വനിതാ സംവരണ ബിൽ : പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
New delhi, 18 ഏപ്രില്‍ (H.S.) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. വനിതാ സംവരണ ബിൽ പാർലമെന്‍റിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. നിർണായകമായ ഭരണഘടനാ (131-ാം ഭേദഗതി) ബിൽ ലോക്
PM Modi (File)


New delhi, 18 ഏപ്രില്‍ (H.S.)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. വനിതാ സംവരണ ബിൽ പാർലമെന്‍റിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. നിർണായകമായ ഭരണഘടനാ (131-ാം ഭേദഗതി) ബിൽ ലോക്സഭയിൽ പരാജയപ്പെട്ട് കൃത്യം ഒരു ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഈ നീക്കം.

ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, വനിതാ സംവരണത്തെ എതിർത്ത പ്രതിപക്ഷത്തിന്‍റെ നടപടി രാജ്യത്തെ സ്ത്രീകൾക്കെതിരെയുള്ള വഞ്ചനയാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷം വലിയൊരു തെറ്റാണ് ചെയ്തതെന്നും ഇതിന്‍റെ പ്രത്യാഘാതങ്ങൾ അവർ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ സന്ദേശം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഓരോ വ്യക്തിയിലേക്കും എത്തിക്കണമെന്ന് അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വനിത സംവരണ ബില്‍ തന്നെയാണോ പ്രധാനമായും പ്രധാനമന്ത്രി ഉന്നയിക്കുക എന്നതില്‍ വ്യക്തതയില്ല.

2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം പ്രായോഗികമാക്കുന്നതിനായി ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ൽ നിന്ന് 816 ആയി ഉയർത്താനായിരുന്നു കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ലിന്മേൽ വെള്ളിയാഴ്ച രാത്രിയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിൽ പങ്കെടുത്ത 528 അംഗങ്ങളിൽ 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് (352 വോട്ടുകൾ) 54 വോട്ടുകളുടെ കുറവുണ്ടായതോടെ ബിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെ, ഈ ബില്ലുമായി ബന്ധിപ്പിച്ചിരുന്ന മറ്റ് രണ്ട് ബില്ലുകൾ (മണ്ഡല പുനർനിർണ്ണയ ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ ഭേദഗതി ബില്ലും) വോട്ടെടുപ്പിന് വെക്കാതെ സർക്കാർ പിൻവലിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News