ഡ്യൂട്ടിക്കിടയില് ഡോക്ടര്ക്ക് മര്ദ്ദനം; പ്രതിഷേധവുമായി കെ.ജി.എം.ഒ.എ
Kochi , 18 ഏപ്രില് (H.S.) പള്ളുരുത്തി ഗവ. താലൂക്ക് ആശുപത്രിയിലെ ഇ.എന്.ടി സര്ജനും കൊച്ചിന് ഐ.എം.എയുടെ മുന് പ്രസിഡന്റും കെ.ജി.എം.ഒ.എയുടെ പ്രമുഖ നേതാവുമായ ഡോ. എം. എം ഹനീഷിനെ ഡ്യൂട്ടിക്കിടയില് രോഗിയുടെ ബന്ധു അകാരണമായി മര്ദ്ദിച്ച സംഭവത്തിനെതിരെ പ്രതിഷ
ഡോക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധം


Kochi , 18 ഏപ്രില് (H.S.)

പള്ളുരുത്തി ഗവ. താലൂക്ക് ആശുപത്രിയിലെ ഇ.എന്.ടി സര്ജനും കൊച്ചിന് ഐ.എം.എയുടെ മുന് പ്രസിഡന്റും കെ.ജി.എം.ഒ.എയുടെ പ്രമുഖ നേതാവുമായ ഡോ. എം. എം ഹനീഷിനെ ഡ്യൂട്ടിക്കിടയില് രോഗിയുടെ ബന്ധു അകാരണമായി മര്ദ്ദിച്ച സംഭവത്തിനെതിരെ പ്രതിഷേധവുമായി കേരള ഗവണ്മെന്റ് മെഡിക്കല് ഓഫിസേഴ്സ് അസോസിയേഷന് (കെ.ജി.എം.ഒ.എ).

ചെവിയില് ഇട്ട സ്റ്റഡ് പഴുത്തതിനെ തുടര്ന്നാണ് വെള്ളിയാഴ്ച (17.04.26) പെണ്കുട്ടി ചികില്സ തേടി അമ്മയ്ക്കൊപ്പം ആശുപത്രിയിലെ ഒപി വിഭാഗത്തില് എത്തിയത്. തുടര്ന്ന് ഡോ.എം. എം ഹനീഷ് ചെവിയില് നിന്നും പഴുത്ത് മൂടി നിന്ന സ്റ്റഡ് നീക്കം ചെയ്യാന് ശ്രമിക്കുന്നതിനിടയില് വേദനയെടുത്തുവെന്നാരോപിച്ച് പെണ്കുട്ടിയും അമ്മയും ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുകയായിരുന്നു. തുടര്ന്ന് ഡോക്ടര് മറ്റു രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടയില് പെണ്കുട്ടിയുടെ സഹോദരന് ഉള്ളിലേക്ക് ഇടിച്ചുകയറി വന്ന് അസഭ്യവര്ഷം നടത്തിക്കൊണ്ട് ഡോ. ഹനീഷിനെ കഴുത്തിന് കുത്തിപ്പിടിച്ച് ആക്രമിക്കുകയായിരുന്നു.

ഒപിയിലുണ്ടായിരുന്ന മറ്റു രോഗികളും ജീവനക്കാരും ചേര്ന്നാണ് ഡോക്ടറെ രക്ഷപെടുത്തിയത്. തുടര്ന്ന് ഡോക്ടര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. ഡോ. എം. എം ഹനീഷിനെതിരെയുണ്ടായ ആക്രമണം ഒരു തരത്തിലും അംഗീകരിക്കാന് കഴിയില്ലെന്നും ഡോക്ടര്മാര്ക്കും ആരോഗ്യ പ്രവര്ത്തകര്ക്കും മതിയായ സംരക്ഷണം ഒരുക്കി നല്കണമെന്നും ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില് ആശുപത്രിയില് പ്രതിഷേധം സംഘടിപ്പിച്ചു.

കെ.ജി.എം.ഒ.എ ജില്ലാ ട്രഷറര് ഡോ. സിസി തങ്കച്ചന് യോഗം ഉദ്ഘാടനം ചെയ്തു. ഡോ. മേരി സുനിത, ഡോ. ആദില് മുഹമ്മദ് പി. എസ്, ഡോ. അനുപമ, കെ.ജി.എന്.എ പ്രതിനിധി എല്ദോ സാബു തുടങ്ങിയവര് സംസാരിച്ചു. രാവും പകലും നോക്കാതെ ജോലി ചെയ്യുന്ന ഡോക്ടര്മാര് ഉള്പ്പെടെയുള്ളവരെ ഇത്തരത്തില് ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. ടി. സുധാകര്, സെക്രട്ടറി ഡോ. കാര്ത്തിക്ക് ബാലചന്ദ്രന് എന്നിവര് പറഞ്ഞു.

ചികില്സയില് എന്തെങ്കിലും പരാതിയുണ്ടെങ്കില് മേലധികാരികളെയോ പോലീസിനെയോ സമീപിക്കുകയാണ് വേണ്ടത് അല്ലാതെ ഇത്തരത്തില് നിയമം കയ്യിലെടുത്ത് ആക്രമണം നടത്തുകയല്ല ചെയ്യേണ്ടതെന്നും ഇവര് വ്യക്തമാക്കി.കെ.ജി.എം.ഒ.എ ജില്ലാ ട്രഷറര് ഡോ. സിസി തങ്കച്ചന് ഉദ്ഘാടനം ചെയ്യുന്നു. ഡോ. മേരി സുനിത, ഡോ. ആദില് മുഹമ്മദ് പി. എസ്, ഡോ. അനുപമ, എല്ദോ സാബു, ഡോ. അനീഷ് എസ്. കെ തുടങ്ങിയവര് പങ്കെടുത്തു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News