന ശിക്ഷയായി ഇത് മാറും. ഭരണത്തിലെ മികവ് രാഷ്ട്രീയമായി പ്രസക്തിയില്ലാതാകുന്ന അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ എഞ്ചിനുകളായി പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളുടെ ശബ്ദം പുതിയ പുനർനിർണ്ണയത്തോടെ ദുർബലമാകുമെന്ന് തരൂർ പറഞ്ഞു. കേന്ദ്ര ഖജനാവിലേക്ക് വലിയ പങ്ക് നൽകുന്ന സംസ്ഥാനങ്ങൾ പുതിയ തീരുമാനത്തോടെ സ്വന്തം രാജ്യത്ത് വെറും കാഴ്ചക്കാരായി മാറുന്ന അവസ്ഥയുണ്ടാകും. ഇത് വെറും ജനസംഖ്യാപരമായ ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിന് വഴിമാറുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കുറച്ച് വലിയ സംസ്ഥാനങ്ങൾ മാത്രം രാജ്യത്തിന്റെ വിധി നിർണ്ണയിക്കുന്ന സാഹചര്യം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോക്‌സഭയുടെ അംഗസംഖ്യ 850 ആയി ഉയർത്തുന്നതിനെ തരൂർ രൂക്ഷമായി എതിർത്തു. ഇത്രയും വലിയൊരു സഭ ലോകത്തൊരിടത്തും നിലവിലില്ലെന്നും ഇത് പാർലമെന്റിനെ അപ്രായോഗികമായ ഒരു വേദിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് സമ്മേളനങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇത്രയും കൂടുതൽ അംഗങ്ങൾക്ക് സംസാരിക്കാൻ മതിയായ സമയം ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, രാജ്യസഭയുടെ അംഗബലം വർദ്ധിപ്പിക്കാതെ ലോക്‌സഭയുടേത് മാത്രം ഉയർത്തുന്നത് സംയുക്ത സമ്മേളനങ്ങളിലും രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ലോക്‌സഭയുടെ അമിതമായ ആധിപത്യത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News