Enter your Email Address to subscribe to our newsletters

Newdelhi , 18 ഏപ്രില് (H.S.)
വനിത സംവരണ ബിൽ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കാതെ ഉടൻ നടപ്പാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. നിലവിലെ ലോക്സഭയിലെ 543 സീറ്റുകളിൽ 33 ശതമാനം സംവരണം നൽകി ബിൽ പ്രാവർത്തികമാക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം പാർലമെൻ്റ് പാസാക്കിയ നിയമത്തിൽ അടിയന്തര ഭേദഗതികൾ വരുത്തി 2029നകം യാഥാർഥ്യമാക്കാൻ സർക്കാർ തയാറായാൽ പ്രതിപക്ഷം പൂർണ പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി. ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികൾക്കും ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണുള്ളതെന്നും പ്രിയങ്ക പറഞ്ഞു.
ഗൂഢലക്ഷ്യം പൊളിഞ്ഞു
വനിത സംവരണ ബില്ലിൻ്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനാണ് കേന്ദ്ര സർക്കാർ നീക്കം. ബിൽ അവതരിപ്പിച്ച രീതിയും അതിനൊപ്പം മണ്ഡല പുനർനിർണയം, സെൻസസ് തുടങ്ങിയവ കൂട്ടിച്ചേർത്തതും പരിശോധിച്ചാൽ സർക്കാരിൻ്റെ യഥാർഥ ലക്ഷ്യം വ്യക്തമാകും. ബിൽ ഉടനടി നടപ്പാക്കാൻ കഴിയില്ലെന്ന് സർക്കാരിന് അറിയാമായിരുന്നു. കേവലം രാഷ്ട്രീയ ലാഭം മാത്രമാണ് അവർ ലക്ഷ്യമിട്ടത്. ജാതിവിവരങ്ങൾ പരിഗണിക്കാതെ സ്വന്തം താത്പര്യങ്ങൾക്ക് അനുസരിച്ച് മണ്ഡല പുനർനിർണയം നടത്താനുള്ള പൂർണ സ്വാതന്ത്ര്യമാണ് ബില്ലിലൂടെ നേടിയെടുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
സർക്കാരിൻ്റെ ഗൂഢലക്ഷ്യം പൊളിച്ചടുക്കാൻ കഴിഞ്ഞത് പ്രതിപക്ഷത്തിൻ്റെ വലിയ വിജയമാണ്. വനിതകളുടെ പേരിൽ ദീർഘകാലം ഭരണത്തിലിരിക്കാനുള്ള സർക്കാരിൻ്റെ ശ്രമമാണ് പരാജയപ്പെട്ടത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നത് സർക്കാരിനെ വലിയ രൂപത്തിൽ ഭയപ്പെടുത്തിയിട്ടുണ്ട്.
ബിൽ പാസാക്കാൻ സർക്കാരിന് ഇത്രത്തോളം ആത്മാർഥതയുണ്ടെങ്കിൽ സെൻസസിനോ പുനർനിർണയത്തിനോ കാത്തുനിൽക്കേണ്ടതില്ല. മറ്റു കാര്യങ്ങളുമായി ബന്ധിപ്പിച്ച് ബില്ലിനെ വഴിതിരിച്ചുവിടാൻ സർക്കാർ ശ്രമിക്കരുത്. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ് - പ്രിയങ്കാഗാന്ധി പറഞ്ഞു.
അവകാശവാദങ്ങൾ വെറും പിആർ
വനിതകളുടെ സംരക്ഷകരെന്ന പേരിൽ പാർലമെൻ്റിൽ സർക്കാർ നടത്തുന്ന അവകാശവാദങ്ങൾ വെറും പിആർ വർക്കുകൾ മാത്രമാണ്. ബിൽ പാസായാൽ തങ്ങളുടെ വിജയമായി ചിത്രീകരിക്കാമെന്നും പരാജയപ്പെട്ടാൽ മറ്റു പാർട്ടികളെ സ്ത്രീവിരുദ്ധരായി മുദ്രകുത്താമെന്നുമാണ് കേന്ദ്രം കരുതിയത്. എന്നാൽ വനിതകളുടെ മിശിഹ ആകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പ്രിയങ്ക പരിഹസിച്ചു.
ഉന്നാവോ, ഹാഥ്രസ്, മണിപ്പൂർ എന്നിവിടങ്ങളിലും ഡൽഹിയിൽ ഒളിമ്പിക്സ് താരങ്ങൾ സമരം ചെയ്തപ്പോഴും തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ വനിതകളുടെ മിശിഹ ആകാൻ ശ്രമിക്കുന്നത്. വെറും മീഡിയ മാനേജ്മെൻ്റുകൾ കൊണ്ട് സ്ത്രീകളെ ഇനി കബളിപ്പിക്കാനാകില്ല.
പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെ പിന്തുണച്ചത് കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടിയായി. ചരിത്രത്തിലാദ്യമായി സർക്കാരിന് പ്രതിപക്ഷത്തുനിന്ന് ശക്തമായ പ്രഹരമേറ്റു. ഇതിലെ നിരാശകൊണ്ടാണ് കേന്ദ്ര സർക്കാർ ഇതിനെ കരിദിനമെന്ന് വിശേഷിപ്പിച്ചത്. സർക്കാരിന് കിട്ടേണ്ട കൃത്യമായ തിരിച്ചടി തന്നെയാണിതെന്നും വയനാട് എംപി പ്രിയങ്കാഗന്ധി ഓർമപ്പിച്ചു.
വ്യാജ പ്രചാരണങ്ങൾ വിലപ്പോവില്ല
പ്രതിപക്ഷം സ്ത്രീവിരുദ്ധരാണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കും ബിജെപി നടത്തുന്ന പ്രചാരണങ്ങൾക്കും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല. സ്വതന്ത്ര ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ഉറപ്പാക്കാൻ കഴിഞ്ഞത് കോൺഗ്രസിൻ്റെ വലിയ നേട്ടമാണ്. രാജീവ് ഗാന്ധി സർക്കാരിൻ്റെ കാലത്ത് തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയ ചരിത്രവും കോൺഗ്രസിനുണ്ടെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.
രാജ്യത്തെ സാധാരണക്കാർ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പാചകവാതകം, പച്ചക്കറി, പഴങ്ങൾ തുടങ്ങിയവയുടെ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കി. ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകളും വിലക്കയറ്റത്തിൻ്റെ ദുരിതം അനുഭവിക്കുന്നുണ്ട്. എന്നാൽ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
സർക്കാരിൻ്റെ പ്രവർത്തനങ്ങളും പ്രഖ്യാപനങ്ങളും തമ്മിലുള്ള അന്തരം ജനങ്ങൾക്ക് നന്നായി അറിയാം. മഹിള മോർച്ചയെ ഉപയോഗിച്ച് സർക്കാർ നടത്തുന്ന നാടകങ്ങൾ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. സ്വന്തം വാക്കുകളിൽ ഉറച്ചുനിൽക്കാത്ത ഈ സർക്കാരിനെ സ്ത്രീകൾക്ക് വിശ്വസിക്കാൻ കഴിയില്ല. കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട് - പ്രിയങ്ക ഓർമിപ്പിച്ചു.
വാഗ്ദാനങ്ങളിലുള്ള വിശ്വാസം ജനങ്ങൾക്ക് പൂർണമായും നഷ്ടപ്പെട്ടു. പന്ത്രണ്ട് വർഷം മുൻപുള്ള സാഹചര്യമല്ല ഇന്ന് രാജ്യത്തുള്ളത്. കേന്ദ്ര സർക്കാർ വലിയ രാജ്യാന്തര സമ്മർദം നേരിടുന്നുണ്ടെന്നും വിദേശ രാജ്യങ്ങളുമായി നടത്തിയ ചില കരാറുകൾ ഇതിൻ്റെ തെളിവാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
അധികാരത്തിൻ്റെ ഉന്നതങ്ങളിൽ ഇരിക്കുമ്പോൾ ചുറ്റുമുള്ളവർ യാഥാർഥ്യം ഭരണാധികാരികളെ അറിയിക്കാറില്ല. പുതിയ കാലത്തെ ഇന്ത്യയുടെ മാറ്റങ്ങൾ മനസ്സിലാക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. നയപരമായ തിരുത്തലുകൾ വരുത്താതെ മുന്നോട്ട് പോയാൽ വരും നാളുകളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR