Enter your Email Address to subscribe to our newsletters

Newdelhi, 19 ഏപ്രില് (H.S.)
ന്യൂഡൽഹി/മനാമ: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കവെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സിന്റെ (IRGC) ആക്രമണം. ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെ വെടിവയ്പ്പുണ്ടായതോടെ രാജ്യാന്തര കപ്പൽ ഗതാഗതം സ്തംഭിച്ചു. ആക്രമണത്തിനിരയായ ഇന്ത്യൻ കപ്പലിൽ നിന്നുള്ള സന്ദേശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
നിങ്ങൾ അനുമതി നൽകിയതാണ്, ഇപ്പോൾ വെടിവെക്കുന്നു
ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ സൈന്യം നേരത്തെ അനുമതി നൽകിയിരുന്ന കപ്പലിന് നേരെയാണ് പിന്നീട് വെടിവയ്പ്പുണ്ടായത്. കപ്പലിലെ ക്യാപ്റ്റന്റെ ആതുരസന്ദേശം (Distress Call) ഇപ്പോൾ വൈറലായിരിക്കുകയാണ്. നിങ്ങൾ ഞങ്ങൾക്ക് പോകാൻ അനുമതി നൽകിയതാണ്. ഇപ്പോൾ നിങ്ങൾ ഞങ്ങൾക്ക് നേരെ വെടിവെക്കുന്നു. ദയവായി ഇത് നിർത്തൂ, എന്നായിരുന്നു ക്യാപ്റ്റന്റെ സന്ദേശം. കപ്പലിന് നേരെ വെടിവെപ്പ് തുടരുന്നതിനിടയിലായിരുന്നു ഈ അടിയന്തര സന്ദേശം കൈമാറിയത്.
സംഭവത്തിന്റെ പശ്ചാത്തലം
അമേരിക്കൻ ഉപരോധം ശക്തമാക്കിയതിനും ഇറാൻ യുദ്ധക്കപ്പലായ 'ദേന'യെ ആക്രമിച്ചതിനും പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാലോളം ഇന്ത്യൻ കപ്പലുകൾ ഈ മേഖലയിൽ യാത്ര തുടരാനാകാതെ മടങ്ങിപ്പോകാൻ നിർബന്ധിതരായി. ഇതിൽ രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിവയ്പ്പ് നടത്തിയതായാണ് റിപ്പോർട്ട്. എന്നാൽ ഒരു ഇന്ത്യൻ എണ്ണക്കപ്പൽ കടലിടുക്ക് കടന്ന് സുരക്ഷിതമായി നീങ്ങിയതായും വിവരമുണ്ട്.
ഇന്ത്യയുടെ ശക്തമായ പ്രതിഷേധം
സംഭവം അതീവ ഗൗരവത്തോടെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കാണുന്നത്. ന്യൂഡൽഹിയിലെ ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിവിൽ കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടത്തിയത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യൻ നാവികരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഇന്ത്യ അറിയിച്ചു. ആക്രമണത്തിൽ കപ്പലിലെ ജീവനക്കാർക്ക് പരിക്കേറ്റതായി നിലവിൽ റിപ്പോർട്ടുകളില്ല.
ആഗോള ആഘാതം
ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. ഇറാൻ ഈ പാത അടച്ചതോടെ ആഗോള എണ്ണ വിപണിയിലും കപ്പൽ ഗതാഗതത്തിലും വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. മേഖലയിൽ കുടുങ്ങിക്കിടക്കുന്ന രണ്ടായിരത്തിലധികം ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് 'ക്വിക് റെസ്പോൺസ് ടീം' രൂപീകരിച്ചിട്ടുണ്ട്.
നയതന്ത്ര പ്രതിസന്ധി
ഇറാനുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധത്തെ ഈ സംഭവം എങ്ങനെ ബാധിക്കുമെന്നാണ് നയതന്ത്ര വിദഗ്ധർ ഉറ്റുനോക്കുന്നത്. അമേരിക്കൻ ഉപരോധം അവസാനിക്കുന്നത് വരെ ഹോർമുസിൽ ഒരു രാജ്യത്തിന്റെയും കപ്പലുകളെ കടത്തിവിടില്ലെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ സമാധാനപരമായ വ്യാപാര കപ്പലുകളെ ലക്ഷ്യം വയ്ക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്കിൽ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യൻ നാവികസേനയും ഒരുങ്ങുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ വ്യാപാര മേഖലയെയും വലിയ തോതിൽ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
---------------
Hindusthan Samachar / Roshith K