എടത്വായിൽ പൂക്കടയ്ക്ക് തീപിടിച്ച് പൂർണമായി കത്തിനശിച്ചു.
Alappuzha , 18 ഏപ്രില് (H.S.) എടത്വായിൽ പൂക്കടയ്ക്ക് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. എടത്വ ജങ്ഷനിലെ സെൻ്റ് ജോർജ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന തെക്കേടത്ത് ഫ്ലവർ ഷോപ്പിലാണ് വൻ തീപിടിത്തമുണ്ടായത്. പുലർച്ചെ നാലിനാണ് സംഭവം. തീപിടിത്തത്തിൽ അഞ
Fire accident


Alappuzha , 18 ഏപ്രില് (H.S.)

എടത്വായിൽ പൂക്കടയ്ക്ക് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. എടത്വ ജങ്ഷനിലെ സെൻ്റ് ജോർജ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന തെക്കേടത്ത് ഫ്ലവർ ഷോപ്പിലാണ് വൻ തീപിടിത്തമുണ്ടായത്. പുലർച്ചെ നാലിനാണ് സംഭവം. തീപിടിത്തത്തിൽ അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. കടയ്ക്കുള്ളിൽനിന്ന് വലിയ രീതിയിൽ പുക പുറത്തേക്ക് വരുന്നത് എടത്വ പള്ളിയുടെ സെക്യൂരിറ്റി ജീവനക്കാരനായ ബേബിയുടെ ശ്രദ്ധയിൽപ്പെട്ടതാണ് അപകടത്തിൻ്റെ വ്യാപ്തി കുറയ്ക്കാൻ നിർണായകമായത്.

ഇദ്ദേഹം ഉടൻതന്നെ വാർഡ് മെമ്പറും പള്ളിയുടെ കൈക്കാരനുമായ മനോജ് മാത്യു പുത്തൻവീട്ടിലിനെ വിവരമറിയിച്ചു. തുടർന്ന് മനോജ് കടയുടമയായ സ്കറിയ ടി.എയെയും (സാജു) ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പുലർച്ചെ സമയമായതിനാൽ പരിസരത്ത് ആളുകൾ കുറവായിരുന്നത് തുടക്കത്തിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.

വിവരമറിഞ്ഞ് ഉടൻതന്നെ കടയുടമയായ സാജുവും മനോജും സ്ഥലത്തെത്തി. ഇരുവരും ചേർന്ന് കടയുടെ ഷട്ടർ തുറക്കാൻ ശ്രമിച്ചെങ്കിലും കനത്ത ചൂടുകാരണം സാധിച്ചില്ല. പിന്നീട് ഫയർഫോഴ്സും പൊലീസും ഓടിക്കൂടിയ നാട്ടുകാരും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തനം സാധ്യമായത്. ഏറെ പണിപ്പെട്ട് ഷട്ടർ പകുതിയോളം ഉയർത്തിയശേഷമാണ് അതിവേഗം തീ നിയന്ത്രണവിധേയമാക്കിയത്. കോംപ്ലക്സിലെ മറ്റ് കടകളിലേക്ക് തീ പടരുന്നത് തടയാനായത് വലിയൊരു അപകടമാണ് ഒഴിവാക്കിയത്. തൊട്ടടുത്ത് മറ്റ് ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

തീപിടിത്തത്തിൽ കടയ്ക്കുള്ളിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും പൂർണമായി കത്തിനശിച്ചു. വിലപിടിപ്പുള്ള അലങ്കാര വസ്തുക്കളും പൂക്കളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ സാജു വ്യക്തമാക്കി. വിവിധ ചടങ്ങുകൾക്കായി സൂക്ഷിച്ചിരുന്ന വിലകൂടിയ അലങ്കാര സാമഗ്രികളും ഇതിൽ ഉൾപ്പെടുന്നു. തീ നിയന്ത്രിക്കാൻ അൽപംകൂടി വൈകിയിരുന്നെങ്കിൽ ഷോപ്പിങ് കോംപ്ലക്സിലെ മറ്റ് ഭാഗങ്ങളിലേക്കും അതിവേഗം തീ പടർന്ന് വൻ ദുരന്തം സംഭവിച്ചേനെ.

തീപിടിത്തത്തിൻ്റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് ഫയർഫോഴ്സിൻ്റെയും പൊലീസിൻ്റെയും പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തെ തുടർന്ന് പുലർച്ചെ വലിയ രീതിയിലുള്ള പുക ഉയർന്നത് പ്രദേശവാസികളിലും വ്യാപാരികളിലും പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കെട്ടിടത്തിലേക്കും സമീപത്തേക്കുമുള്ള വൈദ്യുതി ബന്ധം താത്കാലികമായി വിച്ഛേദിച്ചു. ഫയർഫോഴ്സിൻ്റെയും അധികൃതരുടെയും വിശദമായ പരിശോധനകൾക്ക് ശേഷമാണ് പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. കൃത്യസമയത്ത് വിവരം അധികൃതരെ അറിയിച്ചതും ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലുമാണ് ദുരന്തം വഴിമാറാൻ കാരണമായത്. വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്ത സാധ്യത ഏറുന്ന സാഹചര്യത്തിൽ ഇത്തരം വാണിജ്യ കെട്ടിടങ്ങളിൽ കർശന സുരക്ഷാ പരിശോധനകൾ നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News